മുരളി ഗോപിയുടെ തിരക്കഥയിൽ നവാഗതനായ ഷിബു ബഷീർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തെക്കുറിച്ചുള്ള വാർത്ത സിനിമാ പ്രേമികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിജയ് ബാബു നിർമിക്കുന്ന ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച ശേഷം മുരളി ഗോപി സോഷ്യൽ മീഡിയയിൽ ആ വിവരം പങ്കുവച്ചപ്പോൾ തന്നെ പുതിയ പ്രോജക്ടിനെക്കുറിച്ചുള്ള ചർച്ചകൾ സിനിമാ ഗ്രൂപ്പുകളിൽ സജീവമായിരുന്നു.പത്ര പ്രവർത്തകൻ കൂടിയായ ഷിബു ബഷീർ ‘Yesterday’ , ‘ Detour’ തുടങ്ങിയ ശ്രദ്ധേയങ്ങളായ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ‘ഗ്രാൻഡ് മാസ്റ്റർ’ , ‘മിസ്റ്റർ ഫ്രോഡ് ‘,‘ഐ ലവ് മി’ തുടങ്ങിയ ചിത്രങ്ങളിൽ ബി.ഉണ്ണികൃഷ്ണന്റെ സംവിധാന സഹായിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2004 ൽ ‘രസികൻ’ എന്ന സിനിമയിലൂടെ എഴുത്തുകാരൻ , അഭിനേതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച മുരളി ഗോപി രചിച്ച ‘ഈ അടുത്ത കാലത്ത്’, ‘ടിയാൻ’, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘കമ്മാര സംഭവം’, ലൂസിഫർ’ തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധേയങ്ങളായി. ഗായകൻ എന്ന നിലയിലും മുരളി ഗോപി സിനിമാ പ്രേമികൾക്ക് പ്രിയങ്കരനാണ്. പ്രിത്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ എന്ന മെഗാ ഹിറ്റിന് ശേഷം മുരളി ഗോപി തൂലിക ചലിപ്പിക്കുന്ന സൂപ്പർ താര ചിത്രമെന്ന നിലയിൽ സിനിമാ പ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഈ സിനിമയെന്നാണ് ഫിലിം ഗ്രൂപ്പുകളിലെ പ്രതികരണങ്ങൾ കാണിക്കുന്നത്.