Connect with us

Hi, what are you looking for?

Features

എം.ടിയും ലോഹിയും അടൂരും മുതൽ ശ്യാം പുഷ്ക്കരനും അൽഫോൺസ്‌ പുത്രനും വരെ. മഹാനടന്റെ അഭിനയത്തികവിന് സാക്ഷ്യപത്രമായി അതുല്യ പ്രതിഭകളുടെ വാക്കുകൾ

#പ്രവീൺ ളാക്കൂർ

ഭാഷയുടേയും ദേശത്തിന്റെയും അതിർവരമ്പുകൾ താണ്ടി, പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളുമായി മലയാളത്തിന്റെ പകരക്കാരനില്ലാത്ത അഭിനയപ്രതിഭ തന്റെ അജയ്യമായ അഭിനയ യാത്ര തുടരുകയാണ്.  മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വാണിജ്യസിനിമകളുടേയും കലാമൂല്യമുള്ള ചിത്രങ്ങളുടെയും അവയിലൂടെ അദ്ദേഹം അനശ്വരമാക്കുന്ന ഗംഭീരമായ വേഷപ്പകർച്ചകളുടെയും സാന്നിധ്യമുണ്ട്. അന്യ ഭാഷയിലെ  പ്രകടനം കൊണ്ട് ദേശീയ പുരസ്ക്കാരം നേടിയ മമ്മൂട്ടിയെ , “ദി ഫെയ്‌സ് ഓഫ് ഇന്ത്യൻ സിനിമ” എന്ന് വിശേഷിപ്പിച്ചതും അന്യഭാഷക്കാർ തന്നെ. അന്തർ ദേശീയ തലത്തിൽ പോലും മമ്മൂട്ടിക്കഥാപാത്രങ്ങൾ പ്രേക്ഷകരെയും നിരൂപകരെയും വിസ്മയിപ്പിക്കുന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ‘പേരൻപ്’.

 

പരകായ പ്രവേശത്തിന്റെ പാരമ്യം കൊണ്ട്  മറ്റ് അഭിനേതാക്കൾക്ക് പാഠപുസ്തകങ്ങളാകുന്ന  മമ്മൂട്ടിക്കഥാപാത്രങ്ങൾ  തലയെടുപ്പോടെ നിൽക്കുമ്പോൾ ,  ലോക സിനിമയ്ക്ക് മുന്നിലും  മലയാളത്തിന്റെ  യശ്ശസ് ഉയർത്തിയ അടൂർ ഗോപാലകൃഷ്ണനും അക്ഷര ലോകത്തെ കുലപതി എം.ടിയും,  മലയാളം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായ ലോഹിതദാസുമടക്കമുള്ള  സാഹിത്യ ചലച്ചിത്ര രംഗത്തെ മഹാരഥന്മാർ അദ്ദേഹത്തിന്റെ അഭിനയ മികവ് പകരം വെക്കാനാകാത്തതാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പുതു തലമറയിലെ ശ്രദ്ധേയരായ എഴുത്തുകാരും സംവിധായകരുമടക്കമുള്ള  ചലച്ചിത്ര പ്രവർത്തകരും മമ്മൂട്ടിയിലെ മഹാനടന്റെ ആരാധകർ തന്നെ. മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷി ഒരുക്കിയ ‘പൊറിഞ്ചു മറിയം ജോസ്’  എന്ന സിനിമയിൽ  ‘കാട്ടാളൻ പൊറിഞ്ചു’ വിനെ  അവതരിപ്പിച്ച് കയ്യടി നേടിയാണ്   ജോജു ജോർജ്  താരം  എന്ന നിലയിൽ പുതിയ തലത്തിലേക്ക് ഉയർന്നത്. ഈ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുള്ള റെഫറൻസായി മമ്മൂട്ടി അനശ്വരമാക്കിയ അതിശക്തമായ ചില വേഷങ്ങളെ ചൂണ്ടിക്കാട്ടിയത് പുതു തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരിൽ ഒരാളായ   ശ്യാം പുഷ്‌കരൻ ആണെന്ന് ജോജു ജോർജ് ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.ശ്യാം പുഷ്‌കരൻ രചന നിർവഹിച്ച  ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിൽ സൗബിൻ അവതരിപ്പിച്ച  ക്രിസ്പി  മമ്മൂട്ടിയുടെ  വേഷപ്പകർച്ചകളുടെ വൈവിധ്യത്തെ പരാമർശിച്ചു പറയുന്ന ഡയലോഗ് ഏറെ ഹിറ്റായിരുന്നു. പിന്നീട് ഏറെ ചർച്ചചെയ്യപ്പെട്ട ആ ഡയലോഗിൽ   ക്രിസ്പി  പറയുന്നു – “മമ്മുക്ക ഇപ്പോ എന്നാ റോൾ വേണേലും ചെയ്യും-തെങ്ങുകയറ്റക്കാരൻ,ചായക്കടക്കാരൻ, പൊട്ടൻ, മന്ദ ബുദ്ധി.”തനിക്ക് പരിചിതനായ ഒരു വ്യക്തി പറയുന്നത് കേട്ടിട്ടാണ് അത്തരം ഒരു സംഭാഷണം ക്രിസ്പിയുടേതായി എഴുതിയതെന്ന്  ശ്യാം പുഷ്‌കരൻ പിന്നീട് ഒരു മാധ്യമത്തിൽ പറയുകയുമുണ്ടായി.

തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ പേരൻപ്, യാത്ര  എന്നീ സിനിമകൾ ഇടവെയ്ക്കു ശേഷം അന്യഭാഷകളിലും മമ്മൂട്ടിയുടെ അഭിനയ മികവ് അടയാളപ്പെടുത്തിയപ്പോൾ അദ്ദേഹത്തിലെ നടനെ മലയാളത്തിന് പുറത്തും ചലച്ചിത്ര പ്രവർത്തകരും സിനിമാപ്രേമികളും നിരൂപകരും പ്രശംസിച്ചത് നാം കണ്ടു. കേരളത്തിൽ പേരൻപിൻറെ പ്രദർശനത്തിനു ശേഷം നടന്ന ചടങ്ങിൽ  മലയാള സിനിമയുടെ  യശ്ശസ് അന്യഭാഷകളിലും ഉയർത്തുന്ന മമ്മൂട്ടിയെ  പ്രമുഖ ചലച്ചിത്ര വ്യക്തിത്വങ്ങൾ ഏറെ പുകഴ്ത്തി. മമ്മൂട്ടി കഴിഞ്ഞേ മറ്റൊരു നടൻ ഉള്ളു എന്ന് വീണ്ടും അടയാളപ്പെടുത്തുന്ന സിനിമയായാണ് പേരൻപിനെ പ്രസ്തുത ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകർ വിശേഷിപ്പിച്ചത്.അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഭീഷ്മ പർവ്വം, പുതുമുഖ സംവിധായക  റത്തീനയുടെ പുഴു എന്നീ സിനിമകൾ അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക് ഏറെ കയ്യടി നേടിക്കൊടുക്കുമ്പോൾ സിനിമയും, പ്രേക്ഷകന്റെ അഭിരുചികളും കാലാനുസൃതമായ മാറ്റങ്ങൾക്കു സാക്ഷ്യം വഹിക്കുന്ന വർത്തമാനകാലത്തും മലയാളത്തിന്റെ മഹാനടൻ തന്നിലെ നടനെ സ്വയം നവീകരിച്ചു മുന്നേറുന്നുവെന്നാണ് പ്രേക്ഷകരും നിരൂപകരും ചലച്ചിത്ര പ്രവർത്തകരും ഒരേ സ്വരത്തിൽ പറയുന്നത്. പുതു തലമുറയിലെ ഏറ്റവും ശ്രദ്ധേയരായ  സംവിധായകരുടെ മുൻനിരയിലുള്ള അൽഫോൺസ് പുത്രൻ മമ്മൂട്ടിയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായാണ് വിശേഷിപ്പിക്കുന്നത് . ഭീഷ്മ പര്‍വത്തെക്കുറിച്ച് അല്‍ഫോണ്‍സ് എഴുതിയ ഒരു കുറിപ്പിന് താഴെ വന്ന  പ്രതികരണത്തിന് മറുപടിയായാണ് ക്ലിന്റ് ഈസ്റ്റ് വുഡിനേക്കാളും റോബര്‍ട്ട് ഡി നീറോയേക്കാളും അല്‍ പാച്ചിനോയേക്കാളും കൂടുതല്‍ റേഞ്ച് അദ്ദേഹത്തിനുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി അൽഫോൺസ് പുത്രൻ പറഞ്ഞത്.തന്റെ  അഭിപ്രായത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഏറ്റവും വിലയേറിയ രത്നങ്ങളില്‍ ഒരാളാണ് മമ്മൂട്ടി എന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടിയിലെ അഭിനേതാവിനെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുകളും  മികച്ച പ്രകടനങ്ങളെക്കുറിച്ചുള്ള ചർച്ചകളും അദ്ദേഹത്തിലെ നടനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പ്രേക്ഷക സമൂഹത്തെ എക്കാലവും ആഹ്ളാദിപ്പിക്കുന്നതാണ്. കഥാപാത്രങ്ങളിൽ പുതുമ തേടുവാനും തനിക്ക് വെല്ലുവിളി ഉയർത്തുന്ന വേഷങ്ങൾ കണ്ടെത്താനും പുതിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കുവാനും മമ്മൂട്ടി നിതാന്തമായ പരിശ്രമങ്ങൾ നടത്തുന്നു. അതോടൊപ്പം ഒരു അഭിനേതാവിന് ഏറ്റവും അവശ്യമായ ശരീര സംരക്ഷണത്തിനും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. മൂന്നര പതിറ്റാണ്ടിനിപ്പുറവും വലിയ മാറ്റങ്ങൾ ഇല്ലാതെ  സേതു രാമയ്യരെ വെള്ളിത്തിരയിൽ അവതരിപ്പിക്കുവാൻ മമ്മൂട്ടിക്ക് കഴിയുന്നത് മറ്റ് അഭിനേതാക്കൾക്ക്  മാതൃകയാക്കാവുന്ന രീതിയിൽ അദ്ദേഹം ശരീര സംരക്ഷണത്തിൽ പുലർത്തുന്ന നിഷ്ക്കര്ഷകൾ തന്നെ.  ശരീര സൗന്ദര്യത്തെക്കുറിച്ചുള്ള ‘എയ്ജ് ഇൻ റിവേഴ്‌സ് ഗിയർ’ വിശേഷണങ്ങൾ കൂടുതലായി  പരാമർശിക്കുന്ന പലരും അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അഭിനയ മികവും  മറ്റ് അഭിനേതാക്കൾക്ക്  സാധിക്കാത്ത വേഷപ്പകർച്ചകളും മനപ്പൂർവ്വമോ അല്ലാതെയോ കണ്ടില്ലെന്ന് നടിക്കാറുണ്ടെന്ന് മമ്മൂട്ടിയിലെ നടന്റെ ആരധകരിൽ ഒരു വലിയ വിഭാഗം വിശ്വസിക്കുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിളലടക്കമുള്ള ചർച്ചകൾ സൂചിപ്പിക്കുന്നത്.  ഒരു വിഭഗത്തിന്റെ ഇത്തരം തിരസ്ക്കരണങ്ങളും  അർഹിക്കുന്ന പുരസ്ക്കാരങ്ങളിൽ നിന്നുപോലുമുള്ള ഒഴിവാക്കലുകളുമൊക്കെ ഒരു നടൻ എന്ന നിലയിൽ മമ്മൂട്ടിയുടെ അജയ്യമായ ചലച്ചിത്ര യാത്രയ്ക്ക് അദ്ദേഹത്തിന് കൂടുതൽ ഊർജ്ജമാകുന്നു  എന്ന്   വിലയിരുത്തുന്നവരുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles