16 വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരിസിന്റെ അഞ്ചാം ഭാഗമായ ‘CBI -5, THE BRAIN’ എത്തുമ്പോൾ അതിന്റെ ഭാഗമായി അതുല്യ നടൻ ജഗതി ശ്രീകുമാറും. അദ്ദേഹം അഭിനയിക്കുന്ന ഭാഗങ്ങൾ ഇന്ന് ചിത്രീകരിച്ചു തുടങ്ങും. അപകടത്തിന് ശേഷം കുഞ്ഞുമോന്‍ താഹ കഥയെഴുതി സംവിധാനം ചെയ്ത ‘തീമഴ തേന്‍മഴ’ എന്ന ചിത്രത്തിലും ഒരു പരസ്യ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. സി.ബി.ഐ അഞ്ചാം ഭാഗത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നപ്പോൾ മുതൽ ആദ്യ ഭാഗങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയ ജഗതി ശ്രീകുമാർ ഈ സിനിമയുടെ ഭാഗമാകും എന്ന നിലയിൽ വാർത്തകൾ വന്നിരുന്നു. ഒരു അപകടത്തിന് ശേഷം വിശ്രമിക്കുന്ന വിക്രം എന്ന ജഗതിയുടെ കഥാപാത്രത്തെ സേതുരാമയ്യര്‍ സന്ദർശിക്കുന്നതാണ് കഥയിലെ സന്ദർഭം എന്നും വാർത്തകളുണ്ടായിരുന്നു.
ഏറെ ജനപ്രിയമായ തീം മ്യൂസിക്കന്റെ അകമ്പടിയോടെ ഇന്നലെ റിലീസ് ചെയ്ത സിബിഐ സീരീസിന്റെ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചു.രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായി മമ്മൂട്ടി എത്തിയത് ആവേശത്തോടെയാണ് സിനിമാ പ്രേമികൾ സ്വീകരിച്ചത്. ഒരേ നടനും സംവിധായകനും തിരക്കഥാകൃത്തുമായി ഒരു സിനിമയുടെ അഞ്ചു ഭാഗങ്ങൾ എത്തുന്നത് ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണ്. നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, സായ് കുമാർ , സൗബിൻ ഷാഹിർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോൻ, അൻസിബ,മാളവിക നായർ മായാ വിശ്വനാഥ്,സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.