സോഷ്യൽ മീഡിയയിൽ ‘അങ്കിൾ’ സിനിമയെ മുൻനിർത്തി ജോയ് മാത്യുവിനെ ആക്രമിക്കാൻ തുനിഞ്ഞവർക്കും വെല്ലുവിളിച്ചവർക്കും ജോയ് മാത്യു നൽകിയ മറുപടിയും വെല്ലുവിളിയുടെ സ്വരത്തിൽ തന്നെയായിയിരുന്നു…
“ഈ സിനിമ മോശമായാൽ ഞാൻ പണി നിർത്തും… ഇതിൽ നിർമ്മാതാവ്, നടൻ, തിരക്കഥാകൃത്ത്.. അങ്ങിനെ മൂന്ന് മേഖല ഞന കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ ഏത് മേഖലയാണോ പരാജയപ്പെടുന്നത്, ആ പണി ഞാൻ നിർത്തും.”
ചുമ്മാ ഒരു സിൽമാ ഡയലാഗായിരുന്നില്ല അത്. ജോയ് മാത്യുവിന് ഈ സിനിമയിൽ അത്രയ്ക്കും വിശ്വാസമുണ്ടായിരുന്നു. ‘മമ്മൂട്ടിയെ വെച്ച് എന്തിനീ സിനിമ ചെയ്യുന്നു’ എന്ന് പരിഹസിച്ചവരോടും അദ്ധേഹത്തിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. മമ്മൂട്ടിയെന്ന മികച്ച നടനെയാണ് താൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്, താരത്തെയല്ല…
അതെ; ജോയ് മാത്യു എന്ന തിരക്കഥാകാരനും നിർമ്മാതാവും ഇവിടെ വിജയിക്കുകയാണ്. ഒപ്പം നടനെന്ന നിലയിൽ അദ്ധേഹത്തിന്റെ പെർഫോമൻസ് നാം പല സിനിമകളിൽ കണ്ടതുകൊണ്ട് ആ മേഖകയെക്കുറിച്ച് അധികം സന്ദേഹം ആർക്കുമുണ്ടായിരിക്കില്ല.
‘ഷട്ടർ’ എന്ന സിനിമ ഒരു ഷട്ടറിനു പുറകിൽ നിറച്ച ആകാംക്ഷയായിരുന്നു എങ്കിൽ ‘അങ്കിൾ’ ഒരു യാത്രയിലുടനീളം നിറയുക്കുന്ന ആകാംക്ഷയാണ്്ആദ്യവസാനം മുതൽ പ്രേക്ഷകരെ ശ്വാസമടക്കിപ്പിടിച്ചിരുത്താൻ പാകത്തിലുള്ള ആ ആകാംക്ഷയിൽ ആദ്യം വിജയിച്ചിരിക്കുന്നത് തിരക്കഥാകൃത്തായ ജോയ് മാത്യു തന്നെ. പിന്നെ ഈ സിനിമയ്ക്ക് സാക്ഷാല്ക്കാരമൊരുക്കിയ നവാഗതനായ ഗിരീഷ് ദാമോദർ. ഇവരുടെയെല്ലാം എഫർട്ടിനു സ്ക്രീൻ പ്രസൻസിലൂടെ; ഗംഭീരമാർന്ന പെർഫോമൻസിലൂടെ മലയാളത്തിന്റെ മഹാനടൻ ചാർത്തിയ കൈയൊപ്പ് കൂടിയാകുമ്പോൾ ‘അങ്കിൾ’ സിനിമ മികച്ച ഒരു സൃഷ്ടിയായി മാറുന്നു. അവിടെയാണ് ഈ സിനിമയുടെ സമ്പൂർണ്ണ വിജയവും.
മമ്മൂട്ടിയിൽ നിന്നും പ്രേക്ഷകർ അധികം പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രം…എന്നാൽ ആ മഹാനടനിൽ നിന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു കഥാപാത്രം…അങ്ങിനെ കെ.കെ എന്ന അങ്കിളിന് ഒരുപാട് പ്രത്യേകതകളുണ്ട്. മമ്മൂട്ടിയെന്ന നടന്റെ കരിയറിലെ മികച്ച വേഷങ്ങളുടെ പട്ടികയിൽ അങ്കിളിലെ കെ.കെ.യും ഇനി സ്ഥാനം പിടിക്കും.
കേരളത്തിന്റെ സമകാലിക അവസ്ഥകളെ വളരെ വ്യക്തമായിത്തന്നെ ഈ സിനിമ വരച്ചുകാട്ടുന്നുണ്ട്.
കേരളത്തിന്റെ പൊതു ഇടങ്ങൾ സദാചാരവാദികളുടെയും സദാചാരപ്പോലീസിന്റെയും പിടിയിലാകുന്ന ഈ കാലഘട്ടത്തിൽ സദാചാരവാദികളെ ചോദ്യം ചെയ്യാനും സ്ത്രീയുടെ മാനം എന്നത് അങ്ങിനെ ഇടിഞ്ഞുവീഴാനുള്ളതല്ല എന്ന് പ്രഖ്യാപിക്കുന്ന അമ്മയിലൂടെ(മുത്തുമണി) ഈ കേരളത്തോട് പെൺകുട്ടികളുള്ള അമ്മമാർക്ക് ഉറക്കെ പറയാനുള്ള ഒരു വേദി കൂടി ഈ സിനിമയുടെ അണിയറക്കാർ ഒരുക്കുന്നു.
മലയാള സിനിമയ്ക്ക് പ്രതീക്ഷ നൽകുന്ന ഒരു സംവിധായകനെക്കൂടി ഈ സിനിമയിലൂടെ ലഭിച്ചിരിക്കുന്നു.
