രാജമാണിക്യം ❤
പണ്ട്, ഇഷ്ട്ട നടൻ ആരാണെന്ന് ചോദിച്ചാൽ മോഹൻലാലെന്ന് ഞാൻ ഉത്തരം പറയുന്ന പ്രായത്തിൽ നിന്ന് തലച്ചോറിൽ മെച്യൂരിറ്റിയുടെ മുകുളങ്ങൾ തല പൊക്കാൻ തുടങ്ങിയ കാലം ആക്ഷൻ രംഗങ്ങൾക്കും ഡാൻസിനും കോമഡിക്കും അപ്പുറം എന്തൊക്കയോ കണ്ട് ഞെട്ടാൻ ഉണ്ടെന്ന് ചന്ദുവിലൂടെയും ബാലൻ മാഷിലൂടെയും മേലെടത്തു രാഘവനിലൂടെയും കല്ലൂർ ഗോപിനാഥനിലൂടെയും കല്ലൂർ രാമനാഥനിലൂടെയും സേതുമാധവനിലൂടെയും മറ്റു പല കഥാപാത്രങ്ങളിലൂടെയൊക്കെ ഞാൻ മനസിലാക്കിയ നേരം, അന്നേരം തൊട്ട് ആരു ചോദിച്ചാലും ഇഷ്ട്ട നടൻ മമ്മൂട്ടിയെന്ന് പറഞ്ഞ് വെക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ക്ലാസ്സിലെ കൂട്ടുകാർ രാജമാണിക്യം തിയേറ്ററിൽ കണ്ടതിന്റെ വിശേഷം എന്നോട് പറഞ്ഞപ്പോൾ, പടം ഒന്ന് കാണണമെന്നെ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്തുള്ള ഒരു ഞായറാഴ്ച കടുത്ത മോഹൻലാൽ ആരാധകനായയ വാപ്പിച്ചിയുടെ കൂടെ രാജമാണിക്യം കാണുവാൻ പോയി കണ്ട് ഇറങ്ങുമ്പോൾ എനിക്ക് ഉണ്ടായ ഞെട്ടലും രോമാഞ്ചവും ആവേശവും എന്നെ മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരുവനാക്കി. ഗംഭീര ചിത്രമാണ് മാണിക്യം. അതെ പറ്റി കൂടുതലായി പറയുകയാണെങ്കിൽ,
അൻവർ റഷീദ് എന്ന പുതുമുഖ സംവിധായകന്റെ കൂടെ TA ഷാഹിദ് എന്ന തിരക്കഥ കൃത്തും ഒന്നിച്ച ചിത്രം. തിരോന്തരംകാരനായ രാജമാണിക്യം എന്ന പോത്ത് കച്ചവടക്കാരനായ ബെല്ലാരി രാജ ആയി മമ്മൂക്ക തകർത്താടുക ആയിരുന്നു. കോമേഡിയിൽ നിന്നും മാസിലേക്കും മാസിൽ നിന്ന് സെന്റിമെൻറ്സിലേക്കും പോകുന്ന മമ്മൂട്ടി മാജിക്ക് ആണ് എന്നെ അതിശയിപ്പിച്ചത്. TA ഷാഹിദിന്റെ ശക്തമായ തിരക്കഥയും അൻവർ റഷീദിന്റെ സംവിധാനത്തിലെ കയ്യടക്കവും രാജമാണിക്യത്തെ ബോക്സ് ഓഫീസ് മാണിക്യം ആക്കി മാറ്റാൻ വലിയ പങ്കു വഹിച്ചു. മമ്മൂക്കയുടെ അനിയന്മാരായി മനോജ് k ജയനും, റഹ്മാനും അവരുടെ ആ കഥാപാത്രങ്ങളോട് 100% നീതി പുലർത്തി. ഒരു കോമഡി മാസ് മസാല എന്നതിലുപരി കുടുബ ബന്ധങ്ങളുടെ ആഴവും പരപ്പും രാജമാണിക്യത്തിൽ നമ്മളെ കാണിച്ച് തരുന്നുണ്ട് സംവിധായകനും തിരക്കഥാകൃത്തും. “പെറ്റമ്മയുടെ കയ്യിൽ നിന്നും ഇയ്യോളം സ്നേഹം കിട്ടാത്തവൻ ആണ് ഈ ഞ്യാൻ “. “നിനക്ക് പകരം കാലി ചന്തയിൽ നിന്ന് എടുത്തു വളത്തിയതാണ് ഞാൻ ഇവനെ. ഇവൻ എനിക്ക് വേണ്ടി ചാകും നീ എന്നെ കൊല്ലാൻ ആളെ വിടും. രണ്ടായാലും അതെന്റെ തോൽവി തന്നെയാ”
ഒരു മകൻ ആയി, ജേഷ്ഠൻ ആയി മമ്മൂക്ക ഉള്ളുരുകി ഈ ഡയലോഗ് പറയുമ്പോ അത് വരെ ഉല്സാവന്തരീക്ഷമായിരുന്ന തീയറ്റർ പെട്ടെന്ന് നിശബ്ദമായി മാറുക ആയിരുന്നു. മമ്മൂട്ടി എന്ന നടന്റെ അപാരമായ അഭിനയ പകർന്നാട്ടങ്ങളിലൂടെ എന്നെ വിസ്മയിപ്പിച്ച മാണിക്യം തന്നെയാണ് എന്നും എനിക്ക് പ്രിയപ്പെട്ടത്.
✒️ : ആദിൽ NM
