മമ്മൂട്ടി അഞ്ചാം തവണയും സിബിഐ ഓഫീസർ സേതുരാമയ്യരായി എത്തുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം നവംബർ 29 -നു പാലക്കാട് തുടങ്ങും.
മമ്മൂട്ടി എസ് എൻ സ്വാമി കെ മധു ടീം വീണ്ടും ഒന്നിക്കുന്ന സിബിഐ അഞ്ച് സ്വർഗ്ഗചിത്രയുടെ ബാനറിൽ സ്വർഗ്ഗചിത്ര അപ്പച്ചനാണ് നിർമ്മിക്കുന്നത്. വര്ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സ്വർഗ്ഗചിത്ര മലയാള ചലച്ചിത്ര നിമ്മാണ വിതരണ രംഗത്തേക്ക് തിരിച്ചുവരുന്ന സിനിമ കൂടിയാണ് സിബിഐ അഞ്ചാം ചിത്രം. ഒരേ നായകനും സംവിധായകനും തിരക്കഥാകൃത്തുമായി ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത് ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണ്.
നവാഗത സംവിധായിക രതീന ഒരുക്കിയ പുഴു പൂർത്തിയാക്കിയ മമ്മൂട്ടി, തെലുങ്ക് ചിത്രമായ ഏജന്റ് ന്റെ ആദ്യ ഷെഡ്യൂളിൽ പങ്കെടുക്കാൻ യൂറോപ്പിലേക്ക് തിരിക്കും. ഒരാഴ്ചത്തെ ചിത്രീകരണമാണ് അവിടെ പ്ലാൻ ചെയ്തിട്ടുള്ളത്. തിരിച്ചുവന്നാൽ ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും. പളനിയാണ് പ്രധാന ലൊക്കേഷൻ. ലിജോ ചിത്രം പൂർത്തിയാക്കിയ ശേഷം ഡിസംബർ ആദ്യവാരം മമ്മൂട്ടി സിബിഐ ചിത്രത്തിൽ ജോയിൻ ചെയ്യും.
സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിക്കുന്ന ചിത്രം 2022 ഏപ്രിലിൽ തിയേറ്റർ റിലീസ് ആയാണ് പ്ലാൻ ചെയ്യുന്നത്.
