വിവാഹമണ്ഡപത്തിൽ വരനും വധുവും എത്തി. അനുഗ്രഹാശംസകളുമായി സിനിമാ രംഗത്തെ പ്രമുഖരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. പക്ഷേ അവിടെ ഒരു പ്രമുഖന്റെ അസാന്നിധ്യം വളരെ പ്രകടമാണ്. സിനിമാരംഗത്തെ രണ്ടു താരങ്ങൾ തമ്മിലുള്ള വിവാഹം ആയതിനാൽ ആകാം പല രംഗങ്ങളിലെ പ്രമുഖരും വിവാഹചടങ്ങിൽ സാക്ഷിയാകാൻ എത്തിയിട്ടുണ്ട്. മലയാള സിനിമയിലെ ഒരു താരകുടുംബത്തിലെ അംഗമായ യുവാവും മുൻനിര നായികയായി തിളങ്ങി നിൽക്കുന്ന നടിയുമാണ് കതിർമണ്ഡപത്തിന്നു മുന്നിൽ വധുവരന്മായി നിൽക്കുന്നത് എന്നതിനാൽ വിവാഹം ഏറെ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്. സുകുമാരന്റെയും മല്ലികാ സുകുമാരന്റെയും മകൻ എന്ന അഡ്രസ്സിനു പുറമേ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞ ഒരു നടൻ എന്ന പരിവേഷം നേടാൻ കഴിഞ്ഞിരുന്നു. അമ്മയും ഞാനും സഹപ്രവർത്തകരായ സുഹൃത്തുക്കളെ നേരിട്ട് തന്നെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. കൂടാതെ വധുവിന്റെ ക്ഷണവും കൂടിയാകുമ്പോൾ സിനിമാരംഗത്തുള്ളവർ വരാതിരിക്കുമോ..
കതിർ മണ്ഡപത്തിലേക്ക് കയറുമ്പോൾ ചുറ്റും ബന്ധുക്കളെ കാൾ കൂടുതൽ സുഹൃത്തുക്കൾ ആശംസകളുമായി നിൽക്കുന്നുണ്ട്. അവരിൽ മലയാളത്തിന്റെ യശസ്സുയർത്തി നിലകൊള്ളുന്ന മമ്മൂട്ടി മാത്രം ഇല്ല. വിവാഹത്തിന് ക്ഷണിക്കാൻ ചെന്നപ്പോൾ എത്ര തിരക്കായാലും എത്തിയിരിക്കും എന്ന് മമ്മൂക്ക പറഞ്ഞതാണ്. ആ വാക്കുകൾക്ക് ഒരു സുഹൃത്തിന്റെ മകനോടുള്ള വാത്സല്യപൂർണമായ സ്നേഹത്തിന്റെ മധുരവും കൂടിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മമ്മൂക്കയെ തീർച്ചയായും പ്രതീക്ഷിച്ചിരുന്നു. ഇതിനു മുമ്പുള്ള പ്രതീക്ഷകളും തെറ്റിയിട്ടില്ല. സഹോദരിയുടെ വിവാഹത്തിന് മമ്മൂക്കയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇത്രയും വൈകിയതിനാൽ ഇനി മമ്മൂക്കയെ റിസപ്ഷനു പ്രതീക്ഷിച്ചാൽ മതി എന്ന് ചില സുഹൃത്തുക്കൾ പറയുകയും ചെയ്തു. പക്ഷേ കതിർമണ്ഡപത്തിൽ നിന്ന് ചടങ്ങുകൾ പൂർത്തിയാക്കി ഇറങ്ങാൻ നിൽക്കുമ്പോൾ കൈനിറയെ പൂക്കൾ വാരി എറിഞ്ഞു കൊണ്ട് അതാ മമ്മൂക്ക കടന്നു വരുന്നു. അതോടെ കല്യാണത്തിന് എത്തിയ മുഴുവനാളുകളുടെയും ശ്രദ്ധ മമ്മൂക്ക യിലേക്കായി.
വിവാഹവേദിയിൽ അതുവരെ ഇല്ലാതിരുന്ന ഒരു ആഹ്ലാദാരവം തന്നെ ഉയർന്നു. സിനിമാസ്റ്റൈലിൽ ഉള്ള മമ്മൂക്കയുടെ ആ എൻട്രി എനിക്ക് ഏറെ സന്തോഷം നൽകുന്നതും മറക്കാൻ പറ്റാത്തതും ആയിരുന്നു. വധൂവരരന്മാർക്ക് മംഗളാശംസകൾ നേർന്നു അദ്ദേഹം സദ്യയും കഴിഞ്ഞ ശേഷമാണ് മടങ്ങിയത്. വളരെ ദൂരെയുള്ള ഒരു ലൊക്കേഷനിൽ നിന്നാണ് മമ്മൂക്ക ഡ്രൈവ് ചെയ്ത് വിവാഹത്തിനെത്തിയത്.
എന്റെ ചെറിയ പ്രായത്തിൽ തന്നെ മമ്മൂക്കയെ കാണാനും പരിചയപ്പെടാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് മമ്മൂക്കയെ ഞാനാദ്യമായി കാണുന്നത്. ഊട്ടിയിൽ അച്ഛനു ഒരു ഫ്ലാറ്റ് ഉണ്ടായിരുന്നു. അവിടെ സന്ദർശകനായി എത്തുന്ന മമ്മൂക്കയെ അച്ഛന്റെ ഒരു സുഹൃത്ത് എന്ന നിലയിലാണ് കണ്ടിരുന്നത്. മമ്മൂക്കയെ വിശദമായി പരിചയപ്പെടാനും സംസാരിക്കാനും എല്ലാം കഴിഞ്ഞത് പടയണി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു. അച്ഛൻ നിർമ്മിച്ച രണ്ടു സിനിമകളിൽ ഒന്നായിരുന്നു അത്. ആദ്യചിത്രത്തിൽ അച്ഛനോടൊപ്പം മമ്മൂക്കയും അഭിനയിച്ചിരുന്നു. സുഹൃത്തിന്റെ മകനെന്ന നിലയിൽ അന്നു കാണിച്ച സ്നേഹത്തിന് ഇന്നും ഒരു മങ്ങലും ഏറ്റിട്ടില്ലെന്നത് വലിയൊരു കാര്യമാണ്. അന്ന് അദ്ദേഹത്തോട് തോന്നിയ ബഹുമാനം ഇന്ന് വളർന്നുവലുതായി കഴിഞ്ഞു.
മമ്മൂക്കയോടൊപ്പം കുറച്ച് ചിത്രങ്ങളിലേ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ എങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളും കഥാപാത്രങ്ങളും ആയിരുന്നു. വേഷം, പട്ടാളം ട്വന്റി-20 എന്നിവയാണ് മമ്മൂക്കക്കൊപ്പം പ്രവർത്തിച്ച ചിത്രങ്ങൾ. ഈ ചിത്രങ്ങളിലെ ലൊക്കേഷൻ അനുഭവങ്ങളും മറക്കാൻ കഴിയാത്ത ഓർമ്മകളാണ്. മമ്മൂക്കയുടെ കൂടെ നിരവധി കാര്യങ്ങൾ ചർച്ച ചെയ്യാനും കൂടുതൽ അടുക്കാനും ഈ ചിത്രങ്ങളുടെ ചിത്രീകരണ സമയങ്ങളിൽ കഴിഞ്ഞു. കൂടുതൽ സമയവും മമ്മൂക്ക സംസാരിച്ചത് സിനിമയെക്കുറിച്ച് ആയിരുന്നു. വളർന്നു വരുന്ന ഒരു കലാകാരനെന്ന നിലയിൽ മമ്മൂക്കയെ പോലുള്ള അനുഭവ സമ്പന്നനായ ഒരു പ്രതിഭയുടെ ഒപ്പം ചിലവിടാൻ ലഭിച്ച അവസരങ്ങളെല്ലാം ഏറെ പ്രയോജനപ്രദമായിരുന്നു. വേഷത്തിൽ ഞാൻ മമ്മൂക്കയുടെ സഹോദരനായിട്ടാണ് അഭിനയിച്ചത് എങ്കിലും ലൊക്കേഷനിൽ ഒരു മകനോടുള്ള സ്നേഹവും വാത്സല്യവും ആണ് അദ്ദേഹം പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ മക്കളോടൊപ്പം കളിച്ചുവളർന്ന ബാല്യം എനിക്ക് ഉള്ളതിനാൽ അതെനിക്ക് ഒരു പുതിയ അനുഭവമായിരുന്നില്ല. എങ്കിലും മമ്മൂക്കയുടെ അടുക്കൽ കൂടുതൽ ഫ്രീഡം ലഭിച്ചതായി എനിക്ക് തോന്നി. വളരെ ഫ്രീയായി അദ്ദേഹം പെരുമാറുമ്പോഴും എനിക്ക് അദ്ദേഹത്തോട് ഒരു ബഹുമാനം കലർന്ന സ്നേഹമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ എന്റെ തിരിച്ചുള്ള പെരുമാറ്റവും അത്തരത്തിൽ ആയിരുന്നു. മമ്മൂക്കയോടൊപ്പം പട്ടാളത്തിൽ അഭിനയിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ അവസരം ലഭിച്ചു.
താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗം എന്ന നിലയിലും മമ്മൂക്കയ്ക്കൊപ്പം പ്രവർത്തിച്ചുകൊണ്ടിരുന്ന എനിക്ക് മമ്മൂക്ക ഒരു റഫറൻസ് ആയിരുന്നു. എനിക്ക് മാത്രമല്ല മലയാളസിനിമയുടെ പുതുതലമുറയ്ക്ക് അദ്ദേഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. അമ്മയുടെ സ്റ്റേജ് ഷോ ആയ സൂര്യതേജസോടെ അമ്മ എന്ന താരനിശയുടെ ക്യാമ്പിലും കോഴിക്കോട് പ്രോഗ്രാം സെന്ററിലും ഞാനുൾപ്പെടെയുള്ള പുതുതലമുറയോട് മമ്മൂക്ക ഇടപഴകുന്നത് കണ്ടപ്പോൾ ഏറെ സന്തോഷവും അത്ഭുതവും തോന്നി. യുവനിരക്കൊപ്പം യുവത്വത്തിന്റെ പ്രസരിപ്പ് കൈവിടാതെ മമ്മൂക്ക നീങ്ങുമ്പോൾ ഒരു പ്രൊഫഷനിലിസ്റ്റ് എന്ന നിലയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മുൻനിരയിൽ നിൽക്കാൻ മമ്മൂക്കയ്ക്ക് കഴിയുന്നത് അദ്ദേഹം പ്രൊഫഷനോട് കാണിക്കുന്ന ആത്മാർത്ഥതയും സമർപ്പണവും മൂലമാണ്. കഥാപാത്രങ്ങളുടെ വേഷപ്പകർന്നാട്ടം വളരെ ഭംഗിയാക്കാൻ മമ്മൂക്കയ്ക്ക് കഴിയുന്നു എന്നതും പാലേരി മാണിക്യവും കുട്ടിസ്രാങ്ക് എല്ലാം കാണിക്കുന്നു.
സ്വന്തം വ്യക്തിത്വത്തിന് ഒരു ലാഞ്ചനയും തന്റെ കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാതെ പ്രത്യേകമായി പ്രതിഫലിപ്പിക്കാൻ മമ്മൂക്കക്കുള്ള കഴിവ് അപാരമാണ്. വ്യക്തിപരമായും പ്രൊഫഷണലായും അദ്ദേഹത്തിൽ മാതൃക കണ്ടെത്താൻ അതുകൊണ്ട് നിരവധി കാര്യങ്ങൾ ഉണ്ടെന്ന് ആർക്കും കണ്ണടച്ച് തന്നെ പറയാനാകും.
