Connect with us

Hi, what are you looking for?

Star Chats

“യുവതലമുറയുടെ ഇൻസ്പിരേറ്റിവ് ആക്ടറാണ് മമ്മൂക്ക “

ഞാൻ വേദികളിൽ മിമിക്രി അവതരിപ്പിച്ചു നടക്കുന്ന കാലം. കോട്ടയം നസീറിക്കയുടെ കൂടെ മിമിക്രി ആർട്ടിസ്റ്റായി എറണാകുളം ബോൾഗാട്ടി പാലസിൽ എത്തിയതാണ്.
സ്റ്റേജിനടുത്ത് നിൽക്കുമ്പോഴാണ് ഒരാൾ എന്റെ തൊട്ടു പിന്നിലെത്തിയിട്ട്‌ ചോദിക്കുന്നത്, ദിലീപ് എവിടെയുണ്ടെന്ന്. പരിചിതമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ സ്തംഭിച്ചു പോയി.
ഞാൻ സ്നേഹിക്കുന്ന, ആരാധിക്കുന്ന താരം.
സാക്ഷാൽ മമ്മൂക്ക !

 

അറിയില്ലെന്ന് ഞാൻ ഒരു കണക്കിനാണ് പറഞ്ഞത്. മമ്മൂക്കയെ ഞാൻ ആദ്യമായി കാണുന്നത് അന്നാണ്. അതും മമ്മൂക്കയെപ്പോലൊരാൾ എന്നോട് ഇങ്ങോട്ട് വന്നു ഒരു കാര്യം ചോദിച്ചപ്പോൾ സത്യത്തിൽ എന്റെ കിളി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ.

അന്ന് ഞാൻ ടിവിയിൽ പ്രോഗ്രാം ചെയ്തിരുന്നു. അത് മമ്മൂക്ക കണ്ടിട്ടുണ്ടെന്നും അദ്ദേഹം അത് തിരിച്ചറിഞ്ഞാണ് എന്റെ അടുക്കൽ വന്നു ദിലീപിനെ അന്വേഷിച്ചതെന്നും പിന്നീട് ഞാൻ മനസ്സിലാക്കി. അന്നുണ്ടായിരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

പിന്നീട് എന്റെ ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും അദ്ദേഹം എനിക്ക് സന്തോഷം ആയി മാറി. എന്റെയും എന്റെ പെങ്ങളുടെയും കല്യാണത്തിന് അദ്ദേഹം നേരിട്ടെത്തി അനുഗ്രഹിച്ചു. എന്റെ കല്യാണത്തിന് എത്തുന്നത് മിഷൻ 90 ഡേയ്സിന്റെ ഷൂട്ടിംഗ് തിരക്കിനിടയിൽ ആയിരുന്നു. അന്ന് പായസം കഴിച്ചു കുടുംബവുമായി സന്തോഷം പങ്കിട്ടാണ് അദ്ദേഹം മടങ്ങിയത്. കല്യാണ ശേഷം ഞാനും സരിതയും കൂടി മമ്മൂക്കയുടെ വീട്ടിൽ പോയിരുന്നു. അന്ന് കിട്ടിയ സ്വീകരണം പിന്നീട് അത് ഒരു ശീലമാക്കി മാറ്റാൻ പ്രേരിപ്പിച്ചു. നല്ലൊരു ബന്ധം മമ്മൂക്കയുടെ കുടുംബവുമായി പുലർത്താനും അതോടെ അവസരം ലഭിച്ചു.

അഭിനയ രംഗത്തേക്ക് കടന്നുവരുന്നവരുടെയും മാതൃകയാണ് അദ്ദേഹം. പ്രൊഫഷണലായും പേഴ്സണലായും അദ്ദേഹം പുലർത്തുന്ന മികവാണ് അദ്ദേഹത്തെ ഈ ഉയർന്ന സിംഹാസനത്തിൽ പ്രതിഷ്ഠിക്കുന്നത്.  യുവാക്കളുടെ ട്രെൻഡായി മാറാനും നമ്മുടെ സിനിമയിലെ യുവ തലമുറയുടെ ഏറ്റവും വലിയ inspirative actor ആയി  മാറാനും കഴിഞ്ഞു.

ഇന്ത്യയിൽ  ഇത്രയും വൈവിധ്യമാർന്ന നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത് മമ്മൂക്കയ്ക്കല്ലാതെ വേറെ ആർക്കാണ്. മമ്മൂക്ക കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന രീതി മാതൃകാപരമാണ് . ഒരു സിനിമയുടെ കഥ കേൾക്കുന്നതും അത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതും മമ്മൂക്ക തനിച്ചാണ്. അതാണ് അദ്ദേഹത്തിന്റെ ഒരു വിജയ രഹസ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. കഥ കേൾക്കുമ്പോൾ തന്നെ വിജയ സാധ്യതകൾ തിരിച്ചറിയാൻ അദേഹത്തിന് കഴിയുന്നു. ഒരു കഥാപാത്രത്തെ ഉൾക്കൊണ്ട് കഴിഞ്ഞാൽ അദ്ദേഹം അതിനനുസൃതമായി മാറുകയാണ്‌. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും പ്രകടമാകുകയും ചെയ്യുമെന്നത്‌ അനുഭവമാണ്. ബസ് കണ്ടക്ടർ, പരുന്ത്, ലൗ ഇൻ സിംഗപ്പൂർ എന്നീ മൂന്ന് ചിത്രങ്ങളിലാണ് എനിക്ക് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത്. ഈ  മൂന്ന് ചിത്രങ്ങളുടെ അനുഭവം എനിക്ക് വിലപ്പെട്ടതായിരുന്നു. ഏത് കഥാപാത്രമാണോ അദ്ദേഹം അവതരിപ്പിക്കുന്നത് ആ കഥാപാത്രം മമ്മൂക്കയുടെ വ്യക്തിത്വത്തെയും ബാധിക്കുമെന്ന് ഞാൻ ഇൗ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചപ്പോൾ മനസ്സിലായി. ബസ് കണ്ടക്ടറിൽ അഭിനയിക്കുമ്പോൾ ഒരു സാധാരണക്കാരനെ പോലെ പെരുമാറുന്ന മമ്മൂക്കയെയാണ് എനിക്ക് ലോക്കേഷനിൽ കാണാൻ കഴിഞ്ഞത്. എന്നാൽ പരുന്തിൽ എത്തിയപ്പോൾ ഒരു അകലം അനുഭവപ്പെട്ടു. ഒരു പരുക്കനായ കഥാപാത്രമായിരുന്നു പരുന്തിലേത്. അതിന് അനുസൃതമയി മമ്മൂക്ക മൊത്തത്തിൽ മാറിയത് പോലെ തോന്നി. ലൗ ഇൻ സിംഗപ്പൂരിന്റെ ലൊക്കേഷനിൽ എത്തിയപ്പോൾ അവസ്ഥ മറ്റൊന്നായിരുന്നു. കളിയും ചിരിയുമായി കുട്ടികളെപ്പോലെ വളരെ ഫ്രീ ആയി പെരുമാറുന്ന മമ്മൂക്ക. സംവിധായകൻ ആക്ഷനിൽ തുടങ്ങി കട്ട് പറയുമ്പോൾ അവസാനിക്കുന്നതല്ല കഥാപാത്രമെന്ന് ഇതിൽ നിന്നും ബോധ്യമായി. ലൊക്കേഷനിലേക്ക് എത്തുന്നതും ആ ചിത്രം പൂർത്തിയാക്കുന്നത് വരെ ആ കഥാപാത്രത്തെ ഉൾക്കൊള്ളുന്നതുമായ ഒരു രീതി.


മറ്റൊരു രസകരമായ അനുഭവം ‘രാജമാണിക്യ’ത്തിന്റെ ചിത്രീകരണം നടക്കുന്ന സമയത്താണ്. മമ്മൂക്ക പൊള്ളാച്ചിയിൽ നിന്നും വരുകയാണ്. ഞാൻ പാലക്കാട് നിന്നും ഷൂട്ടിംഗ് കഴിഞ്ഞ് വരുന്നു. തൃശൂർ എത്തുന്നതിനു മുൻപായി മമ്മൂക്കയുടെ കാർ എന്റെ കാറിന് മുന്നിലൂടെ പായുന്നത് കണ്ടു. ഉടനെ ഞാൻ മമ്മൂക്കയെ ഫോണിൽ വിളിച്ചു. കുറച്ച് ദൂരം മുന്നോട്ട് ചെല്ലുമ്പോൾ മമ്മൂക്ക റോഡരികിൽ വണ്ടി ഒതുക്കി കാത്തു നിൽക്കുകയാണ്. വണ്ടി ഒതുക്കി ഞാൻ ചെന്നപ്പോൾ അദ്ദേഹത്തിന്റെ കാറിലായി പിന്നീട് യാത്ര. എറണാകുളം വരെ പല കാര്യങ്ങൾ പറഞ്ഞു കൊണ്ടുള്ള മറക്കാനാവാത്ത ഒരു യാത്ര. യാത്രയിൽ ഉടനീളം പറയുന്നത് തിരുവനന്തപുരം ഭാഷ. ഒരു മിമിക്രി താരം അവതരിപ്പിക്കുന്ന പോലെ പഠിച്ച് പറയുന്ന രീതി. ഞാൻ തന്നെ അൽഭുതപ്പെട്ടു. മമ്മൂക്ക വല്ലാത്തൊരു സംഭവമാണെന്ന് ഞാൻ മനസ്സിൽ പറഞ്ഞു. മമ്മൂക്കയ്ക്ക് ഒപ്പം സന്തോഷിക്കുമ്പോൾ മനസ്സിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു. എന്റെ ഡ്രൈവർ മമ്മൂക്കയുടെ തൊട്ടുപിന്നിലെത്താൻ പെടുന്ന പാട് കണ്ടിട്ടാണ് ഞാൻ ഭയന്നത്. ഡ്രൈവിങ്ങിന്റെ കാര്യത്തിലും മമ്മൂക്ക എന്നെ ഞെട്ടിച്ചു.

ഏത് സമയവും വിളിക്കാൻ സ്വാതന്ത്യം അദ്ദേഹം തരുന്നത് കാണുമ്പോൾ അടുപ്പം വർധിക്കുകയാണ്. വിളിക്കുമ്പോൾ കിട്ടുന്നില്ലെങ്കിൽ പിന്നീട് തിരിച്ച് വിളിക്കും. മമ്മൂക്ക വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ എളിമയുടെ മുന്നിൽ ഞാൻ ഒന്നുമല്ലതായി മാറുകയാണ്. മമ്മൂക്കയുടെ ഓരോ സിനിമ ഇറങ്ങുമ്പോഴും മമ്മൂക്കയെ വിളിച്ച് അഭിപ്രായം പറയുന്ന പതിവ്  എനിക്കില്ലായിരുന്നു. നല്ല സിനിമ വരുമ്പോൾ മാത്രമായിരുന്നു അഭിനന്ദനം അറിയിക്കാൻ വിളിച്ചിരുന്നത്. എന്നാൽ ചില വർഷങ്ങളിൽ ആ പതിവ് തെറ്റും. എല്ലാം മികച്ച ചിത്രങ്ങളാകുമ്പോൾ വിളിയും സ്ഥിരമാകും !

മമ്മൂക്കയെ ഭൂമിയിലേക്ക് ഇറങ്ങി വന്നു ദൈവം തൊട്ടനുഗ്രിച്ചു എന്നതിനൊപ്പം വലിയൊരു കഠിനാധ്വാനത്തിന്റെ ഫലം കൂടി ഉണ്ടെന്ന് മറക്കാനാവില്ല. വളരെയധികം കഷ്ടപ്പെട്ട് നേടിയെടുത്തതാണ് അദ്ദേഹത്തിന്റെ പ്രശസ്തിയും പ്രൗഢിയും.

മമ്മൂക്ക എന്ന പ്രതിഭ മലയാളിയുടെ ഒപ്പം എന്റെയും ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A