പുതുതലമുറയുടെ റോൾ മോഡലായി മലയാള സിനിമയിൽ നിലകൊള്ളുന്ന മമ്മൂക്ക എന്നെ സംബന്ധിച്ചിടത്തോളം ഒരു ജ്യേഷ്ഠസഹോദരനാണ്. അദ്ദേഹത്തിനൊപ്പം രണ്ടു ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിൽ പോലും സിനിമക്ക് അതീതമായ ഒരു സഹോദര ബന്ധമാണ് ഇന്നും നിലനിൽക്കുന്നത്. പാരമ്പര്യത്തിന്റെ തുടർച്ചയായി സിനിമയിലെത്തിയ ആളെന്ന നിലയിൽ മമ്മൂക്കയുടെ ഒരു പ്രത്യേക സ്നേഹം എപ്പോഴും എനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. മലയാള സിനിമയിൽ നിന്ന് ഇടക്കാലത്ത് ഞാൻ മാറിനിന്നപ്പോഴാണ് അത് എനിക്ക് ഏറെ അനുഭവപ്പെട്ടത്. മലയാള സിനിമയിലേക്കുള്ള എന്റെ ശക്തമായ ഒരു തിരിച്ച് വരവിൽ പ്രോത്സാഹനമേകിയവരിൽ ഒരു പ്രധാനി മമ്മൂക്കയാണ്.
ഒരു സഹോദരനോടുള്ള സ്നേഹവും വാത്സല്യവും പരിഗണനയും എനിക്ക് കൂടുതൽ ലഭിച്ചത് ഞാൻ സിനിമയിൽ നിന്ന് വിട്ടുനിന്ന കാലത്തായിരുന്നു. സിനിമാ രംഗത്ത് നിന്ന് മാറി ഞാൻ ഒരു കൺസ്ട്രക്ഷൻ കമ്പനി ആരംഭിച്ചപ്പോഴും ആ സമയത്തുള്ള എന്റെ കുടുംബപരമായ ചടങ്ങിലുമെല്ലാം മമ്മൂട്ടിയുടെ സാന്നിദ്ധ്യവും സഹകരണവും ഏറെ സന്തോഷം നൽകുന്ന ഒന്നായിരുന്നു. കൺസ്ട്രക്ഷൻ കമ്പനിയുടെ ഉദ്ഘാടത്തിനായി അദ്ദേഹത്തെ ക്ഷണിക്കാൻ ഞാൻ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം നൽകിയ സ്വീകരണവും വാക്കുകളും മറക്കാനാവത്തതാണ്. സിനിമ പാടെ ഉപേക്ഷിക്കരുതെന്നും ശക്തമായ തിരിച്ച്വരവിന് അവസരം ലഭിക്കുമെന്നും മമ്മൂക്ക അന്ന് പറഞ്ഞിരുന്നു. കൺസ്ട്രക്ഷൻ കമ്പനിയുടെ ഉദ്ഘാടനം മമ്മൂക്കയാണ് നിർവഹിച്ചത്. സിനിമയിൽ നിന്ന് വിട്ട്നിൽക്കുമ്പോഴായിരുന്നു സഹോദരിയുടെ വിവാഹം. മമ്മൂക്കയുടെ സാന്നിദ്ധ്യം അതിനും ഉണ്ടായിരുന്നു.
മമ്മൂക്കയെ ചെറുപ്പത്തിൽ തന്നെ നേരിൽ കാണാനുള്ള നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. ഉദയയുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ എത്തുമ്പോഴാണ് മമ്മൂക്കയെ കണ്ടിരുന്നത്. അപ്പൻ ( നവോദയ അപ്പച്ചൻ ) നിർമിച്ച തീരം തേടുന്ന തീരം എന്ന ചിത്രത്തിൽ നസീർ, രതീഷ്, അംബിക എന്നിവർക്കൊപ്പം മമ്മൂക്കയും അഭിനയിച്ചിരുന്നു. ചെറുപ്പം മുതൽ കാണുന്ന മമ്മൂക്കയുമായി കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചത് ‘ഹരികൃഷ്ണൻസി’ ലാണ്. മമ്മൂക്കയും ലാലേട്ടനും നായക കഥാപാത്രങ്ങളായ ആ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള അനുഭവങ്ങൾ മറക്കാനാവാത്തതാണ്. ഞാനും കൃഷ്ണയും ഉൾപ്പെടെയുള്ള പുതുനിരയ്ക്കൊപ്പം ഷൂട്ടിംഗിനിടയിൽ കളിതമാശകൾ പറയാനും കുട്ടിക്കളികളിൽ പങ്കുചേരാനും മമ്മൂക്കയും എത്തിയത് ഇന്നും ഓർക്കുന്നു. വേണമെങ്കിൽ അദ്ദേഹത്തിന് ഞങ്ങളോടപ്പം സമയം വിനിയോഗിക്കാതെ മാറിനിൽക്കാമായിരുന്നു. പക്ഷേ ഞങ്ങളിൽ ഒരാളായി ഞങ്ങളോടപ്പം കൂടാൻ അദ്ദേഹം തയ്യാറായി. മമ്മൂക്കയും ലാലേട്ടനും വീണ്ടും ഒന്നിച്ച ട്വന്റി ട്വന്റിയാണ് പിന്നീട് ഞാൻ അഭിനയിച്ച ഒരു മമ്മൂട്ടി ചിത്രം . പക്ഷേ അതിൽ അദ്ദേഹത്തോടൊപ്പമുള്ള രംഗങ്ങൾ ഇല്ലായിരുന്നു.
പുതുതലമുറയുടെ റോൾമോഡലാണ് മമ്മൂക്ക”
മമ്മൂക്ക നേരിൽ കാണുമ്പോഴെല്ലാം വിശേഷങ്ങൾ തിരക്കുന്നതിനൊപ്പം ചില അഭിപ്രായങ്ങളും പറയും. നിന്റെ കോസ്റ്റ്യൂംസ് പോരാ, ഡ്രസ്സിംഗ് ഇങ്ങനെയായാൽ പറ്റില്ല, ഹെയർ സ്റ്റൈലിൽ മാറ്റം വേണം തുടങ്ങിയവ വരെ ആ നിർദ്ദേശങ്ങളിലുണ്ടാകും. മമ്മൂക്കയുടെ കൂടെ ഒരു മുഴുനീള കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിക്കണമെന്നത് എന്റെ ഒരു ആഗ്രഹമാണ്. അതിന് അനുസൃതമായ പ്രോജക്ടുകൾ വരുമെന്ന പ്രതീക്ഷയുണ്ട്.
സിനിമയിലേക്കുള്ള തിരിച്ചുവരവിന് ശേഷം ലഭിച്ച ഒരു നല്ല കഥാപാത്രമാണ് എൽസമ്മ എന്ന ആൺകുട്ടിയിലേത് . മമ്മൂക്ക ഈ ചിത്രം കണ്ടശേഷം എന്റെ അഭിനയത്തെക്കുറിച്ച് മറ്റ് പലരോടും പറഞ്ഞ അഭിപ്രായം ഞാൻ അറിഞ്ഞപ്പോഴുണ്ടായ സന്തോഷം വളരെ വലുതാണ്. അദ്ദേഹം മറ്റുളളവരോട് പറയുന്ന നല്ല അഭിപ്രായത്തിന്റെ സ്വീകാര്യത വളരെ പ്രധാനപ്പെട്ടതാണ്.
മമ്മൂക്ക യങ് ജനറേഷന്റെ ഐഡിയൽ സിംബലാണ്. അഭിനയത്തിലും സൗന്ദര്യത്തിലും സ്വഭാവത്തിലുമെല്ലാം അദ്ദേഹമാണ് പുതു തലമുറയുടെ റോൾമോഡൽ. അദ്ദേഹത്തിനൊപ്പം താരസംഘടനയായ ‘അമ്മ’ യുടെ എക്സിക്യൂട്ടീവിലും പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. പുതിയ തലമുറയ്ക്ക് അദ്ദേഹം നൽകുന്ന പ്രോത്സാഹനം വളരെ വലുതാണ്. സൂപ്പർതാരങ്ങളാണ് സിനിമയുടെ നാശമെന്ന പ്രചാരണം കഴമ്പില്ലാത്തതാണ്. മമ്മൂക്കയിൽ ഞാൻ കാണുന്ന ഏറ്റവും വലിയ സവിശേഷത പ്രൊഫഷണലിൽ പുലർത്തുന്ന സ്പോർട്സ്മാൻ സ്പിരിറ്റാണ്. ആരെയും ചവിട്ടി
താഴ്ത്തണമെന്ന ദുഷ്ടത അതിലില്ല. മത്സരബുദ്ധിയോടെയാണ് തന്റെ പ്രൊഫഷനെ അദ്ദേഹം കാണുന്നത്. ആരോഗ്യകരമായ മത്സരമാണ് അദ്ദേഹം അഭിനയരംഗത്ത് കാണിക്കുന്നത് . അതിനെ ദുർവ്യാഖാനിക്കുന്നതിന് പകരം മത്സരബുദ്ധിയോടെ കാണാനാണ് ശ്രമിക്കേണ്ടത്.
പല കഥാപാത്രങ്ങളും മമ്മൂക്ക ചെയ്താൽ മാത്രമേ പ്രതിഫലിപ്പിക്കാൻ കഴിയുകയുള്ളുവെന്ന വിശ്വാസം എഴുത്തുകാരിലും സംവിധായകരിലും സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനുമെല്ലാം കാണിക്കുന്നത് അതാണ്. മമ്മൂക്കയുടെ ചിത്രങ്ങളിൽ എനിക്ക് ഇഷ്ടപ്പെട്ടത് ഏതെന്ന് ചോദിച്ചാൽ ഒരു നീണ്ടനിര തന്നെയുണ്ട്. അമരവും ഒരു വടക്കൻ വീരഗാഥയുമെല്ലാം എന്നും ഓർമിപ്പിക്കുന്ന കഥാപാത്രങ്ങളായാണ് മമ്മൂക്കയിലൂടെ ലഭിച്ചത്. അഭിനയരംഗത്തായാലും മറ്റ് ഏത് മേഖലയിലായാലും പരിചയവും അനുഭവസമ്പത്തും വളരെ പ്രധാനപ്പെട്ടതാണ്. അത് വേണ്ടുവോളം നേടിയ മമ്മൂക്കയിൽ അതുകൊണ്ട് തന്നെയാണ് പുതുതലമുറ ശ്രദ്ധ പതിപ്പിക്കുന്നത്.
