Connect with us

Hi, what are you looking for?

Exclusive

മികച്ചൊരു സൗണ്ട് എക്സ്പീരിയൻസ് കൂടിയാകും ദി പ്രീസ്റ്റ് : ജെ ഡി

Exclusive interview 

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് പ്രദർശനത്തിനെത്തുകയാണ്. കോവിഡ് ലോക് ഡൗണിനു ശേഷം എത്തുന്ന മലയാളത്തിലെ ആദ്യ സൂപ്പർ താര ചിത്രം കൂടിയാകും ദി പ്രീസ്റ്റ്.
ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
മമ്മൂട്ടിയുടെ വ്യത്യസ്തമായ ഗെറ്റപ്പും പുതുമയാർന്ന കഥാപത്രവുമായി എത്തുന്ന ദി പ്രീസ്റ്റ് ഒരു സപ്സ്പെൻസ് ത്രില്ലർ മൂവിയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്.

ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ സിങ്ക് സൗണ്ടിലാണ് ഈ സിനിമ ചിത്രീകരിച്ചത് എന്നതാണ്. സംസ്ഥാന -ദേശീയ അവാർഡ് ജേതാവ് കൂടിയായ സൗണ്ട് ഡിസൈനർ ജയദേവൻ ചക്കടത്ത് (ജെ ഡി ) ആണ് ഈ ചിത്രത്തിന്റെ സിങ്ക് സൗണ്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ളത്.
പ്രീസ്റ്റിന്റെ സിങ്ക് സൗണ്ട് വിശേഷങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് ജയദേവൻ.

ജയദേവനുമായി മമ്മൂട്ടി ടൈംസ് നടത്തിയ എക്സ്ക്ളൂസീവ് അഭിമുഖം.

❓️ ദി പ്രീസ്റ്റിലെ സിങ്ക് സൗണ്ടിന്റെ പ്രത്യേകതകൾ 

ഒരു സസ്പെൻസ് ത്രില്ലർ എന്ന് വിശേഷിക്കാവുന്ന സിനിമയാണ് ദ് പ്രീസ്റ്റ്. ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിട്ടുള്ളത് കുട്ടിക്കാനത്താണ്. അരുൺ കുമാറാണ് ഇതിന്റെ സിങ്ക് സൗണ്ട് റിക്കാർഡിങ്ങ് ചെയ്തിരിക്കുന്നത്. സൗണ്ട് ഡിസൈനിങ്ങിലാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. ഈയിടെ പുറത്തിറങ്ങിയ പ്രീസ്റ്റിന്റെ ടീസറിൽ മമ്മൂക്കയുടെ സംഭാഷണം നിങ്ങൾ ശ്രദ്ധിച്ച് കാണും. ആ സംഭാഷണം ഡബ്ബ് ചെയ്തത് ട്രാക്ക് അല്ല.അത് സിങ്ക് സൗണ്ടാണ്. അതിൽ നിന്ന് തന്നെ സിങ്ക് സൗണ്ടിന്റെ ക്വാളിറ്റി മനസ്സിലായി കാണുമെന്ന് വിചാരിക്കുന്നു.

❓️ ഒരു സസ്പെൻസ് ത്രില്ലർ എന്ന നിലയ്ക്കു സൗണ്ട് സിങ്കിൽ എന്തൊക്കെ പ്രത്യകതകളാണ് പ്രീസ്റ്റിനുള്ളത്?

സസ്പെൻസ് ത്രില്ലർ എന്ന വിഭാഗത്തിൽപ്പെടുന്ന ചിത്രമെന്ന നിലക്ക് സിങ്ക് സൗണ്ടിന് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ചിത്രമായിരിക്കും പ്രീസ്റ്റ്. സംഗീതവും ശബ്ദവും, രണ്ടും ഒരുമിച്ച് പോയാൽ മാത്രമേ സിനിമക്ക് നല്ലൊരു ഔട്ട് പുട്ട് വരികയുള്ളൂ. ഇതിന്റെ സംഗീതസംവിധായകൻ രാഹുൽ രാജും ഞാനും സിനിമയുടെ തുടക്കം മുതൽ തന്നെ നല്ലൊരു കമ്യൂണിക്കേഷനുണ്ട്. കൂടാതെ ജോഫിന്റെ ക്രിയേറ്റിവ് ഐഡിയാസും കൂടിയായപ്പോൾ ചിത്രത്തിന് മികച്ചൊരു സൗണ്ട് എക്സ്പീരിയൻസ് വന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.

❓️ ഈ സിനിമയിലേക്ക് എത്തുന്നത്

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ വഴിയാണ് ഇതിന്റെ സംവിധായകൻ ജോഫിനെ കാണുന്നത്.ജോഫിനും തിരക്കഥാകൃത്തുക്കളും കൂടി കഥ നരേറ്റ് ചെയ്ത് തന്നു. അതിനുശേഷം ഈ സിനിമയ്ക്ക് വേണ്ട സിങ്ക് സൗണ്ട് സംബന്ധമായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുകയും ചെയ്തു.

❓️ മമ്മൂക്കയോടൊപ്പമുള്ള അനുഭവങ്ങൾ?

സിങ്ക് സൗണ്ടിനെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന വ്യക്തി കൂടിയാണ് മമ്മൂക്ക. അത് കൊണ്ട് തന്നെ തന്റെ സിനിമകളിൽ ഇത്തരം സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്താൻ അദ്ദേഹം തന്നെ മുൻകൈ എടുക്കാറുണ്ട്. മാത്രമല്ല, ഇത്രയും കാലത്തെ പരിചയസമ്പത്തുണ്ടായിട്ട് പോലും പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും അദ്ദേഹം കാണിക്കുന്ന ക്യൂര്യോസിറ്റി അത് എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു.

❓️ ഏറെ സൂക്ഷ്മതയും ജാഗ്രതയും ഒക്കെ വേണ്ട ഒന്നാണല്ലോ ലോക്കെഷനിലെ സിങ്ക് സൗണ്ട്.. അതിന്റെ റിസ്ക് എത്രത്തോളമുണ്ട്? ആ റിസ്ക് ഏറ്റെടുക്കുന്നതിലെ വെല്ലുവിളികൾ?

റിസ്ക്കിനെ കുറിച്ച് പറയുകയാണെങ്കിൽ, ഏതൊരു സിനിമക്കും സിങ്ക് സൗണ്ടിൽ ഒരോ ദിവസവും ഒരോ റിസ്ക്കായിരിക്കും. കാരണം നമ്മൾ ഓരോ ലൊക്കേഷനിൽ എത്തുമ്പോഴായിരിക്കും പുതിയ വിഷയങ്ങൾ വരുന്നത്. ചില സ്ഥലത്ത് എത്തുമ്പോൾ, ഇന്നലെ വരെ ഇല്ലാത്ത കെട്ടിടത്തിന്റെ പണി അവിടെ തുടങ്ങുന്നത്. അല്ലെങ്കിൽ വേറെ എന്തെങ്കിലും സൗണ്ട് ഉണ്ടാകും. ഇതെല്ലാം തന്നെ നമ്മളെ ബാധിക്കുന്ന വിഷയങ്ങളാണ്. ഇതിനെയെല്ലാം കൈകാര്യം ചെയ്ത് മുന്നോട്ട് കൊണ്ട് പോവുക എന്നതാണ് ഒരു സിങ്ക് സൗണ്ട് റിക്കാർഡിസ്റ്റിന്റെ ഏറ്റവും വലിയ വെല്ലുവിളി. അത് കൊണ്ട് തന്നെയാണ് ഒരു ടെക്ക്നിക്കൽ ജോലിക്ക് പുറമേ സിങ്ക് സൗണ്ട് ഒരു മാനേജേരിയൽ ജോലിയാണെന്ന് പറയുന്നത്.

❓️ പുതിയ കാലത്ത് സിങ്ക് സൗണ്ടിന്റെ സാദ്ധ്യതകൾ എത്രത്തോളമുണ്ട്

സിങ്ക് സൗണ്ട് ആദ്യമൊക്കെ അവാർഡ് സിനിമയിലും ഓഫ് ബീറ്റ് സിനിമകളിലും മാത്രമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മലയാളത്തിൽ വാണിജ്യപരമായി വിജയിച്ചിട്ടുള്ള ഒരുപാട് സിനിമയിൽ സിങ്ക് സൗണ്ടാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ, സിനിമയുടെ ക്രൂ മെമ്പർസിന്റെയും പ്രൊഡക്ഷന്റെയും ഒരുപാട് സഹായവും സഹകരണവും ഇതിന് ആവശ്യമുണ്ട്. കാരണം എന്തെന്നാൽ നമ്മൾ ഒരു ഷോട്ട് എടുക്കുന്ന സമയത്ത് സൗണ്ട് റെക്കോർഡ് ചെയ്യാൻ കുറച്ച് സമയം സെറ്റിൽ നിശബ്ദത അത്യാവശ്യമാണ്. അത് ഇന്നത്തെ ടെക്നോളജിയുടെ അഡ്വ്വാൻൻസ്മെന്റ് വെച്ചിട്ട് വളരെയധികം ഭംഗിയോടെ ചെയ്യാവുന്നതാണ്. ഒരുപാട് പേർ ഇപ്പോൾ സിനിമയിൽ സിങ്ക് സൗണ്ട് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് അതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

❓️ ലൈവ് ഡബ്ബിങ് ഒരു സിനിമയ്ക്ക് എത്രമാത്രം ഗുണം ചെയ്യും?

ലൈവ് സൗണ്ട് സിനിമക്ക് എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് പറഞ്ഞാൽ സൗണ്ടിൽ വർക്ക് ചെയ്യുന്ന എന്നെക്കാൾ അത് കേൾക്കുകയും കാണുകയും ചെയ്യുന്ന പ്രേക്ഷകരാണ് അതിനെ വിലയിരുത്തേണ്ടത്. എന്റെ അഭിപ്രായത്തിൽ, ഒരാൾ അഭിനയിക്കുമ്പോൾ ആ സമയത്ത് നമ്മൾ പകർത്തുന്ന ശബ്ദവും ദൃശ്യവും കൂടുതൽ ഓർഗാനിക്കും ഫലപ്രദവും ആണെന്നാണ് തോന്നുന്നത്. പക്ഷേ അതിന് അതിന്റേതായിട്ടുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഇന്നത്തെ അഡ്വാൻസ്ഡ് ടെക്നോളജി ഉപയോഗിച്ച് ഭംഗിയായി ചെയ്യാൻ കഴിയുന്നുണ്ട്. ബോളിവുഡിലും മലയാളത്തിലും വർക്ക് ചെയ്ത വ്യക്തി എന്ന നിലക്ക്, ഒരു പെർഫോമൻസ് വളരെ ഭംഗിയായിട്ട് ഒപ്പിയെടുക്കാൻ സാധിക്കുന്നത് സിങ്ക് സൗണ്ട് കൊണ്ടാണെന്ന് പറയാം. അത് കൊണ്ടായിരിക്കാം മമ്മൂക്കയെ പോലുള്ള സിനിയർ നടന്മാർ അദ്ദേഹത്തിന്റെ നിനിമയിൽ സിങ്ക് സൗണ്ട് വേണമെന്നും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.

❓️ 2017ൽ ബെസ്റ്റ് ഓഡിയോഗ്രാഫിക്കുള്ള ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയല്ലോ, കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിലൂടെ.
അതിനെക്കുറിച്ചു

‘കാട് പൂക്കുന്ന നേരം’ എന്ന സിനിമ ഡോ. ബിജുവിന്റെ ഒപ്പം ചെയ്ത വർക്കാണ്. ഇതിന് മുമ്പ് സാറിന്റെ വീട്ടിലേക്കുള്ള വഴി മുതൽ കഴിഞ്ഞ വെയിൽ മരങ്ങൾ എന്ന സിനിമ വരെ ഒമ്പത് ചിത്രങ്ങളിൽ ഒരേ ക്രീ ന്റെ കൂടെ വർക്ക് ചെയ്തിട്ടുള്ളതാണ്. വളരെ ചെറിയ ബജറ്റിൽ വേറിട്ട കഥകൾ പറയുന്ന സിനിമകളാണിതെല്ലാം. കാടിന്റെ അകത്ത് പോയി ഷൂട്ട് ചെയ്യുന്നത് വളരെയധികം പ്രിയപ്പെട്ട സംഭവമാണ്. കാർബൺ എന്ന സിനിമക്കും എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടുണ്ട്. കാടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ് കാർബൺ. കാടിന്റെ സൗണ്ട് ഉണ്ടാക്കുമ്പോൾ അൺലിമിറ്റഡായിട്ടുള്ള ഓപ്ഷനുകളാണ് നമുക്കുള്ളത്. കാരണം ഒന്നോ രണ്ടോ അല്ലെങ്കിൽ പത്ത് സൗണ്ട് കൊണ്ട് നമുക്ക് കാടിനെ അഭിമുഖീകരിക്കാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ കാടിന്റെ പശ്ചാത്ത തലത്തിൽ കഥ പറയുന്ന സിനിമകളിൽ പ്രവർത്തിക്കാൻ കഴിയുന്നതിൽ വളരെയധികം സന്തോഷമാണ്.

❓️ കുമ്പളങ്ങി നൈറ്റ്സ് ഏറെ പ്രശംസ നേടിത്തന്ന WORK ആയിരുന്നല്ലോ. ആ അനുഭവങ്ങൾ

സിനിമയെ കുറിച്ചാണെങ്കിലും നമ്മുടെ വർക്കിനെ കുറിച്ചാണെങ്കിലും വളരെയധികം പ്രശംസ കിട്ടിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. മനസ്സിനിണങ്ങിയ ഒരു ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമാണുള്ളത്. കൊച്ചിയിലായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. തുടരെ ഒരുപാട് ദിവസം രാത്രിയിൽ ഷൂട്ട് ചെയ്ത ഓർമകൾ മനസ്സിൽ ഇപ്പോഴുമുണ്ട്.

 

❓️ എങ്ങിനെയാണ് ഈ രംഗത്തു എത്തുന്നത്?

എന്റെ ഡിഗ്രി പഠനകാലത്ത് സിനിമയോടുള്ള മോഹം കാരണം സിനിമാടോഗ്രാഫി പഠിക്കാൻ വേണ്ടി പൂണൈ ഫിലിം ഇൻസ്റ്റ്യൂട്ടിലും സത്യജിത് റെ ഫിലിം ഇൻസ്റ്റ്യൂട്ടിലും അപേക്ഷിച്ച് ഇന്റർവ്യൂ ന് വേണ്ടി കാത്തിരിക്കുന്ന സമയത്താണ് സത്യജിത്ത് റെ ഫിലിം ഇൻസ്റ്റ്യൂട്ടിൽ നിന്നും സൗണ്ടിന്റെ ഒരു ഓപ്ഷൻ വരികയും അങ്ങനെ അതിൽ ജോയിൻ ചെയ്യുകയുമായിരുന്നു. എന്നെ ഞാനാക്കിയതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുളളത് ഈ ഇൻസ്റ്റ്യൂട്ടാണ് എന്ന് പറയാം. കാരണം ഒരുപാട് മറക്കാനാവാത്ത ഓർമകൾ ഉണ്ടായിട്ടുണ്ട് ഈ പഠനക്കാലത്തെനിക്ക്. പഠനം കഴിഞ്ഞ് ബോംബെയിൽ പോയി പ്രഗൽഭരായ മൂന്ന് പേരെ അസിസ്റ്റ ചെയ്ത് പിന്നീട് സ്വതന്ത്രനായി വന്ന ഒരാളാണ് ഞാൻ.

❓️ പുതിയ പ്രോജക്ട്കൾ?

പുതിയ പ്രൊജക്ടുകൾ , ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് പ്രീസ്റ്റാണ്. ഫൈനൽ മിക്സിംഗ് സ്റ്റേജിലാണ് ഇപ്പോഴുള്ളത്. അടുത്ത് തുടങ്ങാനുള്ളത് വിജയ് സേതുപതിയും നിത്യാമേനോനും അഭിനയിക്കുന്ന 19A എന്ന സിനിമയാണ്. അത് കഴിഞ്ഞ് മാർച്ചിൽ ഫുട്ബോളുമായി ബന്ധപ്പെട്ട ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഹിന്ധിയിൽ ഒരു ഓഫ് ബീറ്റ് സിനിമ ‘ഷൂ ബോക്സ് ‘ വേറെ പ്രൊജക്ട. അതിന്റെ വർക്കും ഫൈനൽ സ്റ്റേജിലാണ്.

❓️കുടുംബ വിശേഷങ്ങൾ

ഞാൻ തൃശൂരാണ് ജനിച്ച് വളർന്നത്. കല്യാണം കഴിച്ചിരിക്കുന്നത് മധ്യപ്രദേശിൽ നിന്നുമാണ്. ഞങ്ങൾക്ക് ഒരു ആൺകുട്ടിയാണുള്ളത്. ഇപ്പോൾ കൊച്ചിയിലാണ് താമസം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles