പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക എന്ന തമിഴ് ചിത്രം പൂർത്തിയാക്കി ദുൽഖർ സൽമാൻ.
ചിത്രീകരണം ആരംഭിക്കാൻ ഇരിക്കവെയാണ് കോവിഡ് ലോക് ഡൌൺ മൂലം ചിത്രീകരണം നിലച്ചത്. നീണ്ട ലോക് ഡൌൺ നാളുകൾക്കു ശേഷം ദുൽഖർ അഭിനയിച്ച ആദ്യ ചിത്രം കൂടിയാണ് ഹേ സിനാമിക.
കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ദുൽഖർ നായകനാകുന്ന സിനിമ എന്ന നിലയ്ക്കും ബ്രിന്ദയുടെ ആദ്യ സംവിധാന സംരംഭം എന്ന നിലയ്ക്കും ഏറെ വാർത്താ പ്രാധാന്യം നേടിയ ചിത്രം കൂടിയാണ് ഹേ സിനാമിക.
അതിഥി റാവുവും കാജൽ അഗാർവാളും നായികമാരാകുന്ന ചിത്രത്തിൽ കെ ഭാഗ്യരാജ്, സുഹാസിനി മണിരത്നം,ഖുശ്ബു സുന്ദർ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ഡിസംബർ 26നാണു ചെന്നൈ ജിയോ സ്റ്റുഡിയോവിൽ ചിത്രീകരണം പൂർത്തിയായത്.
ദുൽഖർ തന്നെ നായകനായ മണിരത്നത്തിന്റെ ഓക്കേ കണ്മണി എന്ന ചിത്രത്തിലെ ഗാനമായ ‘ഏയ് സിനാമിക’ യിൽ നിന്നാണ് ഈ സിനിമയുടെ ടൈറ്റിലിനുള്ള പ്രചോദനം എന്നതും ശ്രദ്ധേയമാണ്.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് ആണ് പ്രദർശനത്തിന് തയ്യാറായ ദുൽഖർ ചിത്രം
ബോബി സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ദുൽഖറിന്റെ മലയാള ചിത്രം.