മമ്മൂട്ടിയെ വെളളിത്തിരയുടെ ദേവലോകത്തേക്ക് നയിച്ച, അദ്ദേഹത്തിന് ഗുരുതുല്യനായ എഴുത്തുകാരൻ അക്ഷരലോകത്തെ കുലപതി എം.ടി വാസുദേവൻ നായർ മഹാനടനെക്കുറിച്ച് പല ചടങ്ങുകളിലും ലേഖനങ്ങളിലും അഭിമുഖങ്ങളിലും നടത്തിയിട്ടുള്ള പരാമർശങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള വിലമതിക്കാനാവാത്ത അംഗീകാരങ്ങൾ കൂടിയാണ്. മമ്മൂട്ടി നക്ഷത്രങ്ങളുടെ രാജകുമാരൻ (ലിപി ബുക്സ്,ചിത്രത്തെരുവുകൾ (കറന്റ് ബുക്സ്) തുടങ്ങിയ പുസ്തകങ്ങളിൽ നിന്ന് മമ്മൂട്ടിയെക്കുറിച്ച് എം.ടി യുടെ വാക്കുകൾ ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്നത് കൂടിയാണ്. കഥാപാത്രത്തിന് ആവശ്യമായ രീതിയിലുള്ള ചലനവും ശബ്ദവും കൊടുത്തുകൊണ്ടുള്ള ഒരു ടോട്ടൽ ആക്റ്റിംഗാണ് മമ്മൂട്ടിയുടേത് എന്നാണ് അദ്ദേഹത്തിന് മലയാള സിനിമയിലെ നാഴികല്ലുകളായ നിരവധി കഥാപാത്രങ്ങളെ നൽകിയ എം.ടി സൂചിപ്പിക്കുന്നത്. സംവിധായകനും എഴുത്തുകാരനും കാണാത്ത ഡൈമൻഷൻ കൂടി നൽകുന്ന നടനാണ് മമ്മൂട്ടി. പതിറ്റാണ്ടുകൾക്കിപ്പുറവും സാധാരണക്കാരും ബുദ്ധിജീവികളും ഒക്കെ അദ്ദേഹത്തിന്റെ ആരാധകർ ആകുന്നത് അതുകൊണ്ടാണ് മമ്മൂട്ടിയെ ആരാധിക്കുന്നവർ വെറുമൊരു താരാരാധനയുടെ അപ്പുറത്തുള്ളവരാണ്.
മറ്റു ഭാഷകളിൽ ഒക്കെ സിനിമയെടുക്കുന്ന ആളുകൾ മമ്മൂട്ടിച്ചിത്രങ്ങൾ കണ്ടു വന്ന് അദ്ദേഹത്തെക്കുറിച്ച് ധാരാളമായി സംസാരിക്കാറുണ്ട്.അവർക്കൊക്കെ വലിയ ആദരവാണ്.മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഒരു വലിയ നടൻ എന്ന നിലയിൽ തന്നെയാണ് മറ്റുഭാഷക്കാരും കാണുന്നത്.മമ്മൂട്ടി ഇവിടുത്തെ നമ്മുടെ സാമൂഹിക ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. നിർമാതാക്കളും സംവിധായകരും പ്രേക്ഷകരും മമ്മൂട്ടിക്ക് വേണ്ടി കാത്തിരിയ്ക്കുന്നു. അത് ഒരു നടനെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ സൗഭാഗ്യവും നേട്ടവുമാണ്.ഇതൊന്നും എളുപ്പം ഉണ്ടായതല്ല.അതിനു വേണ്ടിയുള്ള അധ്വാനവും ആത്മാപ്പർണവും കൊണ്ടാണ് ഇത്രയും കാലം ഇങ്ങനെ തിളങ്ങി നിൽക്കുകയും ഭരിക്കുകയും ചെയ്യാൻ സാധിക്കുന്നത്. ഒരു നടൻ മുഖം കൊണ്ടു മാത്രമല്ല , മൊത്തം ശരീരം കൊണ്ടുമാണ് അഭിനയിക്കുന്നത്.ശരീരത്തെ എങ്ങനെ സംരക്ഷിക്കണം,സൂക്ഷിക്കണം എന്നൊക്കെ നന്നായിട്ട് അറിയുന്ന ആളാണ്.അതാണ് കാലം അത്ര എളുപ്പത്തിൽ കടന്നാക്രമിക്കാത്ത ശരീര ഘടന നിലനിർത്താൻ അദ്ദേഹത്തിന് കഴിയുന്നത്.അത് ചിട്ടകൊണ്ടും അച്ചടക്കം കൊണ്ടും ഉണ്ടാകുന്നതാണ് . വിജയത്തിന് കുറുക്കു വഴികൾ ഒന്നുമില്ല, അത് അദ്ധ്വാനിച്ചും കഷ്ടപ്പെട്ടും ആത്മാപ്പർണത്തോട് കൂടി പ്രവർത്തിച്ചും മാത്രം നേടാവുന്ന ഒന്നാണ്.അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മമ്മൂട്ടി.
മമ്മൂട്ടിയുമായുള്ള വ്യക്തിബന്ധത്തെത്തിക്കുറിച്ച് എം.ടിയുടെ വാക്കുകൾ – “മുപ്പത് കൊല്ലത്തിൽ ഏറെയായുള്ള പരിചയമുണ്ട് ഞങ്ങൾ തമ്മിൽ.അതൊരു നടനെന്ന നിലയ്ക്കുള്ള പരിചയം മാത്രമല്ല.അടുത്ത സുഹൃത്ത്, ഒരു കുടുംബാഗത്തെപ്പോലെ വളരെ പ്രിയപ്പെട്ട ഒരാൾ, ഒരനുജനെപ്പോലെ വളരെ സ്നേഹമുള്ള ഒരാൾ . ദേവലോകം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ചോദിച്ചു വന്ന മമ്മൂട്ടി സിനിമ അടക്കമുള്ള പല കാര്യങ്ങളെക്കുറിച്ചും അന്ന് സംസാരിച്ചിരുന്നു. ആ ചെറുപ്പക്കാരന്റെ മുഖവും രൂപവും എനിക്ക് ഓർമ്മവന്നു. വളരെ ഹൃദ്യമായ പെരുമാറ്റവും പക്വതയോടെയുള്ള സംസാരവുമായിരുന്നു അദ്ദേഹത്തിന്റേത്.ഒരുപാട് സംസാരിയ്ക്കാതെ നമ്മൾ പറയുന്നത് കൂടി കേട്ടിരിക്കുന്ന രീതി”
മമ്മൂട്ടിയെ അഭിനയരീതിയെക്കുറിച്ചുള്ള എം.ടിയുടെ നിരീക്ഷണം ഇങ്ങനെ – “മമ്മൂട്ടിയുടെ ആക്റ്റിംഗിനെക്കുറിച്ച് മെത്തേഡ് ആക്റ്റിംഗ് എന്നൊക്കെ പറയുന്നത് ശരിയല്ല.മെത്തേഡ് ആക്റ്റിംഗ് എന്ന് പറഞ്ഞാൽ അധികം സംസാരിക്കാതെ ചില മൂഡുകളിൽ മാത്രം നിൽക്കുന്നവർ.അത് വളരെ ഒതുങ്ങിയ അഭിനയമാണ്. മമ്മൂട്ടി അങ്ങനെയല്ല.ഒതുങ്ങി അഭിനയിക്കേണ്ട സമയത്ത് ഒതുങ്ങി അഭിനയിക്കുകയും വാചാലമാകേണ്ടിടത്ത് വാചാലമാവുകയും അതുപോലെ അംഗ വിക്ഷേപങ്ങൾ ആവശ്യമില്ലാത്തിടത്ത് ഒതുക്കുകയും അല്ലാത്തിടത്ത് അത് ധാരാളമായി ഉപയോഗിക്കുകയും ചെയ്യുന്നു.അതിൽ ഒരു മുൻധാരണയോ നിയമമോ ഇല്ല.കഥാപാത്രത്തിന് ആവശ്യമായ രീതിയിലുള്ള ചലനവും ശബ്ദവും കൊടുത്തുകൊണ്ടുള്ള ഒരു ടോട്ടൽ ആക്റ്റിംഗാണ് മമ്മൂട്ടിയുടേത്.സമഗ്ര സുഭാഗമായ അഭിനയം”.എം.ടിയുമായി മമ്മൂട്ടി സഹകരിച്ച ആദ്യ ചിത്രമായ ദേവലോകം പുറത്തിറങ്ങിയിട്ടില്ല .മമ്മൂട്ടിയെ താനാണ് കണ്ടെത്തിയത് എന്ന പറച്ചിലിനോട് എം.ടി യുടെ പ്രതികരണം ഇങ്ങനെ -“പ്രാഗത്ഭ്യമുള്ള നടന്മാരെ,കലാകാരന്മാരെയൊക്കെ ഒരാൾ കണ്ടെത്തലല്ല.കാലം കണ്ടെത്തുകയാണ്.അതിനുള്ള ചില സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അവർ വരുന്നു.