മൈക്കിളപ്പനായി മെഗാസ്റ്റാർ കളം നിറഞ്ഞാടിയപ്പോൾ മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് പവർ ഒരിക്കൽ കൂടി ദൃശ്യമായി. തന്റെ കരിയറിലെ എല്ലാ ഘട്ടങ്ങളിലും വമ്പൻ വാണിജ്യ വിജയങ്ങൾക്കൊപ്പം സഞ്ചരിച്ചിട്ടുള്ള മമ്മൂട്ടിയുടെ മറ്റൊരു മെഗാ ഹിറ്റായി മാറി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം. തിയേറ്ററുകളെ പൂരപ്പറമ്പാക്കി കാണികളെ ആവേശത്തിന്റെ കൊടുമുടിയേറ്റിയ മാസ്സ് എന്റർടൈനറുകളുടെ നിരയിൽ ഇടം പിടിച്ച മമ്മൂട്ടി സിനിമകൾ എണ്ണമറ്റതാണ്. ജോഷിയും മമ്മൂട്ടിയും ഡെന്നീസ് ജോസഫും ഒരുമിച്ച വാണിജ്യ സിനിമകളിൽ ‘സംഘം’ സവിശേഷ സ്ഥാനം അർഹിക്കുന്നു.യാതൊരു ഉത്തരവാദിത്തവുമില്ലാതെ കോളേജ് വിദ്യാർത്ഥികൾക്കൊപ്പം അടിച്ചു പൊളിച്ചു നടക്കുന്ന സമ്പന്നനും മധ്യവയസ്ക്കനുമായ ഇല്ലിക്കൽ റപ്പായി മകൻ കുട്ടപ്പായി എന്ന ഫ്രാൻസിസിന്റെയും സംഘത്തിന്റെയും ജീവിതമാണ് ഈ സിനിമയുടെ ഇതിവൃത്തം.മുകേഷ് ,ജഗദീഷ് , ഗണേശൻ , അപ്പാഹാജ എന്നിവരായിരുന്നു കുട്ടപ്പായിയുടെ സംഘത്തിലെ കഥാപാത്രങ്ങളായി എത്തിയത്. ഇല്ലിക്കൽ റപ്പായിയായി തിലകനും കുട്ടപ്പായിയുടെ ഭാര്യ മോളിക്കുട്ടിയായി സീമയും വേഷമിട്ടു സരിതയും പാർവ്വതിയും പ്രതാപ് ചന്ദ്രനും ബാലൻ കെ നായരും വിനു ചക്രവർത്തിയുമൊക്കെ ശ്രദ്ധേയ വേഷങ്ങളിൽ എത്തി.
പാർവ്വതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛനായി സംഘത്തിൽ മമ്മൂട്ടി എത്തി . ഈ സിനിമയ്ക്ക് ഒരു മാസം മുമ്പ് റിലീസായ ഐ വി ശശി – ടി ദാമോദരൻ കൂട്ട്കെട്ടിന്റെ ‘അബ്‌കാരി’യിൽ പാർവ്വതി മമ്മൂട്ടിയുടെ നായികയായാണ് എത്തിയത്. തീപ്പൊരി സംഭാഷണങ്ങളും തകർപ്പൻ സംഘട്ടന രംഗങ്ങളും രസകരമായ മുഹൂർത്തങ്ങളും സംഘം എന്ന സിനിമയ്ക്കും അതിലെ കഥാപാത്രങ്ങൾക്കും ഇന്നും ആരാധകരെ നേടിക്കൊടുക്കുന്നു . “ഇന്നല്ലേ പുഞ്ചവയൽ കൊയ്ത പെണ്ണിന്..” എന്ന ഗാനവും സിനിമയുടെ ഹൈലൈറ്റായിരുന്നു. സംഘത്തിന്റെ തകർപ്പൻ വിജയം ഇതര ഭാഷകളിൽ പലരെയും ഈ ചിത്രം റീ മേക്ക് ചെയ്യാൻ പ്രേരിപ്പിച്ചു. രണ്ടാം പകുതിയിൽ മാറ്റങ്ങളോടെ തമിഴിൽ ഈ സിനിമ റീ മേക്ക് ചെയ്യാൻ സത്യരാജ് തയ്യാറായിരുന്നു. തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫിനെ എപ്പോൾ കണ്ടാലും സത്യരാജ് ഇക്കാര്യം സംസാരിക്കുമായിരുന്നുവത്രെ. മലയാളിയെങ്കിലും തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്ന കെ.രാജഗോപാലിന്റെ കെ.ആർ.ജി.പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച സിനിമയാണ് സംഘം