സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മതിലകത്ത് ആരംഭിക്കുന്ന സി.പി. ട്രസ്റ്റ് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം നടൻ മമ്മൂട്ടി സന്ദർശിച്ചു. ചൊവ്വാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെ, സി.പി. മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹിനൊപ്പമാണ് മമ്മൂട്ടി സി.എഫ്.എൽ.ടി.സിയിലെത്തിയത്.
സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യത്തെ സി.എഫ്.എൽ.ടി.സിയിലെ ഒരുക്കങ്ങൾ മമ്മൂട്ടി കണ്ടു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയറും സി.പി. മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് അർഹരായ 250 പേർക്ക് സൗജന്യമായി കോവിഡ് വാക്സിനേഷൻ നൽകുമെന്ന് മമ്മൂട്ടി പറഞ്ഞു.
മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. സതിഷ്, ഡോ. സാനു എം.പരമേശ്വരൻ, പി.വി. അഹമ്മദ് കുട്ടി, എം.എ. നാസർ, ഇ.ഡി. ദീപക്, ഹിലാൽ കുരിക്കൾ, ഷെമീർ എളേടത്ത്, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സംസ്ഥാന സർക്കാരും വലപ്പാട് സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും സഹകരിച്ചാണ് നാനൂറ് ഓക്സിജൻ കിടക്കകളോട് കൂടിയ സെന്റർ ഒരുക്കുന്നത്. ആഗസ്റ്റ് പത്തോടു കൂടി സി.എഫ്.എൽ.ടി.സി തുറന്നു പ്രവർത്തിക്കും.
