മമ്മൂട്ടിയും ഞാനും : അംബിക
1985-ൽ പുറത്തിറങ്ങിയ ‘ഒരു നോക്കു കാണാൻ’ എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെ തിരക്കുകൾക്കിടയിൽ മലയളത്തിൽ നിന്നുള്ള പല അവസരങ്ങളും എനിയ്ക്ക് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ഈ നഷ്ടങ്ങൾക്കിടയിൽ മറ്റൊരു നഷ്ടമായിരുന്നു മമ്മൂക്കയുടെ നായികയാകാൻ കിട്ടിയ പല അവസ്രങ്ങളും പാഴായി പോയത്. ജോഷി സാർ മമ്മൂക്കയെ നായകനാക്കി പടം ചെയ്യുമ്പോഴൊക്കെ നായികയായി ആദ്യം ക്ഷണിക്കുന്നത് എന്നെയാകും. എന്നാൽ അന്യഭാഷാ തിരക്കുകൾക്കിടയിൽ അവയൊന്നും സ്വീകരിക്കാൻ കഴിയാതെ പോവുകയായിരുന്നു.
വിജയാ മൂവീസ് നിർമ്മിച്ചു സാജൻ സംവിധാനം ചെയ്ത ഒരു നോക്കു കാണാൻ എന്ന സിനിമയിൽ അഭിനയിക്കാൻ ഞാൻ എത്തുന്ന സമയത്തു മമ്മൂക്ക വലിയ തിരക്കുള്ള നടനായിരുന്നു. സെറ്റിൽ നിന്നു സെറ്റിലേക്ക് പറന്നു നടക്കുന്നൊരു സിനിമാ ജീവിതമായിരുന്നു മമ്മൂക്കയുടേത്. ഞാൻ തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ മദ്രാസ് സ്റ്റുഡിയോവിൽ മമ്മൂക്കയെ പറ്റി ആളുകൾ പറയുന്നത് കേൾക്കാറുണ്ടായിരുന്നു, “മലയാളത്തിലിപ്പോൾ മമ്മൂട്ടിയുടെ കാലമാണ്. എല്ലാ നിർമ്മാതാക്കൾക്കും സംവിധായകർക്കും ആ നടനെ വേണം. കഴിവതും എല്ലാവരുടെയും കൂടെ സഹകരിക്കും. 24 മണിക്കൂറും ക്യാമറയ്ക്ക് മുൻപിൽ ജീവിക്കുന്ന ആ മനുഷ്യൻ ഒരു അൽഭുതമാണ്.”
കേൾവിയിൽ നിറഞ്ഞ ആ അൽഭുതം കാഴ്ചയിൽ അനുഭവിക്കുകയായിരുന്നു ഞാൻ. തൃശൂർ ആയിരുന്നു ഒരു നോക്കു കാണാൻ എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
മറ്റേതെല്ലാമോ സിനിമയുടെ ലൊക്കേഷനിൽ നിന്നാണു മമ്മൂക്ക ഓടിപ്പിടിച്ചെത്തുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാലുടൻ അടുത്ത സിനിയയുടെ ലൊക്കേഷനിലേക്ക് പറക്കുകയാണ് മമ്മൂക്ക. തിരുവനന്തപുരം മുതൽ പാലക്കാട് വരെ നാലഞ്ചു സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടാകും,മമ്മുക്കയുടേതായി. ഇങ്ങനെ രാപ്പകലില്ലാതെ പറന്നുനടക്കുന്നത് കണ്ട് ഞാൻ കൺമിഴിച്ചു നിന്നുപോയി. ഏതൊരു പ്രൊഫഷണൽ ഡ്രൈവറേക്കാളും കേരളത്തിലെ റൂട്ടുകൾ മനഃപാഠമാക്കിയ ആളാകും മമ്മൂക്ക. അത്രക്കുണ്ടായിരുന്നു സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള മമ്മൂക്കയുടെ യാത്ര.
ഒരു നോക്കു കാണാൻ അക്കാലത്തെ റെക്കോർഡ് വിജയമായിരുന്നു. ആ വിജയം മമ്മൂക്കയെയും എന്നെയും നായികാനായകന്മാരാക്കി സിനിമയെടുക്കാൻ സംവിധായകർ കാത്തുനിന്നു. എന്നാൽ ഞാൻ വീണ്ടും തമിഴ് സിനിമകളുടെ തിരക്കിൽ പെട്ടതുകൊണ്ട് പല അവസരങ്ങളും നഷ്ടമായി.
പിന്നീട് മമ്മൂക്കയോടൊത്ത് ഞാൻ അഭിനയിക്കുന്ന സിനിമ ‘മൂന്നു മാസങ്ങൾക്കു മുൻപ്’ ആണ്. ആ സിനിമയുടെ സംവിധായകൻ കൊച്ചിൻ ഹനീഫിക്കയുടെ തന്ത്രപരമായ ഇടപെടലാണ് അതിനു കളമൊരുക്കിയത്. ഒരു മുന്നറിയിപ്പും കൂടാതെ ഹനീഫക്ക എന്നോട് വന്നുപറയുന്നു, “ഞാൻ മമ്മൂട്ടിയെ വച്ചെടുക്കുന്ന സിനിമയിൽ അംബികയാണു നായിക. ഒട്ടും വൈകാതെ ഷൂട്ടിംഗ് തുടങ്ങും.” അതുകേട്ട് ഞാൻ സ്തംഭിച്ചു നിൽക്കേ ഹനീഫിക്ക തുടർന്നു പറഞ്ഞു, “തുറിച്ചു നോക്കണ്ട…അംബിക തന്നെ നായിക. ഞാൻ പേര് അനൗൺസ് ചെയ്തിട്ടുണ്ട്.“
പിൻവാങ്ങാൻ പറ്റാത്ത അവസ്ഥയിലായിപ്പോയി ഞാൻ. ഇതേസമയം ‘അർച്ചന ആരാധന’ എന്നൊരു സിനിമയ്ക്ക് ഞാൻ ഡേറ്റ് കൊടുത്തിരുന്നു. അഡ്വാൻസും കൈപറ്റിയിട്ടുണ്ട്. അതിനാൽ അതിൽ നിന്നും പിന്മാറാൻ പറ്റില്ല. എന്തുവേണം എന്നു ചിന്തിക്കാൻ അവസരം കിട്ടും മുൻപേ ഹനീഫക്ക ഷൂട്ടിംഗ് തുടങ്ങി. മമ്മൂക്ക നായകനാകുന്ന സിനിമ എന്ന പ്രാധാന്യവും ഹനീഫക്കയുടെ സ്നേഹവും ഒരു വശത്ത്, അഡ്വാൻസ് കൈപ്പറ്റിയ സിനിമ ഉപേക്ഷിക്കാനാകാത്ത വിഷമസന്ധി മറുവശത്ത്.. ഒടുവിൽ രണ്ടു സിനിമയിലും അഭിനയിക്കേണ്ടിവന്നു എന്ന് പറാഞ്ഞാൽ മതിയല്ലോ.!
രണ്ടു സിനിമയുടെയും ഷൂട്ടിംഗ് എറണാകുളത്ത് ആയത് വലിയ ആശ്വാസമായി. എങ്ങനെയും അഡ്ജസ്റ്റ് ചെയ്ത് പോകാമെന്ന് വന്നു. ഒരേ സമയം രണ്ടു സിനിമയിൽ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടായി ഞാൻ കണ്ടിരിക്കേ, ഒരേ സമയം അഞ്ചു സിനിമകളിൽ അഭിനയിക്കുന്നതിനിടയ്ക്കാണ് മമ്മൂക്ക മൂന്നു മാസങ്ങൾക്കു മുൻപ് എന്ന സിനിമയും എറ്റെടുത്തിരിക്കുന്നത് എന്ന കാര്യം എന്നെ ഏറെ അതിശയിപ്പിച്ചു. എവിടെന്നെല്ലാമോ ആണ് മമ്മൂക്ക ഓരോ ദിവസവും വന്നുചേരുന്നത്. രണ്ടു മണിക്കൂർ, മൂന്നു മണിക്കൂർ…എന്ന കണക്കിൽ ദിവസവും പല സിനിമകളിൽ അഭിനയിച്ചുവരികയാണ് മമ്മൂക്ക എന്നറിഞ്ഞപ്പോൾ രണ്ടു സിനിമയിൽ അഭിനയിക്കുന്ന എന്റെ ബുദ്ധിമുട്ട് എത്രയോ നിസ്സാരമെന്ന് എനിയ്ക്ക് തോന്നി.
ചില സെറ്റുകളിൽ നിന്ന് പായ്ക് അപ് പറഞ്ഞു ആളുകൾ അവരുടെ വീടുകളിലേക്ക് പോകുമ്പോൾ മമ്മൂക്ക അടുത്ത സിനിമയുടെ ലൊക്കേഷനിലേക്കാകും പോകുക. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയുള്ള മമ്മൂക്കയുടെ ഈ മാരത്തോൺ ഓട്ടം കണ്ടപ്പോൾ മലയളസിനിമയുടെ ഉയരങ്ങളത്രയും ഈ നടൻ നാളെ സ്വന്തമാക്കും എന്ന് എനിയ്ക്ക് ഉറപ്പായിരുന്നു. അങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു.
ഷോട്ടുകൾക്കിടയിൽ ലൈറ്റ് അപ് ചെയ്യാൻ എടുക്കുന്ന പത്തൊ പതിനഞ്ചോ മിനിട്ട് സമയം കിട്ടിയാൽ മമ്മൂക്ക ഇരിക്കുന്നിടത്തിരുന്ന് ഉറങ്ങിയിട്ടുണ്ടാകും. അങ്ങിനെ ഉറങ്ങുന്ന മമ്മൂക്കയെ ഞാനും ഹനീഫിക്കയും എത്രയോ തവണ വിളിച്ചുണർത്തിയിരിക്കുന്നു.
ഒന്നോ രണ്ടോ ഷോട്ടുകൾ എടുത്ത് കഴിഞ്ഞാൽ പിന്നെയും പോയി കിടന്നുറങ്ങും. ഷോട്ട് റെഡി എന്ന അസോസിയേറ്റിന്റെയോ സംവിധായകന്റേയോ വിളിച്ചുണർത്തൽ കേട്ടാൽ യാതൊരു അലോസരവും കൂടാതെ മമ്മൂക്ക ക്യാമറയ്ക്ക് മുൻപിലെത്തും. ക്യാമറക്ക് മുൻപിലെത്തിയാൽ പിന്നെ മമ്മൂക്ക മറ്റൊരാളാണ്, ഒരു തികഞ്ഞ അഭിനേതാവ്.
തമിഴ് സിനിമകളുടെയും അവിടുത്തെ വിശേഷങ്ങളുമൊക്കെ പറഞ്ഞിരിക്കുന്നതിനിടയിൽ ഒരിക്കൽ ഞാൻ മമ്മൂക്കയോടെ ചോദിച്ചു, “മമ്മൂക്കയ്ക്ക് തമിഴ് സിനിമയിൽ അഭിനയിച്ചുകൂടെ? അവിടെ മമ്മൂക്കയ്ക്ക് നന്നായി തിളങ്ങാനാകും.”
അപ്പോൾ മമ്മൂക്ക പറഞ്ഞു, “ഒരുപാട് സമയമുള്ളവർക്കേ അതൊക്കെ പറ്റുകയുള്ളൂ. എനിക്കെവിടെ സമയം? ഒരഞ്ചു ദിവസം ഒഴിവുണ്ട് എന്നറിഞ്ഞാൽ ആരെങ്കിലും എന്നെ വച്ച് ഒരു പടം തുടങ്ങിയിട്ടുണ്ടാകും. അതാണവസ്ഥ. പക്ഷേ ഈ ഒഴുക്കിനു ഒരു രസമുണ്ട്.” അന്നും സിനിമയുടെ ആ തിരക്കും ബഹളവും ഒക്കെ ആസ്വദിക്കുന്ന, മനസ്സു മുഴുവൻ സിനിമയുമായി നടക്കുന്ന ഒരാളാണ് മമ്മൂക്ക.
കഠിനാധ്വാനത്തെ രസകരമായ ഒരു പ്രവൃത്തിയായി കാണാൻ അധികപേർക്കും കഴിയില്ല. ജോലിയെ ഒരു പ്രാർഥന പോലെ കണ്ട ആളാണു മമ്മൂക്ക. അതിന്റെ ഫലമാണ് മമ്മൂക്കയുടെ സമാനതകളില്ലാത്ത ഈ ഉയർച്ച.
ഞൻ വിവഹം കഴിഞ്ഞു അമേരിക്കയിൽ താമസമാക്കിയ കാലത്തുപോലും എനിയ്ക്ക് അവസരം കൈവന്നിരുന്നു. ഇലവങ്കോട് ദേശവും ഭൂതക്കണ്ണാടിയുമായിരുന്നു ആ ചിത്രങ്ങൾ. ആ അവസരങ്ങൾ നഷ്ടപ്പെട്ടതിൽ ഇന്നും ഖേദമുണ്ട്.