ഒരു നടൻ എന്ന നിലയിൽ മമ്മൂട്ടിയുടെ സ്ഥാനം എന്താണെന്ന് മനസ്സിലാകണമെങ്കിൽ ഇതര ഭാഷാചിത്രങ്ങളിലേക്ക് ചെല്ലണം.
തമിഴ്, തെലുങ്ക് ഭാഷകളിൽ ഞാൻ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവിടെ എത്തുമ്പോഴാണ് മമ്മൂട്ടി എന്ന നടന്റെ സ്ഥാനം പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നത്. ഇവിടെയിരുന്നാൽ അത് അറിയാൻ കഴിയില്ല. മമ്മൂട്ടിയുടെ നാട്ടിൽ നിന്നും വരുന്നവർ എന്ന പരിഗണന ഞങ്ങൾക്കവിടെ കിട്ടാറുണ്ട്. ഭയങ്കര ബഹുമാനത്തോടെയാണ് അവർ മമ്മൂട്ടിയെ നോക്കിക്കാണുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങളെയും അവർ ബഹുമാനിക്കുന്നു.
ഞങ്ങൾ ഒരുമിച്ച് ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഒരുമിച്ചുള്ള അഭിനയവേളയിൽ മമ്മൂട്ടിയുടെ ചില പെർഫോമൻസ് കണ്ടു ഞാൻ കരഞ്ഞുപോയിട്ടുണ്ട്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിന്റെ ക്ളൈമാക്സിൽ യാത്ര പറയുന്ന സീനിൽ മമ്മൂട്ടിയുടെ ഭാവവും ഡയലോഗ് ഡെലിവറിയും കണ്ടു സെറ്റിലുള്ളവരെല്ലാം കരഞ്ഞു.
എന്തും തുറന്നു സംസാരിക്കാനുള്ള തീവ്രമായ ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. പുറത്തുനിന്നു നോക്കിയാൽ മമ്മൂട്ടി ഗൗരവക്കാരനാണെന്നേ തോന്നൂ. അകത്തു വളരെ സോഫ്റ്റാണ്.
(നിത്യവിസ്മയം -2008)