മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത് ഈ മാസം ആറിനാണ് . അദ്ദേഹം ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. ഈ അവസരത്തിൽ മമ്മൂട്ടിയെ ആദരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇത്.തന്റെ സമാനതകൾ ഇല്ലാത്ത കരിയറിലെ മറ്റു പല നാഴികക്കല്ലുകളും ആഘോഷിക്കാതിരുന്നതുപോലെ തന്നെയാണ് ഈ ദിവസവും അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോയത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവർത്തകരും തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ആശംസകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടി നന്ദി അറിയിച്ചിരുന്നു. “ഓരോരുത്തരില്‍ നിന്നുമുള്ള ഈ സ്‍നേഹം എന്നെ കീഴടക്കിയിരിക്കുന്നു. എന്‍റെ സഹപ്രവര്‍ത്തകരും എല്ലായിടത്തുനിന്നുമുള്ള ആരാധകരും. നിങ്ങള്‍ ഓരോരുത്തരോടും നന്ദി”, അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സിനിമയില്‍ അര നൂറ്റാണ്ട് പിന്നിടുന്ന അവസരത്തിലും പുതിയ സിനിമകളുടെ ചര്‍ച്ചകളിലും ആലോചനകളിലുമാണ് മമ്മൂട്ടി. ‘ബിഗ് ബി’ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന ‘ഭീഷ്‍മ പര്‍വ്വം’ എന്ന സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്നു. നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന ‘പുഴു’ എന്ന സിനിമയാണ് അടുത്തത്. തുടർന്ന് സി.ബി.ഐ അഞ്ചാം ഭാഗം അടക്കമുള്ള സിനിമകളുടെ ചിത്രീകരണം ആരംഭിക്കും. നവാഗതരായ സംവിധായകർ അടക്കമുള്ളവരുടെ നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.