‘ഐഡിയ സ്റ്റാർ സിംഗർ’ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ആസ്വാദകരുടെ മനം കവർന്ന ഗായകനാണ് ഇമ്രാൻ ഖാൻ. പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ നിന്നകന്ന് ജീവിത പ്രാരാബ്ദങ്ങളുമായി മുന്നോട്ട് പോകുന്ന ഇമ്രാനെക്കുറിച്ചുള്ള വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു.സീ കേരളത്തിന്റെ റിയാലിറ്റി ഷോ ‘സരിഗമപ’യിൽ അതിഥി ആയി എത്തിയ ഇമ്രാൻ പാട്ടിനോടുള്ള തന്റെ അടങ്ങാത്ത ആവേശത്തെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. അന്ന് ജഡ്ജിങ്ങ് പാനലിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഗോപി സുന്ദർ ഇമ്രാന് ഒരു പാട്ട് പാടാനുള്ള അവസരം
വാഗ്ദാനം ചെയ്യുകയുണ്ടായി.
ഒരു വലിയ സർപ്രൈസ് നൽകിയാണ് ഗോപി സുന്ദർ തന്റെ വാക്ക് പാലിച്ചത്.മാസ്ക് ധരിച്ച് ഇമ്രാന്റെ ഓട്ടോയിൽ യാത്രക്കാരനായി കയറിയ അദ്ദേഹം യാത്രാ മദ്ധ്യേ തന്റെ പേര് ഇമ്രാനോട് വെളിപ്പെടുത്തുകയും പാട്ട് പാടാനുള്ള അവസരം സമ്മാനിക്കുകയുമായിരുന്നു.പുതിയ പാട്ടിന്റെ ട്യൂൺ ഇമ്രാനെ അദ്ദേഹം പഠിപ്പിക്കുകയും ചെയ്തു.ബി.കെ ഹരിനാരായണനാണ് ഗാന രചയിതാവ്. ഗോപി സുന്ദർ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോ ഇതിനകം സംഗീതാസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു.