രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന സാഹിത്യകാരന്മാരും ചലച്ചിത്ര പ്രവർത്തകരും മറ്റും പലപ്പോഴും വിവാദങ്ങളിൽപ്പെടാറുണ്ട്. തങ്ങളുടെ രാഷ്ട്രീയ- മത വിശ്വാസങ്ങളോട് ചേർന്ന് നിൽക്കാത്തതാണ് ഇത്തരം അഭിപ്രായങ്ങൾ എങ്കിൽ അവയുടെ സാംഗത്യം മനസ്സിലാക്കാൻ തയ്യാറാകാതെ എതിർക്കുന്നത് സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെ രീതിയാണ്. തങ്ങളുടെ പ്രസ്താവനകളുടെ പേരിൽ പലപ്പോഴും സഭ്യേതരമായ രീതികളിൽ പോലും ആക്രമിയ്ക്കപ്പെട്ടിട്ടുണ്ട് പല സെലിബ്രറ്റികളും. കൊറോണ വ്യാപനത്തിന്റെ ഭീതിജനകമായ വർത്തമാനകാലത്ത് പ്രധാനമന്ത്രിയുടെ ആഹ്വനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനകളുടെ പേരിൽ മമ്മൂട്ടിയും മോഹൻലാലും ആക്രമിക്കപ്പെട്ടതാണ് അടുത്തിടെ ഇത്തരത്തിൽ ഉണ്ടായ ഒരു സംഭവം. ഇരുവരുടേയും പ്രസ്താവനകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. ഈ അവസരത്തിലാണ് മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ഡോക്ടർ എം.കെ മുനീറിന്റെ ഒരു പഴയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ വൈറൽ ആകുന്നത്.ആരുടെ വേദിയിൽ ആയാലും മമ്മൂട്ടി അവിടെ എന്ത് പറയുന്നു എന്നതാണ് നാം ശ്രദ്ധിക്കേണ്ടത് എന്നാണ് മുനീർ പറയുന്നത്.
എം.കെ മുനീറിന്റെ വാക്കുകൾ – “മമ്മൂട്ടിക്ക് അദ്ദേഹത്തിന്റേതായ ഒരു രാഷ്ട്രീയം ഉണ്ടാകാം. അദ്ദേഹം തന്നെ ചിലപ്പോഴൊക്കെ പറഞ്ഞിട്ടുണ്ട് താൻ ഒരു ലെഫ്റ്റ് കമ്യൂണിസ്റ് ആണെന്ന്, അതായത് വളരെ ഉദാരമതിയായ ഒരു ഇടതുപക്ഷമാണ് എന്ന്. എല്ലാ വേദികളിലും പ്രത്യക്ഷപ്പെടാൻ യോഗ്യതയുള്ള ഒരാളാണ്. അതുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ വേദിയിൽ ആയാലും എൽ.കെ അദ്വാനിയുടെ വേദിയിൽ ആയാലും ആരുടെ വേദിയിൽ ആയാലും മമ്മൂട്ടി അവിടെ എന്ത് പറയുന്നു എന്നതാണ് നാം ശ്രദ്ധിക്കേണ്ടത്.അവിടയൊന്നും തലകുനിക്കാതെ തനിക്ക് പറയാനുള്ള അഭിപ്രായം തുറന്നു പറഞ്ഞ ഒരു പ്രതിഭയെ നിങ്ങൾക്ക് എവിടെ കാണാനാകും.ഞങ്ങളോ മറ്റോ ഇന്ത്യയും പാകിസ്താനും ബംഗ്ളാദേശും ഒരു കോൺഫെഡറേഷൻ ആകണമെന്ന് പറഞ്ഞാൽ അന്ന് ചാരവൃത്തി എന്ന് പറഞ്ഞു രാഷ്ട്രീയത്തിൽ നിർത്തിപ്പൊരിക്കും.പക്ഷേ അങ്ങനെ ഒരു കോൺഫെഡറേഷനെക്കുറിച്ച് സ്വപ്നം കാണാനും അതിനെക്കുറിച്ച് അദ്വാനി ഇരിക്കുന്ന വേദിയിൽ നട്ടെല്ല് നിവർത്തി പറയാനും മമ്മൂട്ടിക്ക് മാത്രമേ സാധിക്കു.അതുകൊണ്ടാണ് ഇവിടെ പറഞ്ഞത് മമ്മൂട്ടിക്ക് തുല്യം മമ്മൂട്ടി മാത്രം എന്ന് . ഈ ഐക്കണെ നാം ആർക്കും വിട്ടുകൊടുക്കരുത്.”
