ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മമ്മൂട്ടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച സ്വന്തം ചിത്രം വൈറല്‍ ആയിരുന്നു. 10 ലക്ഷത്തിനു മുകളിൽ ലൈക്കുകള്‍ ഇതിനകം ലഭിച്ച പോസ്റ്റ് ഫേസ്ബുക്ക് പോലെയുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും തുടര്‍ ദിനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് തങ്ങളുടെ കമന്റുകൾ രേഖപ്പെടുത്തി ഈ ചിത്രം ഷെയർ ചെയ്തത്. മമ്മൂട്ടിയുടെ പ്രായത്തെ കുറിച്ചായിരുന്നു കമന്റുകൾ ഭൂരിഭാഗവും.
എന്നാൽ മറ്റു കമന്റുകളിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടു പങ്കുവെക്കുകയാണ് ചലച്ചിത്ര സീരിയൽ നടൻ കിഷോർ സത്യ .
അത് കേവലം ഒരു ചിത്രമായല്ല മറിച്ച് മമ്മൂട്ടിയുടെ ഒരു സ്റ്റേറ്റ്മെന്‍റ് ആയാണ് തനിക്ക് തോന്നിയതെന്ന് പറയുന്നു കിഷോര്‍. കിഷോര്‍ സത്യ ടോക്സ് എന്ന സ്വന്തം യുട്യൂബ് ചാനലിലെ വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനം.
“നാം പലപ്പോഴും മമ്മൂക്കയെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായത്തെപ്പറ്റി സംസാരിക്കാറുണ്ട്. പക്ഷേ സ്വന്തം പ്രായത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കാറില്ല. സൗന്ദര്യത്തിന്‍റെ രഹസ്യത്തെക്കുറിച്ച് ചില അഭിമുഖങ്ങളിലൊക്കെ ചോദിച്ചപ്പോള്‍ ജനിതകപരമായ പ്രത്യേകതകള്‍ എന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് പറഞ്ഞിട്ടുള്ളത്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലുള്ള അധികം ചിത്രങ്ങള്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടില്ല, അതുപോലെതന്നെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്‍റെ ചിത്രങ്ങളും. അതുകൊണ്ടാവാം ഇപ്പോഴത്തെ ചിത്രം ഈ തരത്തില്‍ ശ്രദ്ധ നേടിയത്. പക്ഷേ എന്നെ സംബന്ധിച്ച് ഇത് ഒരു ഫോട്ടോ എന്നതിനേക്കാള്‍ അദ്ദേഹത്തിന്‍റെ ആറ്റിറ്റ്യൂഡ് ആണ്. ഈ പ്രായത്തിലും അദ്ദേഹം എത്രത്തോളം ഫിറ്റ് ആണ് എന്നത്”. കൊവിഡിന് ശേഷമുള്ള മലയാള സിനിമയിലേക്കെത്തുമ്പോഴുള്ള അദ്ദേഹത്തിന്‍റെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്‍റ് ആയും തനിക്കിത് തോന്നുന്നുവെന്നും കിഷോര്‍ കൂട്ടിച്ചേര്‍ക്കുന്നു.