മമ്മൂസിനെ (മമ്മൂട്ടി) എന്നാണ് ആദ്യമായി കണ്ടതെന്നോ ആദ്യമായി ഏത് ചിത്രത്തിലാണ് കൂടെ അഭിനയിച്ചത് എന്ന് ചോദിച്ചാലോ എനിക്ക് ഉത്തരം മുട്ടും. മമ്മൂസിന്റെ നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുവാൻ കഴിഞ്ഞതുവഴി അദ്ദേഹവുമായി ഉണ്ടായ സ്നേഹബന്ധം വളരെ വലുതാണ്. നേരത്തെ മുതൽ സിനിമയിലുള്ള ഞങ്ങൾക്കെല്ലാം മമ്മൂസ് എന്ന് ഞങ്ങൾ വിളിക്കുന്ന മമ്മൂട്ടി ജീവിതത്തിെൻറ ഭാഗമായാണ് അനുഭവപ്പെട്ടിട്ടുള്ളത്. എല്ലാ കാര്യത്തിലും അദ്ദേഹത്തിെൻറതായ ശൈലിയും അച്ചടക്കവും ഉണ്ടെങ്കിലും ഞാൻ ഒട്ടേറെ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ അപാരമായ അഭിനയമികവിനെയാണ്. മമ്മൂട്ടിയുടെ അഭിനയത്തോടുള്ള ആകർഷണീയതകൊണ്ട് അദ്ദേഹത്തിന്റെ പല സിനിമകളും ഞാൻ നിരവധി തവണ കണ്ടിട്ടുണ്ട്.
അമ്മ കഥാപാത്രളെ അവതരിപ്പിക്കുന്ന നടിമാരിൽ മമ്മൂട്ടിയുടെ നായിക ആകാൻ അപൂർവമായ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. അത് വളരെ നല്ല അനുഭവമായിരുന്നു. ‘മതിലുകളിൽ’ മമ്മൂസിനൊപ്പം അഭിനയിക്കാതെ അദ്ദേഹത്തിന്റെ നായികാ കഥാപാത്രത്തെ അനശ്വരമാക്കാൻ കഴിഞ്ഞതുവഴി എനിക്ക് ലഭിച്ച അഭിനന്ദനങ്ങൾ ഏറെയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകൾ’ സിനിമയായി മാറിയപ്പോൾ എെൻറ ശബ്ദം മാത്രമേ അതിലുള്ളുവെങ്കിലും പ്രേക്ഷകർക്ക് ഞാൻ അഭിനയിക്കുന്നതായി തന്നെ അനുഭവപ്പെട്ടു. ആ കാലഘട്ടത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു മതിലുകളിലെ നാരായണി. നിരവധി പേരാണ് അന്ന് അഭിനനന്ദിച്ചത്.
പിന്നീട് മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ‘കനൽകാറ്റി’ലെ കഥാപാത്രവും വളരെ വ്യത്യസ്തമായിരുന്നു. കനൽകാറ്റിൽ മമ്മൂട്ടിയുടെ നായികയെന്നു തീർത്ത് പറയാൻന കഴിയില്ലെങ്കിലും അദ്ദേഹത്തിെൻറ കഥാപാത്രത്തിെൻറ വധുവായി അഭിനയിക്കാൻ കഴിഞ്ഞു. ഇതും അന്ന് നിരവധിപേർ വിളിച്ച് അഭിനന്ദനം അറിയിച്ച കഥാപാത്രമാണ്.
മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ച നിരവധി സിനിമളുണ്ടെങ്കിലും എടുത്തുപറയാവുന്നത് അമരവും കോട്ടയം കുഞ്ഞച്ചനുമാണ്. ഇതിലെ കഥാപാത്രങ്ങൾ വ്യത്യസ്തത പുലർത്തുന്നതുമായിരുന്നു. ഈ രണ്ട് സിനിമകളിലും മറക്കനാവാത്ത അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇരു സിനിമകളിലും മമ്മൂസിനെ ചീത്ത പറയുന്ന രംഗമുണ്ട്. ഇത് വളരെ ബുദ്ധിമുട്ടിയാണ് അവതരിപ്പിച്ചത്. ഡയലോഗ് പറഞ്ഞുകഴിഞ്ഞ ശേഷവും അയ്യോ അങ്ങനെ പറയയേണ്ടിവന്നത് ഓർത്ത് സങ്കടം വന്നിട്ടുണ്ട്. ‘അമര’ത്തിൽ മകനെ കാണാതാകുമ്പോൾ അച്ചു (മമ്മൂട്ടി)വിനോട് “നീ എെൻറ മകനെ കൊന്നോ” എന്ന് പറഞ്ഞുകൊണ്ട് ശപിക്കുന്ന രംഗം. മറ്റൊരു രംഗം കോട്ടയം കുഞ്ഞച്ചനിൽ കുഞ്ഞച്ചനെ ചീത്ത പറയുന്ന രംഗവുമാണ്. ഈ രണ്ട് രംഗങ്ങളിലും കഥാപാത്രം ആവശ്യപ്പെടുന്ന ഡയലോഗാണ് പറയുന്നതെങ്കിലും മമ്മൂസിെൻറ കഥാപാത്രങ്ങൾ നിരപരാധികളാണെന്ന് നേരത്തെ തന്നെ അറിയാവുന്നതിലാണ് കൂടുതൽ മനഃപ്രയാസം ഉണ്ടായത്.
മമ്മൂസിന്റെ അഭിനയമികവ് മലയാളത്തിന് എക്കാലവും അഭിമാനമാണ്. അത് പലപ്പോഴും ഞാൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചില ചിത്രങ്ങളുണ്ട്. അവയിൽ ഒന്ന് പാഥേയമാണ്. മമ്മൂസിെൻറ കഥാപാത്രം വളരെ കരയിപ്പിക്കുന്ന രംഗങ്ങളാണ് കാഴ്ച വെയ്ക്കുന്നത്. പിന്നെ ഇഷ്ടപ്പെട്ട ഒരു സിനിമ ‘ഒരേകടൽ’ ആണ്. ഈ സിനിമ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. ഞാൻ മമ്മൂസിനെ വിളിച്ച് ആ സന്തോഷം പങ്കുവെക്കുകയും ചെയ്തു. സിനിമ കണ്ടു കഴിഞ്ഞാൽ അതിലെ അഭിനയം ഇഷ്ടപ്പെട്ടൽ അത് വിളിച്ച് അറിയിക്കുന്നത് എൻറ ഒരു സ്വഭാവമാണ്. മമ്മൂസിെൻറ ചിത്രങ്ങൾ കണ്ടു ഇഷ്ടപ്പെട്ടാൽ അപ്പോൾ തന്നെ ഫോണിൽ വിളിക്കും. പക്ഷേ എപ്പോഴും കിട്ടുകയില്ല. ‘ഒരേകടൽ’ കണ്ടശേഷം പലതവണ ശ്രമിച്ചശേഷമാണ് മമ്മൂസിനെ ഫോണിൽ ലഭിച്ചത്. അന്ന് ‘ദ്രോണ’യുടെ സെറ്റിലായിരുന്നു. “മനുഷ്യൻ ഒരു കാര്യംപറയാൻ മൊബൈലിൽ വിളിക്കുമ്പോൾ എന്താണ് എടുക്കാത്തതെന്ന്’’ ഞാൻ പിന്നീട് മമ്മൂസിനോട് പരാതി പറഞ്ഞു. അപ്പോൾ തന്നെ ചിരിച്ചുകൊണ്ട് മനഃപൂർവ്വം അല്ല ചേച്ചി, ദാ ഇപ്പോൾ തന്നെ നമ്പർ സേവ് ചെയ്തേക്കാം എന്ന് പറഞ്ഞ് ഫോണിൽ എന്റെ പേര് സേവ് ചെയ്തു. ഏറെ ഇഷ്ടപ്പെട്ട സിനിമ ‘പാലോരി മാണിക്യം ഒരു പാതിരാ കൊലപാതകം’ ആണ്. അതിലെ മമ്മൂസിന്റെ പെർഫോമൻസ് അംഗീകരിക്കേണ്ടത് തന്നെയാണ്. മൂന്ന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അദ്ദേഹം മികവോടെ അവതരിപ്പിച്ചു. എനിക്ക് അതിലെ ഹാജിയാരുടെ കഥാപാത്രമാണ് ഏറെ ഇഷ്ടപ്പെട്ടത്. മമ്മൂസിനെ ആ വേഷത്തിൽ കാണുമ്പോഴുള്ള ഐശ്വര്യം മനസിൽ നിൽക്കുന്നതാണ്. പതിവുപോലെ പാലേരിമാണിക്യത്തിെൻറ അഭിപ്രായം പറയാൻ വിളിച്ചപ്പോൾ ആദ്യം ലഭിച്ചില്ല. പിന്നെ ഞാൻ സുലുവിനെ (മമ്മൂട്ടിയുടെ ഭാര്യ) വീട്ടിൽ വിളിച്ച് പറഞ്ഞു. പിന്നെ എന്നെ വിളിച്ച് മമ്മൂസ് കാര്യം തിരക്കിയപ്പോൾ ഞാൻ അഭിനന്ദനം അറിയിച്ചു. മമ്മൂസിന്റെ ‘പഴശ്ശിരാജ’ വീണ്ടും മലയാളത്തിന് ‘ ഒരു വടക്കൻഗാഥ’ സമ്മാനിച്ച ചിത്രമാണ്. പൗരുഷം നിറഞ്ഞുതുളുമ്പുന്ന കഥാപാത്രങ്ങൾക്ക് മികവേകാൻ മമ്മൂസിന് അപാരമായ കഴിവാണുള്ളത്.
ലൊക്കേഷനിലെത്തിയാൽ ആവശ്യത്തിന് മാത്രം സംസാരിക്കുകയും മറ്റുള്ള സമയങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കമ്പത്തിൽ മുഴുകുകയും ചെയ്യുന്ന മമ്മൂസ് മലയാളത്തിന്റെ ‘സ്പെഷ്യൽ ക്യാരക്ടറാണ്’. സെറ്റിലെത്തിയാൽ സഹപ്രവർത്തകരോട് സൗഹാർദ്ദം പങ്കുവെച്ചശേഷം കൂടുതൽ അറിവ് എല്ലാ വിഷയത്തിലും നേടാൻ മമ്മൂസ് കാണിക്കുന്നത് ഏറെ ആകർഷിച്ചിട്ടുണ്ട്.
അമരവും കോട്ടയം കുഞ്ഞച്ചനും പോലെയുള്ള ചിത്രങ്ങളിൽ ലഭിച്ച പോലെയുള്ള വ്യത്യസ്തമായ കഥാപാത്രങ്ങൾ ഇപ്പോൾ മലയാളസിനിമയിൽ ഉണ്ടാകുന്നില്ല. പ്രേക്ഷകർക്കിടയിൽ സാധാണ കണ്ടുവരാറുള്ള കഥാപാത്രങ്ങളെയാണ് പലപ്പോഴും ലഭിക്കുന്നത്. അത് ഭംഗിയായി അവതരിപ്പിക്കുക മാത്രമേ ഇപ്പോൾ നടിനടന്മാർക്ക് ചെയ്യാൻ കഴിയുകയുള്ളൂ.