നടൻ, താരം എന്നീ നിലകളിൽ തന്നിലെ അഭിനേതാവിനെ നവീകരിക്കുവാൻ നിതാന്തമായ പരിശ്രമങ്ങൾ നടത്തുന്ന മലയാളത്തിന്റെ മഹാനടന്റെ ശ്രദ്ധേയമായ അഭിനയ മുഹൂർത്തങ്ങൾകൊണ്ട് സമ്പന്നമായ ‘ഭീഷ്മ പർവ്വം’ എല്ലാ വിഭാഗം പ്രേക്ഷകരുടെയും നിരൂപകരുടേയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി മുന്നേറുകയാണ്. അമൽ നീരദ് – മമ്മൂട്ടി ടീമിന്റെ തിരിച്ചു വരവ് അതി ഗംഭീര വിജയം നേടുമ്പോൾ അത് മലയാള സിനിമയ്ക്ക് പുത്തൻ ഉണർവ് സമ്മാനിക്കുക കൂടി ചെയ്യന്നു.മൈക്കിളായി മഹാനടന്റെ പരകായ പ്രവേശത്തെക്കുറിച്ച് നിരവധി പേർ ശ്രദ്ധേയങ്ങളായ കുറിപ്പുകൾ പങ്കുവെയ്ക്കുന്നു.നിൽപിലും നടപ്പിലും, മട്ടിലും,ഭാവത്തിലും കരുതലും, വാത്സല്യവും ഉള്ള മൈക്കിളിനെ മനസിലാക്കാൻ “താരഭാരം ” ഒട്ടും തടസമാകാത്ത നടൻ എന്നാണ് നാടക പ്രവർത്തകനും അധ്യാപകനുമായ ജ്യോതിഷ് എം.ജി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ
Big B യിലെ ചോര കണ്ട് അറപ്പ് തീർന്ന ബിലാൽ അല്ല Bheeshma parva ത്തിലെ മൈക്കിൾ.
പുരിക കൊടികൾ അനങ്ങാത്ത ബിലാലിൽ നിന്നും പുരികവും കണ്ണും കവിളും തുടുക്കുന്ന മൈക്കിൾ എന്ന മനുഷ്യനെ നിർമ്മിച്ചെടുക്കാൻ ഈ പ്രായത്തിലും ഒരു നടൻ നടത്തുന്ന പരിശ്രമം അഭിനയ കലയോടുള്ള അർപ്പണം എന്നല്ലാതെ വിശദീകരിക്കാൻ വാക്കുകൾ ഇല്ല .
മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ശൈലിയിലേക്ക് കഥാപാത്രത്തെ ക്ഷണിച്ച് വരുത്തി കരയുമ്പോൾ പോലും ഭംഗി പോകാതെ താരശോഭ നിലനിർത്തുന്ന താരമായി കഥാപാത്രത്തെ ഉപയോഗിക്കുന്ന നടൻ അല്ല മമ്മൂട്ടി .ഭീഷ്മപർവ്വം എന്ന ചിത്രം കാണുമ്പോഴും കഥാപാത്രത്തോട് അദ്ദേഹം കാണിക്കുന്ന നീതി ഒരു നടനെന്ന നിലയിൽ ആ കലയോടുള്ള അർപ്പണമായി മാത്രമേ കാണാവൂ. അത് ചോരകണ്ട് അറപ്പ് തീർന്ന ബിലാലല്ല . സാഹചര്യങ്ങളാൽ കൊലകത്തിയെടുക്കേണ്ടി വന്ന ഒരു സാധാരണ മനുഷ്യൻ. നിൽപിലും നടപ്പിലും, മട്ടിലും,ഭാവത്തിലും കരുതലും, വാത്സല്യവും ഉള്ള മൈക്കിളിനെ മനസിലാക്കാൻ “താരഭാരം ” ഒട്ടും തടസമാകാത്ത നടൻ .
കഥയും കഥാപാത്രവും ആണ് പ്രേക്ഷകന് അനുഭവമാകേണ്ടത് എന്ന ബോധ്യമുള്ള നടൻമാർ ചുരുക്കമാണ്. കഥാപാത്രത്തെ പൂർണ്ണാർത്ഥത്തിൽ പ്രേക്ഷകരെ അനുഭവിപ്പിക്കലാണ് നടന്റെ ജോലി എന്ന് തിരിച്ചറിയുന്നവരും ചുരുക്കം.വ്യക്തിയുടെ സ്വാഭാവത്തെ മറച്ചു കൊണ്ട് കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ ആവിഷ്കരിക്കുക എന്നതാണ് അഭിനയ കലയുടെ അടിസ്ഥാനമെങ്കിൽ, ആ വഴിയ്ക്ക് സഞ്ചരിക്കുന്ന ചുരുക്കം നടൻമാരിൽ ഒരാള് മമ്മൂട്ടി എന്ന നടൻ . താരമായി തുടരുമ്പോൾ തന്നെ കഥാപാത്ര ശൃഷ്ടിക്കായി അദ്ദേഹം നടത്തുന്ന സൂക്ഷ്മ സമീപനങ്ങൾ ഏതൊരു അഭിനയ വിദ്യാർത്ഥിയ്ക്കും അനുകരണീയമായി മനസിലാക്കാവുന്ന പാഠമാണ്. ‘സിദ്ധിയല്ല സാധനയാണ് കലയെ കൂടുതൽ കലാപരവും ശക്തവുമാക്കുന്നത് ‘ എന്ന തിരിച്ചറിവിന്റെ ഉത്തമ ഉദാഹരണം.സംഭാഷണ ശൈലിയിൽ പോലും കൊച്ചിയിലെ ഏതോ പ്രാദേശിക ചുവയുള്ള നാട്ട് ഭാഷ ഏറ്റവും അനായാസവും വിശ്വസിനീയവുമായി അവതരിപ്പിക്കാൻ കഴിയുന്ന മറ്റൊരു നടൻ നമുക്കില്ല.മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാണ് മൈക്കിൾ എന്നല്ല പറയാൻ ശ്രമിക്കുന്നത്, ഒരു തട്ട് പൊളിപ്പൻ സിനിമയിൽ ….കഥാപാത്രത്തെ മറന്ന് നടന്റെ ഷോ ആക്കി മാറ്റാൻ ശ്രമിക്കാതെ ആ കലയോടുള്ള അർപ്പണ ബോധത്തെ എഴുപതാം വയസിലും കാത്ത് സൂക്ഷിക്കുന്ന ഒരു കലാകാരനോടുള്ള ബഹുമാനവും, സ്നേഹവും അടയാളപ്പെടുത്താതെ പോകുന്നത് അനീതിയാകും എന്ന് കരുതുന്നു.❤️
അഭിനയത്തെ കലയായി കണ്ട
നെടുമുടി വേണു KPAC ലളിത എന്നീ പ്രതിഭകളുടെ സാന്നിധ്യം
“There is no small roles only small actors ”
എന്ന മഹത് വാക്യം അക്ഷരാർത്ഥത്തിൽ ഈ സിനിമയിൽ തെളിയിച്ച രണ്ട് മഹാ പ്രതിഭകളുടെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിക്കുന്നു.
https://www.facebook.com/jyothish.mg.9/posts/5652778034742053