മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നിർമ്മാതാവായും നായകനായും എത്തുന്ന കുറുപ്പ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. കോവിഡ് പ്രതിസന്ധിയിൽ തിയേറ്ററുകൾ തുറക്കാൻ വൈകുന്നതിനാൽ ചിത്രം OTT യിൽ റിലീസ് ചെയ്യുമെന്ന പ്രചാരണം ശക്തമായിരുന്നു. പ്രമുഖ OTT പ്ലാറ്റുഫോമുകൾ വൻ തുക ഓഫർ ചെയ്‌തെങ്കിലും തിയേറ്ററിൽ തന്നെ റിലീസ് ചെയ്‌താൽ മതി എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ദുൽഖർ. ചിത്രത്തെക്കുറിചു പ്രചരിക്കുന്ന ഊഹാപോഹങ്ങളിൽ വിശ്വസിക്കരുത് എന്നും ദുൽഖർ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു.
ഇപ്പോൾ ചിത്രം തിയേറ്റർ റിലീസായി തന്നെ എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തിറക്കിക്കൊണ്ടാണ് അണിയറപ്രവർത്തകർ സിനിമയുടെ റിലീസ് തിയേറ്ററുകളിൽ തന്നെ ആയിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുന്നത്.
വേ ഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും എം എന്റർടൈൻമെൻറ്സും ചേർന്ന് നിർമിച്ച കുറുപ്പ് ശ്രീനാഥ് രാജേന്ദ്രൻ ആണ് സംവിധാനം. ദുല്ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കൻഡ് ഷോയ്ക്ക് ശേഷം അതെ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒക്ടോബർ 25 -നു തിയേറ്ററുകൾ തുറക്കുന്ന സാഹചര്യത്തിൽ നവംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും. ഇന്ത്യക്ക് പുറത്തും ചിത്രം റിലീസ് ചെയ്യും. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം എത്തുന്നുണ്ട്.