സാനിയ ബാബു എന്ന പേര് മാത്രം പ്രേക്ഷകർക്ക് ഒരുപക്ഷെ അധികം പരിചയമുണ്ടാകില്ല, എന്നാൽ ഈ കൊച്ചുമിടുക്കിയെ എല്ലാവരും അറിയും, രമേശ് പിഷാരടി സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ‘ഗാനഗന്ധർവ്വൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മമ്മൂക്കയുടെ മകളായി എത്തി പ്രേക്ഷക മനസ്സുകൾ കീഴടക്കിയ അതേ സുന്ദരിക്കുട്ടി. വളരെ ചുരുക്കം സമയം കൊണ്ട് തന്റേതായ ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ സാനിയയ്ക്ക് തെന്നിന്ത്യൻ സിനിമകളിൽ തിരക്കേറുകയാണ്. വളരെ ചെറുപ്പത്തിലേ തന്നെ നൃത്തം, ഗാനം, കായികം തുടങ്ങിയ മേഖലകളിൽ നേട്ടങ്ങൾ സ്വന്തമാക്കിയതോടെയാണ് സാനിയയുടെ കലാജീവിതത്തിന് തുടക്കമാകുന്നത്. സാനിയയുടെ കഴിവുകൾ നന്നേ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ കുടുംബാംഗങ്ങൾ തന്നെയാണ് സാനിയയുടെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ.
കുര്യൻചിറ മാർ തിമോത്തിയാസ് വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് സാനിയ. പഠനത്തോടൊപ്പം ഒരു മികച്ച അഭിനേത്രിയായി മാറുകയെന്ന സാനിയയുടെ സ്വപ്‌നങ്ങൾക്ക് കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണ ലഭിച്ചതോടെ ശരവേഗത്തിലാണ് സാനിയ ബാബു എന്ന കുട്ടിത്താരം സിനിമാ-സീരിയൽ മേഖലകളിൽ സജ്ജീവമാകുന്നത്. സി. എസ് വിജയൻ സംവിധാനം ചെയ്‌ത ‘നിങ്ങൾ കാമറ നിരീക്ഷണത്തിലാണ്’ എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്. ഗാനഗന്ധർവ്വനിൽ മമ്മൂക്കയുടെ മകളായി മികച്ച പ്രകടനം കാഴ്ച്ച വച്ചതോടെ മലയാള സിനിമയിലെ ഭാവി വാഗ്ദാനമായി സാനിയ ബാബു മാറിക്കഴിഞ്ഞു. മികച്ച അഭിനയത്തോടൊപ്പം നിഷ്കളങ്കമായ ചിരിയും കുസൃതി നിറഞ്ഞ സംസാരവും സാനിയയെ കുടുംബപ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാനായി.
സാനിയയുടെ കഴിവുകൾ നന്നേ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ കുടുംബാംഗങ്ങൾ തന്നെയാണ് സാനിയയുടെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ.
തൃശൂർ കൂർക്കഞ്ചേരിയിലാണ് സാനിയയുടെ കുടുംബം. അച്ഛൻ ബാബു പോൾ, അമ്മ മിനി ബാബു, സഹോദരൻ ബെനിറ്റോ. സൂപ്പർ താരങ്ങളുടെയുൾപ്പടെയുള്ള ചിത്രങ്ങൾ സാനിയയുടേതായി റിലീസ് കാത്തിരിക്കുകയാണ്. കൂടാതെ നിരവധി പ്രൊജെക്ടുകളും സാനിയ ബാബുവിനെ തേടി എത്തിയിട്ടുണ്ട്. മലയാള സിനിമയിലെ മുൻനിര അഭിനേത്രികളിൽ ഒരാളായി മാറാൻ ഒരുങ്ങുന്ന സാനിയ ബാബുവിന് മമ്മൂട്ടി ടൈംസിന്റെ ആശംസകൾ.