ഇരുപത്തി മൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്കുള്ള മലയാള ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. സുഡാനി ഫ്രം നൈജീരിയ, ഈ മ യൗ എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ചിത്രമാണ് ഈ മ യൗ. രണ്ട് ചിത്രങ്ങളും മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. സുഡാനി ബോക്സ് ഓഫീസിൽ തിളങ്ങിയപ്പോൾ ഈ മ യൗ വിന് ബോക്സ് ഓഫീസിൽ വേണ്ട വിധം തിളങ്ങാൻ ആയില്ല.
മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 സിനിമകളും തെരഞ്ഞെടുത്തിട്ടുണ്ട്. ഓത്ത്, പറവ, ഭയാനകം, ഉടലാഴം, മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം. ഹ്യൂമന്‍സ് ഓഫ് സംവണ്‍, സ്ലീപ്‌ലെസ്സ്‌ലി യുവേഴ്‌സ്, ആവേ മരിയ എന്നീ ചിത്രങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
സിബി മലയില്‍ ചെയര്‍മാനും ജോര്‍ജ് കിത്തു, ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍, ഡോ. ടി അനിത കുമാരി, ഡോ. മോഹനകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. 14 ചിത്രങ്ങളില്‍ 10 എണ്ണവും നവാഗത സംവിധായകരുടേതാണ്. നവംബര്‍ ഒന്ന് മുതല്‍ ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
