സിബിഐ ചിത്രങ്ങളിലെ സേതുരമായ്യരെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കൈകൾ പുറകിൽ കെട്ടിയുള്ള ആ നടത്തം.. പ്രഭാത സവാരിക്കിടയിൽ പകർത്തിയ മമ്മൂട്ടിയുടെ ആ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സേതുരമായ്യരായി അഞ്ചാം വരവിനു തയ്യാറെടുക്കുകയാണോ മമ്മൂക്ക എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. എന്തായാലും കോവിഡ് കാലം തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തന്റെ പുതിയ ചിത്രം ഏതായിരിക്കും എന്ന് മമ്മൂട്ടി ഇതുവരെ അനൗൺസ് ചെയ്തിട്ടില്ല.
നീട്ടി വളർത്തിയ താടിയും മുടിയുമായി വ്യത്യസ്തമായ ലുക്കിലാണ് ഇപ്പോൾ മമ്മൂട്ടിയെ കാണാൻ സാധിക്കുന്നത്. ആരാധകർ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളെ വലിയ രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്.
എതാനും മാസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയ ജിമ്മിൽ വർക് ഔട്ട് ചെയ്യുന്ന ‘മസിൽ മാൻ മമ്മൂട്ടി’യിൽ നിന്നും തീർത്തും വ്യത്യസ്തമായി അല്പം മെലിഞ്ഞ മമ്മൂട്ടിയെയാണ് ഈ ഫോട്ടോയിൽ കാണുന്നത്. ശരീരം കാത്തു സൂക്ഷിക്കുന്നതിൽ എന്നും അപ്റ്റുഡേറ്റ് ആയ മമ്മൂട്ടിയുടെ പുതിയ ലുക്കും വൈറലായി മാറിക്കഴിഞ്ഞു.
മമ്മൂട്ടി ഇനി അഭിനയിക്കാൻ പോകുന്നത് സിബിഐ സീരിസിലെ അഞ്ചാം ഭാഗം ആണെന്നാണ് സൂചനകൾ. അതിനു മുൻപ് വൺ എന്ന ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾ അദ്ദേഹത്തിന് പൂർത്തിയാക്കാനുണ്ട്. ഒരു വനിതാ സംവിധായിക ഒരുക്കുന്ന ചിത്രത്തിലും മമ്മൂട്ടി വൈകാതെ അഭിനയിക്കുമെന്നും വാർത്തയുണ്ട്. ബിലാൽ, ന്യുയോർക്ക്, മുരളി ഗോപി ചിത്രം തുടങ്ങി ഒട്ടേറെ വമ്പൻ പ്രോജക്ടുകളും മമ്മൂട്ടിയെ കാത്തിരിക്കുന്നുണ്ട്.