ലോക സിനിമയ്ക്ക് മുന്നിൽ മലയാളത്തിന്റെ ചരിത്രമാകാൻ ഒരു കഥാപാത്രവും സിനിമയും എത്തുന്നു. 34 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ പ്രദർശനശാലകളെ ഇളക്കിമറിച്ച ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗം നവംബർ 29 തിങ്കളാഴ്ച എറണാകുളത്ത് ആരംഭിക്കും.
ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും ആയി ഒരു സിനിമയുടെ അഞ്ചാം ഭാഗം ഒരുങ്ങുന്നത് ലോക സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ്. ഗിന്നസ്റെക്കോർഡിൽ തന്നെ ഇടം പിടിക്കാവുന്ന അപൂർവ നേട്ടവുമായി ആണ് സിബിഐ ഒരുങ്ങുന്നത്.
മമ്മൂട്ടി എസ് എൻ സ്വാമി കെ മധു ടീം അഞ്ചാം തവണയും ഒന്നിക്കുമ്പോൾ സേതുരാമയ്യർ എന്ന കഥാപാത്രവും ആ സിനിമയും ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്. പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സേതുരാമയ്യർ എന്ന സിബിഐ ഓഫീസറുടെ അഞ്ചാം വരവിനായ് പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.
സ്വർഗ്ഗചിത്ര യുടെ ബാനറിൽ സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ നമ്പർ വൺ വിതരണ കമ്പനിയായിരുന്ന സ്വർഗ്ഗചിത്ര വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഈ ചിത്രത്തോടെ സ്വർഗ്ഗചിത്ര മലയാളത്തിൽ വീണ്ടും സജീവമാകുകയാണ്.
എസ്എൻ സ്വാമിയുടെ തിരക്കഥയിൽ k മധു വിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. 34 വർഷങ്ങൾക്കിപ്പുറവും സേതുരാമയ്യരുടെ അതേ രൂപവും ഭാവവും ചടുലതയും ആയാണ് മെഗാസ്റ്റാർ ഈ ചിത്രത്തിലും എത്തുന്നത്.
1988ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പ്രദർശനത്തിനെത്തുന്നത്. പ്രദർശനശാലകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ ഒരു സിബിഐ ഡയറിക്കുറിപ്പ് തമിഴ്നാട്ടിലും 100 ദിവസങ്ങൾ പ്രദർശിപ്പിച്ചു ചരിത്രം കുറിച്ചു. ആ വർഷത്തെ ഇൻഡസ്ട്രിയൽ ഹിറ്റായി മാറിയ ചിത്രമായിരുന്നു ഒരു സിബിഐ ഡയറിക്കുറിപ്പ്.
സിബിഐ ഡയറിക്കുറിപ്പ് നേടിയ വൻ സ്വീകാര്യത തൊട്ടടുത്ത വർഷം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്താൻ അണിയറക്കാരെ പ്രേരിപ്പിച്ചു. ജാഗ്രത എന്ന പേരിൽ എത്തിയ രണ്ടാംഭാഗവും ബോക്സ് ഓഫീസിൽ വിജയമായി.
പിന്നീട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 2004ലാണ് സിബിഐ സീരീസിലെ മൂന്നാം ഭാഗമായ സേതുരാമയ്യർ സിബിഐ എത്തുന്നത്. ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ സേതുരാമയ്യർ സിബിഐയ്ക്കു പുറകെ 2005 ൽ നേരറിയാൻ സിബിഐ എന്ന സീരീസിലെ നാലാം ഭാഗവും എത്തി. ഈ ചിത്രവും ഹിറ്റായി മാറി.

Fan made poster
നാലാം ഭാഗത്തിന് ശേഷം 16 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അഞ്ചാം ഭാഗം ചിത്രീകരണം ആരംഭിക്കുന്നത്. മുൻ ഭാഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ബാസ്ക്കറ്റ് കില്ലിംഗ് ലൂടെ മുന്നേറുന്ന ക്രൈം ത്രില്ലറായാണ് സിബിഐ 5 ഒരുക്കുന്നത്. വർഷങ്ങൾ എടുത്താണ് sn സ്വാമി ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. സിബിഐ ഒന്നാം ഭാഗത്തിൽ ഏറെ കൈയടി നേടിയ ജഗതി ശ്രീകുമാർ ആക്സിഡന്റ് നുശേഷം ആദ്യമായി ക്യാമറയ്ക്കു മുൻപിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടാകും.
സിബിഐ സീരീസിൽ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകർക്ക് ആവേശമാണ്. അഞ്ചാം ഭാഗത്തിന് പശ്ചാതല സംഗീതമൊരുക്കുന്നത് പുതിയ കാലത്തിന്റെ ആവേശമായ ജേക്സ് ബിജോയ് ആണ്. സിബിഐയുടെ സ്ഥിരം തീം മ്യൂസിക്കൽ തന്നെ പുതിയ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയാണ് ജേക്സ് ബിജോയ് സംഗീതമൊരുക്കിയിരിക്കുന്നത്.
അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ.
മമ്മൂട്ടിക്ക് പുറമേ ജഗതിശ്രീകുമാർ രഞ്ജി പണിക്കർ, സായ്കുമാർ, രമേശ് പിഷാരടി, മുകേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
നവംബർ 29 നാളെ എറണാകുളത്ത് ചിത്രീകരണമാരംഭിക്കുന്ന സിബിഐ അഞ്ചാം സീരീസിൽ മമ്മൂട്ടി ഡിസംബർ 10ന് ആയിരിക്കും ജോയിൻ ചെയുക.
