പുതുതലമുറ സംവിധായകരെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ഇന്ത്യന്‍ സിനിമയില്‍ മുന്നില്‍ നില്‍ക്കുന്ന സൂപ്പര്‍താരമായ മമ്മൂട്ടി മലയാളത്തിന് വീണ്ടും പരിചയപ്പെടുത്തുന്ന നവാഗതസംവിധായകനാണ് ഗിരീഷ് ദാമോദര്‍. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ താന്‍ ആഗ്രഹിച്ചപോലെയൊരു സിനിമ. അതിന് അവസരം ലഭിച്ചപ്പോഴാണ് ഗിരീഷ് സഹസംവിധായകന്റെ കുപ്പായം ഉപേക്ഷിച്ച് പൂര്‍ണസംവിധായകന്റെ വേഷം അണിയുന്നത്. അതും മഹാനടന്‍ മമ്മൂട്ടിയിലൂടെ തന്റെ സിനിമമോഹം പൂവണിയുന്നു എന്നതിനേക്കാള്‍ തനിക്ക് സമൂഹത്തോട് പറയാനുള്ളത് കാലഘട്ടത്തിന്റെ നായകനിലൂടെ പറയാന്‍ കഴിയുന്നുവെന്നതാണ് അങ്കിള്‍ എന്ന ചിത്രത്തിലൂടെ സാധ്യമായിരിക്കുന്നത്. ജോയ് മാത്യൂ എന്ന പ്രതിഭയുടെ കരുത്തുറ്റ തിരക്കഥയില്‍ സമകാലീന സമൂഹം ആവശ്യപ്പെടുന്ന അങ്കിളിനെ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്ന ഗിരീഷ് തന്റെ സിനിമയെക്കുറിച്ചും സിനിമാ മോഹങ്ങളെക്കുറിച്ചും പങ്കുവെയ്ക്കുന്നു.
അങ്കിള്‍ തിയറ്റേറിലേക്ക് എത്തുകയാണ്. എങ്ങനെയാണ് താങ്കള്‍ അങ്കിളിലേക്ക് എത്തുന്നത് ?
ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ അത് ശ്രദ്ധിക്കപ്പെടുന്ന രീതിയിലായിരിക്കണമെന്നത് ഏത് നവാഗതസംവിധായകന്റെയും ആഗ്രഹമാണ്. അതുതന്നെയാണ് എനിക്കും ഉണ്ടായിരുന്നത്. സിനിമയോട് മോഹം ചെറിയ പ്രായത്തിലെ തന്നെ തോന്നിയതിനാലാണ് സിനിമ തന്നെ തെരഞ്ഞെടുത്തത്.പ്രമുഖ സംവിധായകരായ രജ്ഞിത്ത്, പത്മകുമാര്‍, ജോഷി, സുന്ദര്‍ദാസ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം 18 വര്‍ഷമായി സഹസംവിധായകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. സ്വന്തമായി സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എന്റെ മനസിനിണങ്ങിയ ഒരു സിനിമയ്ക്ക് അവസരം വന്നിരുന്നില്ല. എങ്ങനെയെങ്കിലും സംവിധായകന്‍ ആകണമെന്ന മോഹം എനിക്ക് ഇല്ലായിരുന്നു. സമൂഹത്തോട് സംവദിക്കാന്‍ കഴിയുന്ന കാലഘട്ടം ആഗ്രഹിക്കുന്ന ഒരു സിനിമയായിരുന്നു മനസില്‍. അതിന് വേണ്ടി കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാമായിരുന്നു. ഞാനും ജോയ് മാത്യുവും തമ്മില്‍ വര്‍ഷങ്ങളായിട്ടുള്ള സുഹൃത്ത് ബന്ധമാണ്.പിന്നീട് അദ്ദേഹം ഗള്‍ഫിലേക്ക് പോയി. അന്നൊക്കെ ഞാന്‍ സിനിമയില്‍ അസിസ്റ്റന്റ് ഡയരക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. ജോയ് മാത്യു ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലെത്തി ‘ഷട്ടര്‍’ സിനിമ ചെയ്തു. എന്റെ സ്വതന്ത്ര സിനിമയെ കുറിച്ച് അദ്ദേഹം എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു. നല്ലൊരു തിരക്കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. അങ്ങനെ എനിക്ക് വേണ്ടി ഒരു തിരക്കഥ എഴുതാം എന്ന് അദ്ദേഹം എന്നോട് ഇങ്ങോട്ട് പറയുകയുണ്ടായി. അതെനിക്ക് വലിയ സന്തോഷമായി. അന്നുമുതല്‍ അദ്ദേഹത്തിന്റെ കൂടെ തന്നെയായിരുന്നു ഞാന്‍. കുറേ വിഷയങ്ങളൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പിന്നീട് ഒരു യാത്രയ്ക്കിടെയാണ് ജോയ് മാത്യു ‘അങ്കിള്‍’ എന്ന കഥയുടെ ഒരു വണ്‍ലൈന്‍ പറയുന്നത്. കഥ ഇഷ്ടപ്പെട്ടതോടെ അദ്ദേഹം തിരക്കഥയിലേക്ക് കടന്നു. പിന്നീട് വളരെ വേഗത്തിലാണ് അങ്കിള്‍ സിനിമയുടെ പ്രവര്‍ത്തനം നീങ്ങിയത്.
അങ്കിളിലേക്ക് മമ്മൂട്ടിയെന്ന മെഗാസ്റ്റാര്‍ കടന്നുവരുന്നത് ?
അങ്കിളിന്റെ ആദ്യ ചര്‍്ച്ചകളിലൊന്നും മമ്മൂക്ക ഉണ്ടായിരുന്നില്ല. മമ്മൂക്കയെ പോലെ വലിയൊരു താരത്തെ വെച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള സാഹചര്യം എനിക്കുണ്ടോയെന്ന് ആശങ്കയുള്ളതിനാല്‍ അത്തരത്തില്‍ ചിന്തിച്ചിരുന്നില്ല. വണ്‍ലൈന്‍ ഇഷ്ടപ്പെട്ടതോടെ താരങ്ങളെ ആരെയും മനസില്‍ കാണാതെ ത്‌ന്നെ സിനിമയ്ക്കായി നീക്കം ആരംഭിച്ചു. അങ്ങനെ ഇരിക്കെ ഒരു ദിവസം ജോയ് ചേട്ടാനാണ് വിളിച്ചുപറയുന്നത് ഈ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണെന്ന്്്. സത്യത്തില്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും ടെന്‍ഷനുമായിരുന്നു. പുത്തന്‍പടത്തിന്റെ ലൊക്കേഷനില്‍വെച്ച് ജോയി മാത്യൂ മമ്മൂക്കയോട് കഥ പറഞ്ഞു. കഥ കേട്ട മമ്മൂക്ക തന്നെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചത്. അതോടെ ചിത്രത്തിന്റെ കളര്‍മാറി. സൂപ്പര്‍താരം മമ്മൂക്കയുടെ പ്രസന്‍സ് ഈ കഥയ്ക്കും കഥാപാത്രത്തിനും നല്‍കുന്ന മൈലേജ് വളരെ വലുതാണ്. അങ്ങനെ മമ്മൂക്ക ടൈറ്റില്‍റോളിലേക്ക് എത്തിയതോടെ സിനിമയ്ക്ക് കൂടുതല്‍ ആവേശമായി. ഷൂട്ടിംഗ് തുടങ്ങിയതോടെ എന്റെ ആശങ്കകളും ടെന്‍ഷനുമെല്ലാം മാറിമറിഞ്ഞു. മമ്മൂക്ക നല്‍കിയ പിന്തുണയും കരുത്തും വളരെ വലുതായിരുന്നു.
അങ്കിള്‍ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍?
‘അങ്കിള്‍’മികച്ച ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. സിനിമ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം സമകാലീനമാണ് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ജോയ് ചേട്ടന്റെ തിരക്കഥ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ശക്തമായ ഒരു തിരക്കഥയുടെ പിന്‍ബലത്തില്‍ മമ്മൂക്കയെ പോലെ അസാധാരണമായ പ്രതിഭയിലൂടെ ഒരു സന്ദേശം നല്‍കാന്‍ കഴിയുന്നുവെന്നത് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ്. കുടുംബപ്രേക്ഷകര്‍ക്ക്്് ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂക്കയുടെ കഥാപാത്രമായ കെ.കെ എന്ന കൃഷ്ണകുമാര്‍ ഏറെ ചര്‍്ച്ച ചെയ്യപ്പെടുന്ന കഥാപാത്രമായി മാറും. ചിത്രത്തിന്റെ ട്രൈയിലര്‍ പുറത്തുവന്നപ്പോള്‍ തന്നെ നല്ല പ്രതികരണമാണ് ലഭിച്ചത്. പിന്നെ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെല്ലാം തന്നെ കൂടുതല്‍ പ്രതീക്ഷനല്‍കുന്നതാക്കി അങ്കിളിനെ മാറ്റിയിട്ടുണ്ട്്. തീര്‍ച്ചയായും മലയാളികള്‍ ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കും അങ്കിള്‍.
എന്താണ് അങ്കിള്‍? ഏതെങ്കിലും സംഭവത്തെ അടിസ്ഥാനമാക്കിയാണോ ചിത്രം ഒരുക്കിയിരിക്കുന്നത് ?
ഒരു സംഭവം പശ്ചാത്തലമാക്കിയല്ല സിനിമ ചെയ്തിരിക്കുന്നത്. എന്നാല്‍ സമകാലീനമായി നാം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം തന്നെയായതിനാല്‍ സ്വാഭാവികമായി പല സംഭവങ്ങളും പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്താം. പതിനേഴുകാരിയായ പെണ്‍കുട്ടിയുടെയും അവളുടെ അച്ഛന്റെ സുഹൃത്തിന്റെയും കഥ പറയുന്ന ചിത്രമാണിത്. ഫാമിലി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു സമര ദിവസം ഊട്ടിയില്‍ നിന്ന് കോഴിക്കോടേക്കുള്ള പെണ്‍കുട്ടിയുടെ യാത്രയാണ് ചിത്രം പറയുന്നത്. ‘സി ഐ എ’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതമായ കാര്‍ത്തിക മുരളീധരനാണ് നായിക വേഷത്തിലെത്തുന്നത്. ശ്രുതി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ കുട്ടി പഠിക്കുന്നത് ഊട്ടിയിലാണ്. സമര ദിവസം കോഴിക്കോടേക്ക് വരുന്നത് അച്ഛന്റെ സുഹൃത്തിന്റെ കാറിലാണ് . അതിലൂടെയാണ് കഥ വികസിക്കുന്നത്. കേരളത്തിന് പുറത്ത് പഠിക്കുന്ന ഒട്ടേറെ പെണ്‍കുട്ടികള്‍ ഉണ്ട്. അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും എല്ലാം നാം കാണുന്നതാണ്. ഇത്തരത്തില്‍ സാമൂഹിക പ്രാധാന്യമുള്ള സംഭവങ്ങളെല്ലാം കോര്‍ത്തിണക്കികൊണ്ടാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. സി.കെ മുരളീധരന്‍ എന്ന ബോളിവുഡ് സിനിമോട്ടോഗ്രാഫറുടെ മകളാണ് കാര്‍ത്തിക. കുറേ പുതുമുഖ താരങ്ങളെ ഈ വേഷത്തിനായി അന്വേഷിച്ചിരുന്നു. അവസാനമാണ് കാര്‍ത്തികയിലേക്ക് എത്തുന്നത്.
മമ്മൂട്ടി നായകനോ പ്രതിനായകനോ എന്ന ചിന്തയാണല്ലോ ട്രെയിലര്‍ പുറത്തുവിടുന്നത്് ?
കെ.കെ. എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ വലിയ ബിസിനസ്സുകാരനായാണ് മമ്മൂക്ക ചിത്രത്തിലെത്തുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തായിട്ടാണ് വേഷമിടുന്നത്. അല്പം നെഗറ്റീവായ കഥാപാത്രമാണിതെന്ന്് തോന്നും. അച്ഛനായിട്ട് വേഷമിടുന്നത് ജോയ്മാത്യുവാണ്. ഇതൊരു റിയലിസ്റ്റിക് സിനിമയാണ്. മമ്മൂട്ടി വില്ലനാണോ നായകനാണോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. ഈ ചിത്രം കാണുമ്പോള്‍ നമ്മുടെ വീട്ടിലും പെണ്‍കുട്ടി ഉണ്ടെന്ന് ഓരോ ആളും ചിന്തിക്കും. പെണ്‍കുട്ടിയുള്ള ഓരോ അച്ഛന്റെയും അമ്മയുടേയും ഉള്ളിലുള്ള ആധി ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്. മമ്മൂക്കയുടെ കെ.കെ എന്ന കഥാപാത്രം യാത്രകള്‍ ഏറെ ചെയ്യുന്ന ജീവിതം വളരെ എന്‍ജോയ് ചെയ്യുന്ന ഒരാളാണ്. അയാളുടെ സുഹൃത്തിന്റെ മകളുമായി ഒന്നിച്ചുള്ള യാത്രയിലൂടെ അങ്കിളിന്റെ കഥയ്ക്ക് വികാസം വരുകയാണ്.
ചിത്രീകരണ അനുഭവം ?
സിനിമ പഌന്‍ ചെയ്തിരുന്നതിനേക്കാള്‍ നാല് ദിവസം നേരത്തെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നത് വളരെ നല്ല ഒരു അനുഭവമാണ്. ഊട്ടി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. 41 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മമ്മൂക്കയുടെ സഹകരണം വളരെ എടുത്തു പറയേണ്ട ഘടകമാണ്. മമ്മൂക്കയ്ക്ക് ഒപ്പം പല ചിത്രങ്ങളിലും സഹസംവിധായകന്‍ എന്ന നിലയില്‍ പ്രവര്‍്ത്തിക്കുമ്പോള്‍ ഉണ്ടായ പരിചയം മാത്രമായിരുന്നു അങ്കിള്‍ തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നത്. അടുത്ത ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ആയതിനാല്‍ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെങ്കിലും ചിത്രീകരണം ആരംഭിച്ചതോടെ അവയെല്ലാം മാറി. തുടര്‍ച്ചയായി മമ്മൂക്ക ലൊക്കെഷനില്‍ ഉണ്ടായിരുന്നുവെന്നത് മറക്കാന്‍ കഴിയാത്ത അനുഭവമാണ്. രജ്ഞിത്തിന്റെ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മമ്മൂക്ക എന്നെ ശ്രദ്ധിച്ചിരുന്നു. അത് എനിക്ക് വളരെ സപ്പോര്‍ട്ടാണ് അങ്കിളിന്റെ ലൊക്കേഷനില്‍ നല്‍കിയത്. ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഞാന്‍ പുതിയ സംവിധായകനാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്ന സമയത്ത് ചിത്രത്തിന്റെ നിര്‍മാതാവെന്ന നിലയിലോ തിരക്കഥാകൃത്ത് എന്ന നിലയിലോ ജോയ് മാത്യു ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. അത്രയും സ്വതന്ത്രമായാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്.
സിനിമ ചെയ്യുമ്പോള്‍ ഏറെ ടെന്‍ഷനടിപ്പിച്ച കാര്യം ?
സിനിമ ചെയ്യുന്നത് തന്നെ ടെന്‍ഷനുള്ള കാര്യമാണ്. ഒരു സിനിമ പോലും സംവിധാനം ചെയ്യാത്ത ഒരാള്‍ സിനിമ ചെയ്യുമ്പോള്‍ അതിന്റെ റിസള്‍ട്ട് നിര്‍മാതാവിന് കാണിച്ചു കൊടുക്കേണ്ടതുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ ടെന്‍ഷന്‍. ചിത്രം തിയേറ്ററുകളിലെത്തി പ്രേക്ഷകരുടെ അഭിപ്രായം വരുന്നത് വരെ ടെന്‍ഷനുള്ളതാണ്. ഇത് ജനങ്ങളോടുള്ള ഉത്തരവാദിത്തം കൂടിയാണല്ലോ. അതും സൂപ്പര്‍താരത്തെ വച്ച് സിനിമ ചെയ്യുമ്പോള്‍ ഒരുപാട് ഉത്തവാദിത്തവും ടെന്‍ഷനുമുണ്ട്. പക്ഷേ എല്ലാം മികച്ച രീതിയില്‍ തന്നെ ചെയ്യാന്‍ സാധിച്ചു എന്ന് തന്നെയാണ് എന്റെ വിശ്വാസം.
എങ്ങനെയാണ് സിനിമ മോഹത്തിലേക്ക് എത്തുന്നത് ?
കലാപാരമ്പര്യമോ സിനിമാ പശ്ചാത്തലമോ എന്റെ കുടുംബത്തില്‍ ആര്‍ക്കുമില്ല. കോഴിക്കോട് ഉള്ള്യേരിയിലാണ് എന്റെ നാട്. അന്ന് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവിടുത്തെ ഒരു തറവാട്ടില്‍ ഒരു സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഞങ്ങള്‍ ചിത്രീകരണം കാണാന്‍ പോകുമായിരുന്നു. പക്ഷേ ഷൂട്ടിംഗ് കാണാന്‍ പോയാല്‍ തന്നെ അവിടെയുള്ളവര്‍ ഞങ്ങളെയൊക്കെ ഓടിക്കും. അന്നുമുതല്‍ സിനിമ എന്താണെന്നറിയാന്‍ ഒരാഗ്രഹമുണ്ടായിരുന്നു. കോളേജിലെത്തിയപ്പോഴും ഈ അഗ്രഹം ഉള്ളില്‍ തന്നെ ഉണ്ടായിരുന്നു. ഭരത് ഗോപി കോഴിക്കോട് വച്ച് ഒരു സീരിയല്‍ സംവിധാനം ചെയ്തിരുന്നു. അതില്‍ ആര്‍ട്ട് ഡയരക്ടറായി വര്‍ക്ക് ചെയ്ത ജെ .ആര്‍ .പ്രസാദ് (മാതൃഭൂമി )എന്റെ സിനിമയോടുള്ള ഇഷ്ടം മനസ്സിലാക്കി അതില്‍ ചേരാന്‍ അവസരം ഒരുക്കിയത്.
കുടുംബത്തിന്റെ സപ്പോര്‍ട്ട്
കുടുംബത്തിന്റെ സപ്പോര്‍ട്ട് നല്ല രീതിയിലുണ്ട്. എന്റെ മാതാപിതാക്കളൊക്കെ നേരത്തെ മരിച്ചു. ഭാര്യ ഭവ്യ മകന്‍ ദക്ഷ് മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. എല്ലാവരും കോഴിക്കോട് തന്നെയാണ്.
In this article:
Click to comment