മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകൾ എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി സിനിമകളുടെയും കഥാപാത്രങ്ങളുടെയും സൃഷ്ടാവായ ജോൺ പോളിന്റെ വിയോഗം സാംസ്ക്കാരിക കേരളത്തിന് തന്നെ തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്ന അതി ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അതിരാത്രത്തിലെ താരാദാസ്. മമ്മൂട്ടിയെ താര സിംഹാസനത്തിൽ അവരോധിച്ച ആദ്യകാല കഥാപാത്രങ്ങളിൽ സവിശേഷ സ്ഥാനമാണ് താരാദാസിനുള്ളത്. ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ഇൻസ്പെക്ടർ പ്രസാദും മമ്മൂട്ടിയുടെ താരാദാസും തമ്മിലുള്ള സംഭാഷണം ഇന്നും പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്നതാണ്.
താരാദാസ്: “യേസ്…”
പ്രസാദ്: “”എക്സ്ക്യൂസ് മീ, വാട്ട് ഈസ് യുവർ ഗുഡ് നെയിം?”
“താരാദാസ്.”
”വാട്ട് ?”
”താരാദാസ്”
”എന്തുചെയ്യുന്നു?”
”സ്മഗ്ലിങ്.”
”എന്ത് ?”
”സ്മഗ്ലിങ് ..എസ്.. എം.. യു.. ജി.. ജി..എൽ..ഐ..എൻ..ജി… സ്മഗ്ലിങ്. കള്ളക്കടത്ത്.”
”ഹലോ. സോ യൂ ആർ മിസ്റ്റർ താരാദാസ്?”
”യേസ്.”
”പരിചയപ്പെട്ടതിൽ വളരെ സന്തോഷം.”
”സോ ആം ഐ.”
”നേരത്തെ വേണമെന്നുണ്ടായിരുന്നു.”
”ഒന്നു ഫോൺ ചെയ്തിരുന്നെങ്കിൽ ഞാൻ അങ്ങോട്ടു വന്നു കാണുമായിരുന്നല്ലോ.”
”ഇനിയും ആകാമല്ലോ.”
”താങ്ക്യൂ. മോസ്റ്റ് വെൽക്കം.”
അതിരാത്രത്തിന്റെ എഴുത്തുസാഹചര്യത്തെക്കുറിച്ച് ബിപിൻ ചന്ദ്രൻ രചിച്ച “ഓർമ്മയുണ്ടോ ഈ മുഖം” എന്ന പുസ്തകത്തിൽ ജോൺ പോൾ ഇങ്ങനെ പറഞ്ഞു – “പതിവുരീതികളിൽനിന്നും മാറിനിൽക്കുന്ന ഒരു ആക്ഷൻ പടം വേണമെന്നാണ് ‘അതിരാത്ര’ത്തിന്റെ നിർമ്മാതാക്കൾ ആവശ്യപ്പെട്ടത്. നമ്മൾ അതുവരെക്കണ്ട ചിത്രങ്ങളിലെ നായകൻമാരെല്ലാം സദ്ഗുണസമ്പന്നരും വില്ലന്മാരെല്ലാം സകലദോഷങ്ങളുടെയും മൂർത്തികളുമായിട്ടാണ് പ്രത്യക്ഷപ്പെടാറുള്ളത്. മോശം സാഹര്യങ്ങളിൽ ജീവിക്കാൻ നിർബന്ധിതനായ അതിരാത്രത്തിലെ നായകനിൽ റോബിൻഹുഡിന്റെ വിദൂരഛായ കാണാൻ സാധിക്കും. പതിവുവിട്ടരീതിയിൽ കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ പതിവുവിട്ട സംഭാഷണവും സാധ്യമാകും. ഞാൻ അതിനു മുൻപും പിൻപും ആക്ഷൻ പടങ്ങൾ ചെയ്തിട്ടില്ല. ആ പാതയിലൂടെ സഞ്ചരിച്ചപ്പോൾ അന്നേവരെ തോന്നാത്ത ആശയങ്ങൾ മനസ്സിലുരുത്തിരിഞ്ഞു. അവയിൽ പലതും സംഭാഷണങ്ങളായി പിറക്കുകയും ചെയ്തു”
*ജോണ്‍ പോളും മമ്മൂട്ടിയും. മാക്ട ചലച്ചിത്ര കളരിക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ (1990): Photos: Anoop George, FaceBook