മലയാള സിനിമയിൽ അന്നും ഇന്നും പൗരുഷം നിറഞ്ഞ പോലീസ് കഥാപാത്രത്തിന്റെ അവസാനവാക്കാണ് ആവനാഴിയിലെ ഇൻസ്‌പെക്ടർ ബൽറാം.
തീ പാറുന്ന ഡയലോഗുകളും തീക്ഷ്ണമായ അഭിനയ മുഹൂർത്തങ്ങളും ത്രസിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളുമായി തിയേറ്ററുകളിൽ നിറഞ്ഞാടിയ പൗരുഷത്തിന്റെ അവസാന വാക്ക്.
ഇന്നും മലയാള സിനിമയിലെ ശക്തമായ ഏതൊരു പോലീസ് കഥാപാത്രങ്ങൾക്കും ബൽറാമിന്റെ ഒരു ചെറിയ ഇമേജെങ്കിലും ഉണ്ടാകാതിരുന്നിട്ടില്ല.
ടി ദാമോദരന്റെ തിരക്കഥയിൽ ഐ വി ശശി അണിയിച്ചൊരുക്കിയ ആവനാഴി, മലയാളത്തിൽ അതുവരെയുളള പോലീസ് കഥാപാത്രങ്ങളുടെ അവതരണ രീതികളെയെല്ലാം പൊളിച്ചെഴുതുന്നതായിരുന്നു. ഇൻപെക്ടർ ബൽറാം ആയി മമ്മൂട്ടി അല്ലാതെ മറ്റൊരു നടനെയും മലയാള സിനിമയ്ക്ക് എന്നല്ല, ഇന്ത്യൻ സിനിമയ്ക്ക് തന്നെ സങ്കല്പിക്കാൻ കഴിയുമായിരുന്നില്ല. അത്രയ്ക്കും തീവ്രതയോടും തന്മയത്വത്തോടും കൂടിയാണ് മമ്മൂട്ടി ആവനാഴിയിലെ പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചത്. 1986-ലെ ഒരു ഓണക്കാലത്താണ് ആവനാഴി തിയേറ്ററുകളിൽ എത്തുന്നത്. തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ആവനാഴി ആ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറി.
അഞ്ചു വർഷങ്ങൾക്കു ശേഷം ഇൻപെക്ടർ ബൽറാം വീണ്ടും വെള്ളിത്തിരയിൽ അവതരിച്ചു. ആവനാഴി ഒരുക്കിയ ഐ വി ശശി ടി ദാമോദരൻ ടീം തന്നെയായിരുന്നു അവനാഴിയുടെ രണ്ടാം ഭാഗം ഒരുക്കിയത്. അവനാഴിയുടെ രണ്ടാം ഭാഗം എന്ന് പറയുന്നതിനേക്കാൾ അതിലെ ഇൻസ്‌പെക്ടർ ബൽറാമിന്റെ രണ്ടാം വരവ് എന്ന് പറയുന്നതാണ് കൂടുതൽ ചേരുക. സൂപ്പർ ഹിറ്റായ ഒരു സിനിമയുടെ രണ്ടാം ഭാഗം വിജയമാകാറില്ല എന്ന പൊതു ധാരണയെ തിരുത്തിക്കുറിക്കുന്നതായിരുന്നു 1991-ൽ തിയേറ്ററുകളിൽ എത്തിയ ഇൻപെക്ടർ ബൽറാം എന്ന ചിത്രത്തിന്റെ ഐതിഹാസിക വിജയം. ഒരുപക്ഷെ ആവനാഴിയിൽ മമ്മൂട്ടി അവതരിപ്പിച്ച ആ പോലീസ് കഥാപാത്രത്തിന്റെ സ്വാധീനം തന്നെയാകാം ഇൻസ്‌പെക്ടർ ബൽറാം നേടിയ ഗംഭീര വിജയത്തിൽ ഒരു പങ്ക് വഹിച്ചത്. ആക്‌ഷൻ രംഗങ്ങളിൽ ആദ്യ ചിത്രത്തേക്കാൾ മമ്മൂട്ടി ഗംഭീര പെർഫോമൻസാണ് ഇൻസ്‌പെക്ടർ ബൽറാമിൽ കാഴ്ചവച്ചത്. ക്ളൈമാക്സ് രംഗത്തുള്ള മമ്മൂട്ടിയുടെ ഹിന്ദി ഡയലോഗിന് തിയേറ്ററുകളിൽ ഉയർന്ന കൈയടി ഇന്നും കാതുകളിൽ തങ്ങിനിൽക്കുന്നു. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ഹിന്ദി ഡയലോഗ് ഡെലിവറി കണ്ടാണ് പ്രശസ്ത ബോളിവുഡ് ഡയരക്ടർ ഇഖ്ബാൽ ദുറാനി തന്റെ ദർതീപുത്ര എന്ന ഹിന്ദി ചിത്രത്തിലെ നായകനാകാൻ മമ്മൂട്ടിയെ ക്ഷണിച്ചത്.
ആവനാഴി നേടിയതിനേക്കാൾ ഗംഭീര ബോക്സോഫീസ് വിജയം നേടിയ ഇൻസ്‌പെക്ടർ ബൽറാമിന്റെ റെക്കോർഡ് ഇന്നും തകർക്കപ്പെട്ടിട്ടില്ല. മലയാളത്തിൽ ഇറങ്ങിയ പല സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെയും രണ്ടാം ഭാഗം ഇറങ്ങിയിട്ടുണ്ട് എങ്കിലും ആദ്യ സിനിമയേക്കാൾ തകർപ്പൻ കളക്ഷൻ നേടിയ സിനിമ ഇൻസ്‌പെക്ടർ ബൽറാം ആണ്. 150 ദിവസത്തോളം ഈ ചിത്രം പ്രദർശിപ്പിച്ചു.
അതിരാത്രത്തിലെ താരാദാസിനെയും ആവനാഴിയിലെ ബൽറാമിനെയും പ്രധാന കഥാപാത്രങ്ങളാക്കി വർഷങ്ങൾക്ക് ശേഷം ഐ വി ശശി ഒരുക്കിയ ബൽറാം Vs താരാദാസ് എന്ന ചിത്രം പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. കഥാപാത്രങ്ങളുടെ ശക്തിക്കൊത്തു ഉയരാത്ത തിരക്കഥയായിരുന്നു ആ സിനിമയുടെ പോരായ്മ.
ഇന്നും പോലീസ് വേഷങ്ങളുടെ അവസാനവാക്കായി മമ്മൂട്ടി മാറുന്നത് ആവനാഴിയിലെയും ഇൻസ്‌പെക്ടർ ബൽറാമിലെയും ആ പോലീസ് കഥാപാത്രമാണ്… ഇൻസ്‌പെക്ടർ ബൽറാം !