കൊറോണ സൃഷ്ടിക്കുന്ന ഭീതിതവും ആശങ്കാജനകവുമായ വർത്തമാനകാലം ചില ഓർമ്മപ്പെടുത്തലുകൾ കൂടെ സമൂഹത്തിന് നൽകുന്നുണ്ട്. കരുതലും കാരുണ്യവും കൊറോണക്കാലവും കടന്ന് മുന്നോട്ട് പോയാൽ കൂടുതൽ മനോഹരമായ ഒരു ലോകം നമുക്ക് ലഭിച്ചേക്കാം. ബ്ളസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കാഴ്ച്ച’ എന്ന മമ്മൂട്ടിച്ചിത്രത്തെ മുൻ നിർത്തി പ്രശസ്ത തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ എഴുതിയ കുറിപ്പിൽ കലകൾ മുന്നോട്ടു വെയ്ക്കുന്ന മഹത്തായ ചിന്തകൾ കാലത്തോട് സംവദിക്കേണ്ടത് എങ്ങനെയെന്ന് ഓർമ്മിപ്പിക്കുന്നു. ഒഴിവാക്കലിന്റെയും ഒറ്റപെടുത്തലിൻെറയും പേടി പരത്തുന്ന കൊറോണക്കാലത്ത് മനുഷ്യത്വത്തിന്റെ മരുന്നായിത്തീർന്നേക്കാം ‘കാഴ്ച്ച’ എന്നാണ് ബിപിൻ ലേഖനത്തിൽ സൂചിപ്പിക്കുന്നത്. അപരൻ നരകമെന്ന സ്വാർഥപാഠത്തിന് പകരം ആരും അന്യരല്ലെന്ന സ്നേഹപാഠം പകർന്ന ചലച്ചിത്രമാണ് കാഴ്ച. കൊച്ചുണ്ടാപ്രിയെ കാത്തിരിക്കുന്നത് അനാഥത്വത്തിന്റെ ഇരുണ്ട ആകാശമായേക്കുമെന്ന സൂചന നൽകുന്ന ചിത്രാന്ത്യം കരളലയിക്കുന്നതായിരുന്നു.
മലയാള സിനിമയ്ക്ക് പ്രതിഭാ ധനയായ ഒരു സംവിധായകനെ കൂടെ സമ്മാനിച്ച ചിത്രമായിരുന്നു കാഴ്ച. അരക്ഷിതമായ ഒരു സമൂഹത്തിൽ നിന്ന് കഠിനമായ ജീവിത സാഹചര്യങ്ങൾ മറ്റൊരു ഭൂമികയിലേക്ക് പറിച്ചു മാറ്റിയതാണ് കൊച്ചുണ്ടാപ്രിയുടെ ജീവിതം. മാധവൻ എന്ന സാധാരണക്കാരന്റെയും കുടുംബത്തിന്റെയും ജീവിതത്തതിന്റെ ഭാഗമായി കൊച്ചുണ്ടാപ്രി മാറുമ്പോൾ അതീവ ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുവാൻ സിനിമയ്ക്കായി. മമ്മൂട്ടിയുടെ മാധവൻ അദ്ദേഹത്തിന്റെ നിത്യഹരിതങ്ങളായ കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്.
