സിബിഐ 5 ദി ബ്രെയിനിന്റെ ഡബ്ബിങ് പൂർത്തിയാക്കി മമ്മൂട്ടി. ഇന്നലെയാണ് മമ്മൂട്ടി ഡബ്ബിങ് പൂർത്തിയാക്കിയത്.
ഡബ്ബിങ് സ്റ്റുഡിയോവിൽ വച്ചു ചിത്രത്തിന്റെ റഷസ് കണ്ട മമ്മൂട്ടി ഏറെ സന്തോഷവാനാണ്. ചിത്രം ഗംഭീരമായി വന്നിരിക്കുന്നുഎന്നാണ് റഷസ് കണ്ടവരുടെയെല്ലാം അഭിപ്രായം.
സേതുരാമയ്യരായുള്ള മമ്മൂട്ടിയുടെസാന്നിധ്യം തന്നെയാണ്ചിത്രത്തിന്റെ ഹൈലൈറ്റ്. 34 വർഷങ്ങൾക്കിപ്പിറവും രൂപത്തിലും ഭാവത്തിലുംഒരേ കഥാപത്രമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുക എന്നത് ഏതൊരു നടനെ സംബന്ധിച്ചും അസാധ്യമായ വെല്ലുവിളിയാണ്. ആ വെല്ലുവിളിയാണ് മമ്മൂട്ടിയെ വച്ചു കെ മധു എസ് എൻ സ്വാമി ടീം ഏറ്റെടുത്തത്. അതിനവർക്ക് ധൈര്യം പകർന്നത് അഭിനയത്തിലും ഗ്ലാമറിലും ബോഡി മെയിന്റനൻസിലും എന്നും അപ്‌റ്റുഡേറ്റ് ആയി നിൽക്കുന്ന മമ്മൂട്ടി എന്ന വിസ്മയം തന്നെയാണ്.
ഒരേ സംവിധായകനും തിരക്കഥാകൃത്തും നടനും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി ഒന്നിക്കുക എന്നത് തന്നെ ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണ്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടും ആവേശത്തോടെയുമാണ് സേതുരാമയ്യരുടെ അഞ്ചാം വരവിനായി കാത്തിരിക്കുന്നത്. ഭീഷ്മ പർവത്തിന്റെ റെക്കോർഡ് വിജയത്തിന് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നാലു മാസത്തോളം എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഓരോ സീനും അത്രയ്ക്കും സൂക്ഷ്മതയോടു കൂടിയാണ് ചിത്രീകരിച്ചിട്ടുള്ളത്. പുതിയ കാലഘട്ടത്തിന്റെ സാങ്കേതിക മികവുകൾ കൂടി ചേരുമ്പോൾ അയ്യരുടെ അഞ്ചാം വരവ് കിടിലമാകും എന്നുറപ്പിക്കാം.
മമ്മൂട്ടിക്കൊപ്പം സായ്കുമാർ, രൺജി പണിക്കർ, മുകേഷ്, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, സൗബിൻ ഷാഹിർ, രമേഷ് പിഷാരടി, പ്രശാന്ത് അലക്സണ്ടർ, ആശാ ശരത് തുടങ്ങി വലിയൊരു താരനിര തന്നെ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ സിബിഐ സീരീസിലെ വിക്രമായി ജഗതി ശ്രീകുമാർ വീണ്ടും എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിബിഐ സീരീസിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് CBI -5 THE BRAIN. വർഷങ്ങൾക്കുശേഷം ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്തേക്കുള്ള സ്വർഗചിത്രയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. കോ. പ്രൊഡ്യൂസെഴ്‌സ് : സനീഷ് അബ്രഹാം, മനീഷ് എബ്രഹാം .എക്‌സി. പ്രൊഡ്യൂസർ : ബാബു ഷാഹിർ. PRO മഞ്ജു ഗോപിനാഥ്, മീഡിയ മാർക്കറ്റിംഗ് : മമ്മൂട്ടി ടൈംസ്.
റംസാൻ റിലീസായി ഏപ്രിൽ അവസാനം ചിത്രം തീയേറ്ററുകളിൽ എത്തും.
