മലയാളത്തിൽ ഒട്ടേറെ ബോക്സോഫീസ് റെക്കോർഡുകൾ ഉള്ള നടനാണ് ദുൽഖർ സൽമാൻ. ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചു ഈ യുവനടൻ അന്യഭാഷകളിലും സാന്നിധ്യമറിയിച്ചു. തമിഴിൽ യുവതയുടെ ഹരമായി മാറിയ ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൽ വൻ വിജയമാണ് തമിഴിൽ നേടിയത്. എന്നാൽ കൊറോണ മൂലമുള്ള ലോക് ഡൗണിൽ തിയേറ്ററുകൾ അടച്ചത് തമിഴിലും തെലുങ്കിലും വൻ കളക്ഷനിൽ മുന്നേറിയ ഈ ചിത്രത്തിന്റെ ലോംഗ് റണ്ണിനെ ബാധിച്ചു. എങ്കിലും OTT റിലീസിൽ തരംഗം സൃഷ്ടിച്ച ഈ ചിത്രത്തിലെ പ്രകടനം ദുല്‍ഖറിന് ആരാധകരുടെയും സിനിമാക്കാരുടെയും കൈയടി നേടിക്കൊടുത്തു. പിതാവ് മമ്മൂട്ടിയെപ്പോലെ വളരെ ഫ്ലുവന്റായുള്ള തമിഴ് ഉച്ചാരണം ദുല്‍ഖറിന് ഏറെ പ്രശംസ നേടിക്കൊടുത്തു.
ഇപ്പോഴിതാ ഈ കോവിഡ് കാലത്ത് തെലുങ്കന്മാരുടെ സ്വീകരണമുറിയിൽ നിന്നും മറ്റൊരു റെക്കോർഡ് വാർത്ത ദുല്‍ഖറിന്റെതായി എത്തുന്നു.
ദുൽഖർ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് ആന്ധ്രയിലെ മിനി സ്ക്രീനുകളിൽ പുതിയ ടി ആർ പി റേറ്റിംഗ് റെക്കോഡ് സൃഷ്ടിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തു വരികയാണ് .
കണ്ണാലു കണ്ണാലും ദൊച്ചയന്റെ എന്ന പേരിൽ ഡബ്ബ് ചെയ്ത ഈ ചിത്രം പ്രശസ്ത തെലുങ്ക് ചാനലായ മാ ചാനലിൽ ആണ് സംപ്രേഷണം ചെയ്തത്. 7.1 ടി ആർ പി റേറ്റിംഗ് പോയിന്റ് നേടിയെടുത്ത ഈ ചിത്രം ഒരു ഡബ്ബിംഗ് സിനിമക്ക് തെലുങ്ക് ചാനലുകളില്‍ കിട്ടുന്ന ഏറ്റവും വലിയ റേറ്റിംഗ് പോയിന്റ് ആണ് നേടിയെടുത്തിരിക്കുന്നത്.
ദുൽഖറിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് വയാകോം 18 സ്റുഡിയോസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ്.
റിതു വർമ്മ, രക്ഷൻ എന്നിവർക്കൊപ്പം സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഈ ചിത്രത്തിന്റെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. സംവിധായകൻ തന്നെ രചിച്ചിരിക്കുന്ന ഈ ചിത്രം ഒട്ടേറെ ട്വിസ്റ്റുകൾ നിറഞ്ഞ ഒരു റൊമാന്റിക് ത്രില്ലറാണ്.
