മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് കെ.ജി. ജോർജ്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ വെള്ളിത്തിരയിലെത്തിയ പല ചിത്രങ്ങളും മലയാളസിനിമയിലെ നാഴികക്കല്ലുകളായാണ് വിലയിരുത്തപ്പെടുന്നത്. കെ.ജി ജോർജിന്റെ മേള, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, കഥയ്ക്ക് പിന്നിൽ, ഇലവങ്കോട് ദേശം എന്നീ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മേളയിലെ സർക്കസ് അഭ്യാസിയായ വിജയൻ, യവനികയിലെ പോലീസ് ഇൻസ്‌പെക്ടർ ജേക്കബ് ഈരാളി എന്നീ കഥാപാത്രങ്ങൾ അഭിനേതാവെന്ന നിലയിൽ ചുവടുറപ്പിക്കാൻ മമ്മൂട്ടിയെ ഏറെ സഹായിച്ചു. മലയാള സിനിമാ ലോകത്ത് എത്തിയവരിൽ ഏറ്റവും കൂടുതൽ ഡിസിപ്ലിൻ ഉള്ളയാളായാണ് മമ്മൂട്ടി യെ കെ.ജി ജോർജ് വിശേഷിപ്പിച്ചിട്ടുള്ളത്. സിനിമയ്ക്ക് അതീതമായി പല കാര്യങ്ങൾ ചെയ്യുകയും, ആവശ്യമില്ലാത്ത കഥകളിലും ഗോസിപ്പുകളിലും പോയിപ്പെടുകയും ചെയ്യാറുള്ള സിനിമാ പ്രവർത്തകരിൽനിന്ന് വ്യത്യസ്തനാണ് മമ്മൂട്ടി.തന്റെ കരിയർ മാത്രം മുന്നിൽകണ്ടുകൊണ്ട് കൃത്യമായ അച്ചടക്കത്തോടെയും ആസൂത്രണത്തോടെയും ജീവിച്ച വ്യക്തിയാണ്. സിനിമാരംഗത്ത് നിലനിൽക്കാൻ എന്തൊക്കെ തന്ത്രങ്ങളാണ് ആവശ്യമെന്ന് മനസ്സിലാക്കുകയും കാലാനുസൃതമായി അവ മാറ്റുകയും ചെയ്ത ആളാണ് മമ്മൂട്ടി.
സാധാരണ കൊമേഷ്സ്യൽ സിനിമകളിലെന്നപോലെ നല്ല സിനിമകളിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ആത്മാർഥത നിറഞ്ഞതായിരുന്നു.അങ്ങനെയാണ് അദ്ദേഹത്തിന് നിരവധി പുരസ്‌ക്കാരങ്ങൾ ലഭിക്കുന്നത്.ഒരു ഫിലിം മേക്കർ എന്ന നിലയിൽ താൻ അത്ഭുതത്തോടെ നോക്കിനിൽക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രണ്ടു പേരാണുള്ളതെന്ന് കെ.ജി. ജോർജ് പറയുന്നു .അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയുമാണ് ആ രണ്ടു പേർ. ഈ രണ്ടു പേരും ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങൾക്കു പിന്നിൽ അടിസ്ഥാനപരമായ സത്യസന്ധതയും അസാമാന്യമായ അച്ചടക്കവുമാണുള്ളതെന്ന് താൻ വിശ്വസിക്കുന്നതായും കെ.ജി. ജോർജ് പറഞ്ഞു.
