അടുത്ത സുഹൃത്തുക്കളായ പ്രിയ തിരക്കഥാകൃത്തുക്കൾ ബോബി – സഞ്ജയിലെ ബോബിച്ചേട്ടൻ കോട്ടയം മെഡിക്കൽ സെന്ററിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ഫുൾ ടൈം ഡോക്ടറാണ്. രോഗശുശ്രൂഷ കഴിഞ്ഞു മാത്രമേ, അദ്ദേഹത്തിന് എഴുത്തുള്ളൂ. മുൻപൊരിക്കൽ സാധാരണ ഞങ്ങൾ തമ്മിൽ നടക്കുന്ന വർത്തമാനങ്ങൾക്കിടയിൽ, ‘ബോബിച്ചേട്ടനു ജോലി രാജിവച്ച് മുഴുവൻ സമയവും എഴുതിക്കൂടെ’ എന്നു ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഈ സമയം വളരെ പ്രസക്തമായി തോന്നുന്നു: ‘‘ഒരു യുദ്ധമോ പ്രളയമോ മഹാമാരിയോ വന്നാൽ, ജനങ്ങൾക്കു വേണ്ടത് മരുന്നും ആരോഗ്യ പരിചരണവുമാണ്. ആ സമയം സിനിമയ്ക്കെന്നല്ല, മറ്റൊരു കലാരൂപത്തിനും മനുഷ്യനെ സഹായിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ, അധ്വാനിച്ചു പഠിച്ച ഈ ആരോഗ്യരംഗത്തെ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല’.
ലോകയുദ്ധത്തിനു സമാനമായ ഒരു പോരാട്ടത്തിലാണ് നാം. മനുഷ്യരാശി വീടിനുള്ളിൽ അടച്ചിരുന്നു രോഗാണുവിനെതിരെ പോരാടുന്നു. ലോകയുദ്ധകാലത്ത്, യുദ്ധത്തിന്റെ വാർത്തകളെത്തിക്കാനാണ് കയ്യിലൊതുങ്ങുന്ന റിഫ്ലക്സ് മൂവി ക്യാമറകൾ കൂടുതലായി നിർമിച്ചു തുടങ്ങുന്നത്. ജോൺ ഫോർഡും വില്യം വയ്മറും കാപ്രയുമൊക്കെ അടങ്ങിയ ഹോളിവുഡ് സംവിധായകരിൽ പലരും യുദ്ധം പകർത്താൻ ക്യാമറയുമായി ഇറങ്ങി. പൂർത്തിയാക്കിയ സിനിമകൾ പ്രദർശിപ്പിക്കാൻ പറ്റാതെ വന്നു. പ്രേക്ഷകരുടെ അഭിരുചികൾക്കു മാറ്റം വന്നതോടെ, സിനിമകൾ പരാജയപ്പെട്ട് ജീവിതം നഷ്ടപ്പെട്ട ഒരുപാടു ചലച്ചിത്ര പ്രവർത്തകരെയും ആ യുദ്ധം നമുക്കു കാണിച്ചുതന്നു.
ഇന്നത്തെ സാഹചര്യത്തിൽ ഒരു തിരക്കഥ പൂർത്തിയായാൽ, കഴിവതും ആറു മാസത്തിനകം അതു സിനിമയാകുകയും കാഴ്ചക്കാരിലേക്ക് എത്തിക്കുകയും വേണം. ഇതൊരു വ്യവസ്ഥയൊന്നുമല്ല. പക്ഷേ, തുടർന്നുവരുന്ന സിനിമകളിലെ വിഷയങ്ങളുടെ സമാനത, അവതരണത്തിൽ ആസ്വാദകർക്കു ലഭിക്കുന്ന പുതുമ ഇതെല്ലാം ബന്ധപ്പെടുത്തിയാണ് ഒരു സമയപരിധി നിശ്ചയിക്കുന്നത്. അതു കണക്കാക്കിയാണ് കാലാകാലങ്ങളായി മുഖ്യധാരാ വാണിജ്യ സിനിമകൾ നില നിന്നു പോകുന്നത്.
ആസ്വദിച്ചെഴുതിയ ഒരു തിരക്കഥ സിനിമയാക്കാൻ കഴിയാതെ പോകുന്നതു തന്നെയാണ് ഒരു ചലച്ചിത്രകാരന്റെ ഏറ്റവും വലിയ വേദന. എന്നാൽ ഇപ്പോൾ തോന്നുന്നു, പൂർത്തിയാക്കിയ സിനിമ അതിന്റെ കാഴ്ചക്കാരിലേക്ക് എത്തിക്കാൻ കഴിയാതെ പോകുന്നതാണ് അതിനെക്കാൾ വലിയ വേദനയെന്ന്. തിയറ്റർ വിട്ടു വീട്ടിലിരുന്നു സിനിമ കാണുന്നതിലേക്കു ലോകം മാറിക്കൊണ്ടിരിക്കെ, പ്രതീക്ഷിക്കാതെ വന്ന ഈ ദുർവിധി മറികടക്കാൻ ലോകത്തു പല വൻകിട നിർമാണക്കമ്പനികളും ഇത്തരം ഒടിടി (ഓവർ ദ് ടോപ്) പ്ലാറ്റ്ഫോമുകളിൽ നേരിട്ടു സിനിമകൾ കൊടുത്തു തുടങ്ങി. ഭാവിയിൽ സിനിമാവിതരണത്തിന്റെ രീതി അതു തന്നെയാകും എന്നറിഞ്ഞിട്ടുകൂടി, നമ്മുടെ പ്രാദേശിക ഭാഷാ സിനിമകൾ അതിനു കീഴടങ്ങാൻ തയാറാകാതെ പിടിച്ചുനിൽക്കുകയാണ്.
മാലിക് എന്ന എന്റെ പുതിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ (അവസാന ഘട്ടം) ജോലികളെല്ലാം നിർത്തി വച്ചിരിക്കുകയാണ്. ഈ മാസം സിനിമ തിയറ്ററിൽ എത്തിക്കാമെന്നു ഞാൻ വാക്കുകൊടുത്ത നിർമാതാവ് ആന്റോ ജോസഫിനും, ഷെഡ്യൂൾ മാറാതിരിക്കാൻ ശാരീരിക ബുദ്ധിമുട്ടുകൾ വകവയ്ക്കാതെ വിവിധ കാലഘട്ടങ്ങൾ അഭിനയിച്ച ഫഹദിനും മറ്റ് അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കുമെല്ലാം എന്റെ എഡിറ്റിങ് ടൈംലൈനിലെ ചെറിയ സ്ക്രീനിൽ കണ്ടതാണ് ഇപ്പോൾ ഈ സിനിമ.
ലോക്ഡൗൺ കാലം കഴിഞ്ഞാലും, അവശ്യസേവനങ്ങളുടെ പട്ടികയിൽ ഒരിക്കലും പെടാത്ത സിനിമ എന്ന വിനോദമേഖല ഉണർന്നു തുടങ്ങണമെങ്കിൽ, കോവിഡ് വ്യാധി വരുത്തിവച്ച സാമ്പത്തിക പിരിമുറുക്കത്തിൽനിന്നു സാധാരണക്കാർക്കു മോചനം കിട്ടണം. സഹജീവികളോട്, അഹംഭാവങ്ങൾ മാറ്റിവച്ചു സമത്വത്തോടെ പെരുമാറാൻ ഈ കോവിഡ് കാലം നമ്മളെ പഠിപ്പിച്ചതുകൊണ്ട് ആ ദൈർഘ്യം കുറയുമെന്ന വിശ്വാസത്തിലാണ് ഞാൻ.
