സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും പ്രേക്ഷക പ്രീതി നേടി മുന്നേറുന്നു. ആദ്യ ദിനം ചിത്രം കണ്ട പ്രേക്ഷകർ, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർ മികച്ച അഭിപ്രായമാണ് സിനിമയെക്കുറിച്ച് പങ്കുവെയ്ക്കുന്നത്. ഉല്ലാസ് എന്ന ഗാനമേള കലാകാരന്റെ ജീവിത്തിൽ അവിചാരിതമായി കടന്നെത്തുന്ന ചില കഥാപാത്രങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. സ്റ്റേജ് കലാകാരന്മാരുടെ ആത്മ സംഘർഷങ്ങളും , അവരുടെ കലാ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും അനുഭവങ്ങളും വളരെ നന്നായി വരച്ചുകാട്ടുന്നതിൽ രചയിതാക്കളായ രമേഷ് പിഷാരടിയും ഹരി പി നായരും വിജയിച്ചിരിക്കുന്നു.
ചെറുതും വലുതുമായ കഥാപാത്രങ്ങളായി എത്തിയ നടീ നടന്മാർ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പുതുമുഖങ്ങളായ വന്ദിത മനോഹരൻ, ശാന്തി പ്രിയ, അതുല്യ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. ദേവൻ, സുരേഷ് കൃഷ്ണ, മനോജ് കെ ജയൻ, അശോകൻ തുടങ്ങിയവരും കയ്യടി നേടുന്നു. ചില വർത്തമാനകാല സാമൂഹ്യ സാഹചര്യങ്ങൾ പറഞ്ഞു പോകുന്നുമുണ്ട് ഗാന ഗന്ധർവ്വൻ. മികച്ച പാട്ടുകളും സിനിമയുടെ പ്രത്യേകതയാണ്. സാങ്കേതികമായും സിനിമ മുന്നിട്ട് നിൽക്കുന്നു. സിങ്ക് സൗണ്ട് വളരെ മികച്ച രീതിയിൽ ഉപയോഗിക്കപ്പെട്ട സിനിമകൂടിയാണ് ‘ഗാന ഗന്ധർവൻ’.
കഥാപാത്ര വൈവിധ്യങ്ങൾകൊണ്ട് എക്കാലവും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മലയാളത്തിന്റെ മഹാനടൻ ഒരു ഗാനമേള കലാകാരനെ തികഞ്ഞ പൂർണതയോടെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നു.സ്റ്റേജ് ഷോകളിലെ പ്രകടനങ്ങളിലും, വൈകാരികമായ രംഗങ്ങളിലുമൊക്കെ മമ്മൂട്ടി തന്റെ സവിശേഷമായ അഭിനയമികവുകൊണ്ട് ഉല്ലാസ് എന്ന നായക കഥാപാത്രത്തെ മികവുറ്റതാക്കി. നർമ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന, ആദ്യാവസാനം ആസ്വാദ്യകരമായ ഒരു ഒരു ചിത്രം. ദ്വയാർത്ഥ പ്രയോഗങ്ങൾ ഇല്ലാത്ത, കുടുംബ സമേതം കണ്ടാസ്വാദിക്കാവുന്ന ഒരു മികച്ച എന്റർടൈനർ തന്നെയാണ് ‘ഗാന ഗന്ധർവ്വൻ’. മറ്റോരു ഫാമിലി മെഗാ ഹിറ്റിലേക്കാണ് ഗാന ഗന്ധർവ്വൻ നീങ്ങുന്നത് എന്ന സൂചനയാണ് സിനിമാസ്വാദകരുടെ പ്രതികരണങ്ങൾ നൽകുന്നത്