ഫാസിൽ സാറിന്റെ അസിസ്റ്റന്റുമാരായി സിദ്ധിക്കും ഞാനും വർക്ക് ചെയ്തു തുടങ്ങിയ സമയം. പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. മമ്മൂക്കയോടോത്തുള്ള ആദ്യചിത്രം. തിരക്കിട്ട ഷൂട്ടിങ് ആണ്. ഓണത്തിന് റിലീസ് ചെയ്യേണ്ട ചിത്രമാണ്. ഇതു കൂടാതെ നാലു ചിത്രം വേറെയും മമ്മൂക്കയുടെതായി ഓണത്തിന് റിലീസ് ഉണ്ട്. സെറ്റിൽനിന്നും സെറ്റിലേക്ക് ഓടിനടന്ന് അഭിനയിക്കുകയാണ് മമ്മൂക്ക. പൂവിന് പുതിയ പൂന്തെന്നൽ മുക്കാൽഭാഗം ഷൂട്ടിംഗ് കഴിഞ്ഞു. അതിനിടയിലാണ് ഫാസിൽ സാറിന്റെ വാപ്പയുടെ മരണം. ഷൂട്ടിംഗ് നിർത്തിവെക്കാനും പറ്റാത്ത അവസ്ഥ. ഫാസിൽ സാർ തിരിച്ചുവരുന്നതുവരെ പ്രോജക്ട് ഞങ്ങളെ ഏൽപ്പിച്ചു. അന്നാദ്യമായി സ്റ്റാർട്ട് ആക്ഷൻ കട്ട് പറഞ്ഞു. അതും ക്യാമറയ്ക്ക് അഭിമുഖമായി മമ്മൂക്ക അഭിനയിക്കുമ്പോൾ.
ഞങ്ങളെ വളർത്തിയ മമ്മൂക്കയോട് തന്നെ ആക്ഷൻ പറയാനുള്ള ഭാഗ്യമുണ്ടായല്ലോ എന്നോർത്ത് സന്തോഷം ഒരു വശത്ത്. മറുവശത്ത് ഗുരുവിന്റെ അച്ഛൻ മരിച്ച ദുഃഖം. സന്തോഷവും ദുഃഖവും കലർന്ന അന്തരീക്ഷത്തിൽ മൂന്നുനാലു ദിവസം കടന്നു പോയി. ഒരു നിലക്ക് ആദ്യമായി ഞങ്ങൾ ‘സ്വതന്ത്ര സംവിധായകരായത്’ മമ്മൂക്കയുടെ സിനിമയിലൂടെ ആണെന്ന് പറയാം.
പിന്നീട് പല ലൊക്കേഷനുകളിലും ഞങ്ങൾ കണ്ടുമുട്ടി. കാണുമ്പോഴൊക്കെയും കഥയും തമാശയും പറഞ്ഞ് പിരിയും. ഞങ്ങളുടെ വളർച്ച ആഗ്രഹിക്കുകയും ആസ്വദിക്കുകയും ചെയ്ത നടൻ മമ്മൂക്ക മാത്രമായിരിക്കും. വ്യക്തിപരമായി പലരോടും ഞങ്ങൾക്കുവേണ്ടി സംസാരിക്കാറുണ്ടെന്ന് അറിഞ്ഞിട്ടുണ്ട് വർഷങ്ങൾക്കു ശേഷം ഞാൻ ആദ്യം നിർമ്മിച്ചു സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്ലറിൽ മമ്മൂക്കയെ തന്നെ നായകനാക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ലാലെന്ന നിർമാതാവിന്റെ തുടക്കം ഐശ്വര്യമാക്കിയതും മമ്മൂക്കയാണ്. ഹിറ്റ്ലർ ആ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറി. പിന്നീടുള്ള ചിത്രം നിർമ്മിക്കാനും ധൈര്യം നൽകിയത് മമ്മൂക്ക ആയിരുന്നു.
ഒരു സിനിമാക്കാരനോട് സംസാരിക്കുന്ന ഫീൽ മമ്മൂക്കയോട് സംസാരിക്കുമ്പോൾ തോന്നാറില്ല ഞങ്ങളുടെ സൗഹൃദത്തിൽ ഫോർമാലിറ്റി യുടെ ഒരു അംശം പോലും ഇല്ല. ശരിയല്ല എന്ന് തോന്നുന്ന കാര്യം സിനിമ സെറ്റിൽ ആയാലും ജീവിതത്തിന്റെ മറ്റ് മേഖലയിലായാലും വെട്ടിത്തുറന്നു പറയും. അദ്ദേഹം പറയുന്ന കാര്യത്തിൽ ഉറച്ചു നിൽക്കണം എന്ന് നിർബന്ധമില്ല.
മമ്മൂക്കയുടെ കുടുംബവുമായി നല്ല ബന്ധമാണുള്ളത്. ഞങ്ങൾ രണ്ടുപേരുടെയും കുടുംബങ്ങൾ ഒന്നിച്ച് ഒരിക്കൽ ഗൾഫ് യാത്ര നടത്തിയിരുന്നു. ഇത്രയും തിരക്കുള്ള നടനായിട്ടും അദ്ദേഹത്തിന്റെ മക്കളെ നല്ല അച്ചടക്കമുള്ളവരായി വളർത്തുന്നണ്ടെന്ന് അന്നെനിക്ക് മനസ്സിലാക്കാനായി. ഇങ്ങനെയൊരു വാപ്പയെ കിട്ടിയതിൽ മക്കളും നല്ല മക്കളെ കിട്ടിയതിൽ മമ്മൂട്ടി എന്ന വാപ്പയും പുണ്യം ചെയ്തു കാണും. മമ്മൂക്കയുമായി ഒന്നിച്ചുള്ള യാത്രകളിലും ലൊക്കേഷനുകളിലെ വിശ്രമവേളകളിലും തമാശ പറഞ്ഞതും കളിയാക്കിയതും ഒക്കെ മറ്റൊരാളോട് പറയുമ്പോൾ പൊങ്ങച്ചമായി കരുതും. തമാശ ആസ്വദിക്കുകയും പറയുകയും ചെയ്യുന്ന മമ്മൂക്കയെ പുറത്ത് അറിയണമെന്നില്ല. അതാണ് ആ വ്യക്തിത്വം. നല്ല മനസ്സുള്ള പച്ചയായ മനുഷ്യൻ.