ഒരിക്കൽ ശ്രീനിവാസൻ എന്നോട് ചോദിച്ചു, “താൻ മമ്മൂട്ടിയെ വച്ച് ചിത്രം എടുത്തില്ലല്ലോ. ഒരു ചിത്രം ആലോചിച്ചുകൂടെ?” ശ്രീനിയുടെ പെട്ടെന്നുള്ള ചോദ്യത്തിനു മറുപടിയായി ‘അതെന്റെ സ്വപ്നമാണെന്ന്’ പറഞ്ഞു.
അതിനിടയിൽ ലോഹിതദാസിന്റെ ഒരു സ്ക്രിപ്റ്റ് മമ്മൂട്ടി ചിത്രത്തിനായി ആലോചിച്ചു എങ്കിലും നടന്നില്ല. അങ്ങനെ ശ്രീനി വഴി തന്നെ ഒത്തുവന്ന മഴയെത്തും മുൻപേ എന്ന ചിത്രത്തിലൂടെയാണ് ഞാൻ ആദ്യമായി ഒരു മമ്മൂട്ടി ചിത്രം ഒരുക്കുന്നത്.
മമ്മൂട്ടി ചിത്രം പ്ലാൻ ചെയ്ത ശ്രീനിയ്ക്ക് പക്ഷേ കഥയുടെ കാര്യത്തിൽ ശൂന്യാവസ്ഥയിലായിരുന്നു. ഒരു വർഷമെടുത്താണ് ശ്രീനി അതിന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. ചിത്രം സൂപ്പർ ഹിറ്റായി എന്നുമാത്രമല്ല, എന്റെ സിനിമാ ജീവിതത്തിൽ ഒരു സെക്കന്റ് സ്റ്റേജായിരുന്നു അത്. പിന്നീട് അഴകിയ രാവണനിലാണ് ഞങ്ങൾ വീണ്ടും ഒന്നിക്കുന്നത്. ചെയ്യുന്ന ചിത്രങ്ങൾക്ക് ഗ്യാപ്പ് ഉണ്ടാകുമെങ്കിലും ഞങ്ങൾ തമ്മിലുള്ള ബന്ധത്തിനു ഒരു ഗ്യാപ്പും ഉണ്ടായിട്ടില്ല.
സിനിമയ്ക്കു പുറത്ത് മമ്മൂക്ക എനിയ്ക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്. നേരിൽ കാണുന്നതിനു ഇടവേളയുണ്ടാകുമെങ്കിലും ഇന്നലെ കണ്ടു പിരിഞ്ഞതായാണു തോന്നുക. മമ്മൂട്ടി എന്ന നടനെ വിലയിരുത്തിയാൽ ഇന്ത്യൻ സിനിമയിൽ പകരം വയ്ക്കാൻ മറ്റൊരു നടനില്ല. വ്യക്തി എന്ന നിലയിൽ വിലയിരുത്തിയാൽ എടുത്തു ചാട്ടക്കാരനും മുൻകോപക്കാരനുമാണ്. അതെല്ലാം ആ വ്യക്തിത്വത്തിന്റെ ഭാഗം മാത്രം. ഒരാളോട് മമ്മൂക്ക ക്ഷോഭിക്കുകയോ എടുത്തുചാടി വല്ലതും പറയുകയോ ചെയ്താൽ അത് അയാളെ ഇഷ്ടപ്പെട്ടതുകൊണ്ടാണ്. ഒരു പരിധിവരെ ആ സ്വഭാവം എനിയ്ക്കുമുണ്ട്. നിഷ്കളങ്കനായതുകൊണ്ട് ഉള്ള കാര്യം മുഖത്തു നോക്കി പറയും. എല്ലാവരെയും സ്നേഹിക്കുന്നവർക്കേ പിണങ്ങാനും പറ്റുകയുള്ളൂ. മനസിൽ മറ്റൊന്നു വച്ച് മിണ്ടാതിരിക്കുന്ന പ്രകൃതക്കാരനല്ല അദ്ധേഹം. മമ്മൂക്കയെ അടുത്തറിയാത്തവരാണ് അദ്ധേഹം ലൊക്കേഷനിൽ ചൂടാകുന്നു എന്നൊക്കെ പറയുന്നത്.
മമ്മൂക്കയുടെ കഠിനാധ്വാനമാണ് എന്നെ ഏറേ സ്വാധീനിച്ചിട്ടുള്ളത്. സിനിമയിൽ നേട്ടമുണ്ടാക്കാൻ ഇത്രയേറെ ഹാർഡ് വർക്ക് ചെയ്യുന്ന നടൻ ലോകത്ത് മറ്റൊരാളാളുണ്ടാകുമെന്ന് തോന്നുന്നില്ല. ഞാനിപ്പോഴത്തെ യുവതാരങ്ങളെ ഉപദേശിക്കുന്നത് മമ്മൂക്കയെ കണ്ടുപഠിക്കാനാണ്. സ്ക്രീനിൽ കാണുന്ന മമ്മൂക്കയെ അല്ല, മറിച്ചു ക്യാമറയ്ക്ക് പുറകിൽ അധ്വാനിക്കുന്ന മമ്മൂക്കയെയാണ് കണ്ടുപഠിക്കേണ്ടത് എന്ന്. ക്ലാസിക് സിനിമ കണ്ട് കണ്ണാടിയിൽ നോക്കി അഭിനയിച്ചുപഠിക്കുന്ന മമ്മൂട്ടിയെ ഞാൻ കണ്ടിട്ടുണ്ട്, ഒരു പുതുമുഖ നടന്റെ ആവേശത്തോടെ!
