മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനവും തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവും മിക്ക തിരഞ്ഞെടുപ്പുകളിലും മാധ്യമങ്ങളിൽ നിറയാറുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻ നിർത്തിയും ഇത്തരത്തിൽ ചർച്ചകൾ ഉയർന്നു വന്നിരുന്നു . സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്ടീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് താൻ അത് ചെയ്യാത്ത കാര്യമാണെന്നും അതില്‍ ഒന്നും പറയാന്‍ കഴിയില്ലെന്നുമാണ് മമ്മൂട്ടി അഭിപ്രായപ്പെട്ടത്. തനിക്ക് സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ല. ഏറ്റവും വലിയ രാഷ്ടട്രീയമാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് – സിനിമ. എല്ലാ തെരഞ്ഞെടുപ്പ് സമയത്തും ഞാന്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കാറുണ്ട്. അത് കെട്ടുകഥയാണോ എന്നൊന്നും അറിയില്ല. തന്നോട് നേരിട്ട് ഇതുവരെ ആരും മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും രാഷ്ട്രീയ പ്രവേശനത്തിനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി വേഷമിടുന്ന ‘വൺ’ എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.കടയ്കൽ ചന്ദ്രൻ എന്ന കഥാപാത്രമായി വെള്ളിത്തിരയിൽ എത്തുമ്പോൾ തമിഴിലും തെലുഗിലും മലയാളത്തിലും മുഖ്യമന്ത്രിയായി അഭിനയിച്ച നടൻ എന്ന പ്രത്യേകതയും മമ്മൂട്ടിക്ക് സ്വന്തം. തന്റെ നാല് പതിറ്റാണ്ട് നീണ്ടു നിൽക്കുന്ന അഭിനയ യാത്രയിൽ ശക്തമായ രാഷ്ട്രീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചും അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. കക്ഷി ഭേദമന്യേ കേരളത്തിലേയും ദേശീയ തലത്തിലേയും നിരവധി രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിക്കുന്നു.