വമ്പൻ ഹിറ്റുകളുടെ നീണ്ട നിര സ്വന്തമായുള്ള, മമ്മൂട്ടിയേയും മോഹൻലാലിനെയും സൂപ്പർ താരങ്ങളാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.കോട്ടയം കുഞ്ഞച്ചൻ, ന്യൂഡൽഹി,രാജാവിന്റെ മകൻ, നിറക്കൂട്ട്, മനു അങ്കിൾ, അഥർവം,നമ്പർ 20 മാദ്രാസ് മെയിൽ തുടങ്ങി ഡെന്നീസ് ജോസഫ് തൂലിക ചലിപ്പിച്ച മിക്ക ചിത്രങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്.മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വളർച്ചയ്ക്ക് നിമിത്തമായൊരു തിരക്കഥാകൃത്താണ് താനെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല എന്നാണ് ഡെന്നീസ് ജോസഫിന്റെ പക്ഷം.1985ൽ നിറക്കൂട്ട് എന്ന സിനിമയുമായി താൻ വരുമ്പോഴേക്കും മമ്മൂട്ടി മലയാള സിനിമയിലെ തിരക്കുള്ള ഒരു നടനായി മാറിയിരുന്നുവെന്നും മോഹൻലാൽ അന്ന് മമ്മൂട്ടിയ്ക്ക് തൊട്ടുപിന്നിൽ തന്നെ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.നടൻമാരെന്ന നിലയിൽ ഇരുവരുടേയും വളർച്ചയുടെ ഒരു ഘട്ടത്തിൽ താൻ രചന നിർവ്വഹിച്ച ചില ചിത്രങ്ങളും ഭാഗമായി, അവ സൂപ്പർഹിറ്റുകളായി മാറി എന്നാണ് ഡെന്നീസ് ജോസഫ് വിലയിരുത്തുന്നത്.അവരുടെ താരമ്യൂല്യത്തിൽ തനിക്ക് പങ്കോ ഓഹരിയോ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല. ഇത് എന്നതാണ് സത്യസന്ധമായ അഭിപ്രായമെന്നും തുറന്നു പറയുകയാണ് മലയാളം കണ്ട എക്കാലത്തെയും വലിയ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഡെന്നീസ് ജോസഫ്.
മമ്മൂട്ടിയുമായി ഡെന്നീസ് ജോസഫ് ഒരുമിച്ചപ്പോഴൊക്കെ വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകൾ പിറന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന മമ്മൂട്ടിക്കഥാപാത്രങ്ങൾ എക്കാലവും ആഘോഷിക്കപ്പെടുന്നവയാണ്. നിറക്കൂട്ട് എന്ന സിനിമയിൽ താൻ തിരക്കഥാകൃത്തായി വരാൻ പ്രധാന കാരണം മമ്മൂട്ടിയാണെന്ന് ഡെന്നീസ് ജോസഫ് പറഞ്ഞു.മമ്മൂട്ടി നായകനായ ഈറൻ സന്ധ്യ എന്ന സിനിമയിലാണ് ഡെന്നീസ് ആദ്യം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്. ജേസിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.ഈ സിനിമയുടെ അവസാനഘട്ടത്തിൽ സംവിധായകൻ തിരക്കഥ തിരസ്കരിക്കുകയും പിന്നീട് അത് പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ വന്ന് എഴുതുകയും ചെയ്തു.അങ്ങനെ കൊള്ളാത്ത പുതുമുഖം എന്ന രീതിയിൽ താൻ തഴയപ്പെട്ടപ്പോൾ, അങ്ങനെ അല്ല അവന്റെ കയ്യിൽ എന്തോ ഉണ്ട് എന്ന് പറഞ്ഞ് നിർമാതാവ് ജോയ് തോമസിനെയും സംവിധായകൻ ജോഷിയെയും തന്റെ അടുത്തേക്ക് അയച്ചത് മമ്മൂട്ടിയായിരുന്നു.താൻ തിരക്കഥാകൃത്തായി മാറിയതിൽ മമ്മൂട്ടിയുടെ പങ്ക് മറക്കാൻ പറ്റുന്നതല്ലെന്നും മമ്മൂട്ടി അന്ന് അങ്ങനെ ഒരു വാക്ക് പറഞ്ഞില്ലായിരുന്നുവെങ്കിൽ അവർ തന്റെയടുത്ത് വരില്ലായിരുന്നു എന്നും ഡെന്നീസ് ജോസഫ് കൂട്ടിച്ചേർത്തു.