ദൃശ്യം എന്ന സിനിമയുടെ കഥ സംവിധായകൻ ജിത്തു ജോസഫ് ആദ്യം പറയുന്നത് മമ്മൂട്ടിയോടാണ്. എന്നാൽ കഥ ഇഷ്ടപ്പെടാതിരുന്ന മമ്മൂട്ടി അത് റിജക്ട് ചെയ്യുകയായിരുന്നു എന്നും പിന്നീട് ആ സിനിമയുടെ കഥ കേട്ട് ഇഷ്ടമായ മോഹൻലാൽ ആ സിനിമ ചെയ്യുകയായിരുന്നു എന്നും ഒരു വാർത്ത സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യം കഥയുടെ സാധ്യത മമ്മൂട്ടി മനസ്സിലാക്കിയില്ല എന്നും എന്നാൽ ലാൽ ആ കഥയുടെ പ്രത്യകത മനസ്സിലാക്കി എന്നൊക്കെയുള്ള തരത്തിൽ ആയിരുന്നു പ്രചാരണങ്ങൾ.
എന്നാൽ ദൃശ്യം സിനിമയുടെ കഥ മമ്മൂക്കയ്ക്ക് ഇഷ്ടമായതാണെന്നും അദ്ദേഹം അത് റിജക്ട് ചെയുകയായിരുന്നില്ല എന്നുമുള്ള യാഥാർഥ്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നു ജിത്തു ജോസഫ്. അടുത്തിടെ ഒരു മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് ജിത്തു ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
ദൃശ്യം സിനിമയുടെ കഥ ഞാൻ ആദ്യം പറയുന്നത് മമ്മൂക്കയോടാണ്. കഥ കേട്ട അദ്ദേഹം പറഞ്ഞത്, ‘ഇത് എക്സലന്റ് കഥയാണ്. പക്ഷേ ജിത്തു ഇപ്പോഴത്തെ എന്റെ പ്രശ്നം ഇതേ ഫാമിലി ബാക് ഗ്രൗണ്ട് ഉള്ള – അച്ഛൻ അമ്മ മക്കൾ – രണ്ടു മൂന്നു സിനിമകൾ കമ്മിറ്റ് ചെയ്തിരിക്കുകയാണ്. അപ്പോൾ എനിയ്ക്ക് അല്പം ഗ്യാപ്പിട്ടെ ജിത്തുവിന്റെ സിനിമ ചെയ്യാൻ കഴിയും. ഒന്നര രണ്ട് കൊല്ലമെങ്കിലും ജിത്തു കാത്തിരിക്കേണ്ടിവരും. ഒന്നുകിൽ ജിത്തു അതുവരെ വെയിറ്റ് ചെയ്യണം. അല്ലെങ്കിൽ മറ്റാരെയെങ്കിലും വച്ചു ഈ പ്രോജക്ട് ഉടനെ ചെയ്യുക. എന്തായാലും ഇതൊരു ഉഗ്രൻ കഥയാണ്. ‘
എല്ലാ ആർട്ടിസ്റ്റും ഇങ്ങനെ തന്നെയാണ്. ഒരിക്കലും ഒരേ പാറ്റേണിൽ ഉള്ള സിനിമകൾ അടുപ്പിച്ചു ചെയ്യില്ല. മമ്മൂക്കയും അതേ ചെയ്തുള്ളൂ.
അങ്ങിനെയാണ് ഞാൻ ഈ കഥ ലാലേട്ടന്റെ അടുത്ത് പറയുന്നത്.
പിന്നീട് ഇതിലെ നായികാ വേഷം ചെയ്യാനായി മീനയെ കാണാൻ മമ്മൂക്കയുടെ സിനിമയുടെ ലൊക്കേഷനിലാണ് ഞാൻ പോകുന്നത്. അന്ന് മമ്മൂക്ക എന്നോട് പറഞ്ഞു, ഞാൻ മീനയോട് പറയാം നല്ല സബ്ജക്ടും ക്യാരക്ടറുമാണെന്ന്. അങ്ങിനെ മമ്മൂക്കയും എനിയ്ക്ക് വേണ്ടി മീനയോട് പറഞ്ഞു. പോരാൻ നേരം മമ്മൂക്ക എന്നോട് ചോദിച്ചു, ആ പോലീസുകാരന്റെ വേഷം ആരാണ് ചെയ്യുന്നത് എന്ന്. ഷാജോൺ ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘കൊള്ളാം, അവൻ ചെയ്താൽ നന്നാകും ‘ എന്ന്. ഇതിന്റെ കാസ്റ്റിംഗിന് വേണ്ടി അദ്ദേഹത്തിന്റെ കാറാവാനിൽ ഇരുത്തി എന്നോട് സംസാരിച്ച വ്യക്തിയാണ് മമ്മൂക്ക. അതിൽനിന്നും ഞാൻ മനസ്സിലാക്കിയത്, ആരു ചെയ്യുന്നു എന്നല്ല അദ്ദേഹം നോക്കിയത്, മറിച്ചു ഈ കഥ, ഇതൊരു നല്ല സിനിമയായി വരണം എന്നദ്ദേഹം ആഗ്രഹിച്ചു. 100% ഇതൊരു നല്ല കഥയാണെന്ന് ദൃശ്യത്തിന്റെ കഥ പറഞ്ഞ അതേ സ്പോട്ടിൽ എന്നോട് പറഞ്ഞ ആളാണ് മമ്മൂക്ക. അല്ലാതെ മമ്മൂട്ടി കാണാതെ പോയ ദൃശ്യം മോഹൻലാൽ കണ്ടതല്ല.
