അടച്ചിട്ട മുറിയിലിരുന്ന് 75 രാജ്യങ്ങളിലൂടെ മനസുകൊണ്ടലഞ്ഞ് ആത്മവിശ്വാസത്തിന്റെ ചുണ്ടനക്കങ്ങള്‍ ഒപ്പിയെടുത്ത് സ്നേഹഗാന ചിത്രീകരണം. അഞ്ച് ഭാഷകളിലായി ഗാനങ്ങള്‍ ആലപിച്ച് റെക്കോര്‍ഡ് ചെയ്താകട്ടെ ഗോപിസുന്ദര്‍ അടക്കമുള്ള എണ്ണം പറഞ്ഞ സംഗീത പ്രതിഭകള്‍. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ മായ്ച്ച് പടര്‍ന്ന കോവിഡ് വൈറസിനെ തുടച്ചുനീക്കി നല്ല നാളെയുടെ പ്രതീക്ഷയുണരുന്ന ഈ ഗാന സമര്‍പ്പണം പങ്കുവച്ചതാകട്ടെ മമ്മൂട്ടിയും മോഹന്‍ലാലും
ഉള്‍പ്പെടുന്ന അഭിനയ പ്രതിഭകളും…
കോവിഡാനന്തര കാലത്തെ ചിത്രീകരണ സാധ്യതയിലൂന്നിയ ഈ ഗാനസമര്‍പ്പണം ഇതിനകം വൈറലായി കഴിഞ്ഞു. ഫോര്‍ ദി വേള്‍ഡ് എന്ന ഈ സ്നേഹഗാനം ഭാഷയും ദേശവും മറന്ന് സഹജീവിയെ കരുതലോടെ ചേര്‍ത്ത് പിടിക്കേണ്ടതിന്റെ കരുളുറപ്പുകൂടി പങ്കുവയ്ക്കുന്നതുമായി.
മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാരിയര്‍, റഹ്മാന്, മംമ്ത, ജയറാം, നിവിന്‍ പോളി, ബിജുമേനോന്, ജയസൂര്യ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ഉണ്ണി മുകുന്ദന്, സിദ്ദിഖ്, ആന്റണി വര്‍ഗീസ് പെപ്പെ, മനോജ് കെ. ജയന്, ഇര്‍ഷാദ് അലി, ശങ്കര്‍ രാമകൃഷ്ണന്, സിജോയ് വര്‍ഗീസ്, അഹാന കൃഷ്ണ, സാനിയ, ലാല്‍ ജോസ്, റോഷന് ആന്‍ഡ്രൂസ്, ആഷിഖ് അബു, സക്കറിയ തുടങ്ങിവരും സ്നേഹഗാനം സോഷ്യല്‍മീഡിയ പേജി വഴി പ്രേക്ഷകരിലേക്കെത്തിച്ചതോടെ വൈറലായി. ഇത്രയേറെ പ്രശസ്ത താരങ്ങള്‍ ഒരു മ്യൂസിക് വിഡിയോവിന്റെ പ്രൊമോഷന് വേണ്ടി ഒന്നിക്കുന്നത് ഇതാദ്യമായാണെന്നതും പ്രത്യേകതയായി.
ലോക്ക്ഡൗണില്‍ തൃശൂര്‍ ശോഭാസിറ്റിയിലെ ഫ്ളാറ്റില്‍ കുടുങ്ങിയ പ്രവാസിയായ യൂസഫ് ലെന്സ്മാന് മനസിലുദിച്ച ആശയമാണ് ലോകത്തിന് മുന്നില്‍ വിസ്മയമായ സ്നേഹഗാനമായി അലയടിച്ചത്. കോവിഡിനോട് പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകള്‍ അടക്കമുള്ളവര്‍ക്ക് പാട്ടുകൊണ്ടൊരു സല്യൂട്ട് ആയിരുന്നു ആശയം. ഷൈന്രായംസ് മലയാളത്തില്‍ ഗാനരചന നിര്‍വഹിച്ചു. കോവിഡിന് ഭാഷാ- ദേശ ഭേദമില്ലാത്തതിനാല്തന്നെ മലയാളത്തിനൊപ്പം ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, അറബി എന്നീ ഭാഷകളിലും പാട്ടിന്റെ വരികള്‍ പിറന്നു. ഷൗക്കത്ത് നിര്‍മാണ സഹായിയായ, സംഗീത് ശിവന്റെ സംവിധാനത്തില്‍ ചിത്രീകരണം പൂത്തിയായ, ജാക്ക് ആന്‍ഡ് ജില് എന്ന സിനിമയുടെ സംഗീത സംവിധായകന് രാം സുന്ദറിനെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താനും ചുമതലപ്പെടുത്തി.
ലോകമാകെ പരന്ന സൗഹൃദമുള്ള യൂസഫ് ഇതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചിത്രീകരണം തുടങ്ങിയതോടെ ഭൂഗോളം ശോഭാസിറ്റിയിലെ ഫ്ളാറ്റിലൊതുങ്ങി. ആഫ്രിക്ക, ജപ്പാന്, അമേരിക്ക, ലണ്ടന്‍, അറേബ്യന്‍ തുടങ്ങി 75 രാജ്യങ്ങളില്‍ നിന്ന് വരികള്‍ പകര്‍ത്തി. അതത് രാജ്യങ്ങളില്‍ പരിചയമുള്ളവര്‍ പാടി ഐഫോണില്‍ റെക്കോര്‍ഡ് ചെയ്ത് യൂസഫിന് അയച്ചുകൊടുത്തു. ഇതില്‍ ചുണ്ട് ചലനങ്ങള്‍ കൃത്യമായ 48 രാജ്യങ്ങളില്‍നിന്നുള്ള വീഡിയോകള്‍ ഉപയോഗിച്ചാണ് സ്നേഹഗാനോപകാരം എഡിറ്റ് ചെയ്തത്.
