ജീവിതത്തിൽ ആദ്യമായി ഒരു സിനിമാ നടനെ കാണുന്നത് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എന്ന സ്ഥലത്തു വച്ചാണ്. കണ്ടതാകട്ടെ മലയാള സിനിമയിലെ ഇഷ്ട താരമായ മമ്മുട്ടിയെ ! മണ്ണാർക്കാട് അന്ന് കലാവതി എന്ന് പേരുള്ള സിനിമ ടാകീസ് ഉണ്ടായിരുന്നു. ആ തിയേറ്ററിന്റെ അടുത്തായിട്ട് വലിയ ഒരു തറവാട് വീട് ഉണ്ട്. അവിടെയാണ് സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനം എന്ന സിനിമയുടെ ഷൂട്ടിങ്. ആ സിനിമയിൽ അഭിനയിക്കുന്നത് മമ്മുട്ടി, മുകേഷ്, തിലകൻ, സരിത,ആശ ജയറാം, കവിയൂർ പൊന്നമ്മ,എന്നിവർ ഒക്കെയാണ് താരങ്ങൾ. ഷൂട്ടിംഗ് കാണുവാൻ ഞാൻ രാവിലെ പത്തു മണിയ്ക്ക് അവിടേക്ക് പോയി. അപ്പോൾ ആ തറവാട്ടിൽ അധികം ആളുകളെ കാണുന്നില്ല എനിക്ക് ഭാഗ്യം ഇല്ല എന്ന് വിചാരിച്ചു തിരിച്ചു പോരാൻ തുടങ്ങുമ്പോൾ ആ വീടിന്റെ കുറച്ചു പിറകിലായി ഉള്ള ഒരു വലിയ കുളത്തിന്റെ ഭാഗത്തേക്ക് ആൾക്കാർ കൂട്ടത്തോടെ പോകുന്നത് കണ്ടത്. അവരുടെ പിറകിലായി ഞാനും പോയി. കുളത്തിന്റെ അടുത്തെത്തിയപ്പോൾ മണ്ണാർക്കാട് ഉളള അധികം ആൾക്കാരും അവിടെയുണ്ട്. അവർക്കിടയിലൂടെ ഞാൻ മെല്ലെ മുന്നോട്ട് നീങ്ങി കുളത്തിന്റെ സൈഡിൽ എത്തി. അവിടെ നിന്ന് നോക്കിയപ്പോൾ എനിക്ക് എന്റെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. കുട്ടിക്കാലം മുതലേ കേൾക്കുന്ന പേര്.. ഏതൊരു കുടുംബക്കാരുടെ വീട്ടിൽ പോയാലും സൗന്ദര്യത്തിന്റെ കാര്യം പറയുന്ന ആ മനുഷ്യൻ.. സാക്ഷാൽ മമ്മുട്ടി! മമ്മൂട്ടിയും ആശ ജയറാം എന്ന നടിയും കൂടെയുള്ള ഒരു സീൻ ആണ് ചിത്രീകരിക്കുന്നത്. അതൊരു സ്വപ്നമാണോ എന്ന് വിചാരിച്ച് ഞാൻ എന്റെ കണ്ണ് രണ്ട് മൂന്ന് പ്രാവശ്യം തിരുമ്മി നോക്കി. സത്യം പറഞ്ഞാൽ എനിക്ക് ഒരു ഉറപ്പ് കിട്ടുന്നില്ല. ആ മുഖത്തേക്ക് നോക്കിയപ്പോൾ വെളുത്തു തുടുത്ത് ആപ്പിളിന്റെ കളർ ഉള്ള കവിളുകൾ. അത് സത്യം തന്നെയാണ്, ആ മുഖത്തിന്റെ സൗന്ദര്യം തന്നെയാണ് എല്ലാവരും പറയുന്നത് എന്ന് എനിക്ക് മനസ്സിലായി. അങ്ങിനെ ഇവർ രണ്ട് പേരും ഉള്ള ആ സീൻ 2 മണിക്കൂർ സമയം അവിടെ ഷൂട്ട് ചെയ്തു. അത് കഴിഞ്ഞ് അവർ അവിടെ നിന്നും ആ തറവാട്ടിലേക്ക് പോയി. ഷൂട്ടിംഗ് കാണാൻ വന്ന ആൾക്കാരും അതിന്റെ പിറകെ പോയി.
സത്യം പറഞ്ഞാൽ എനിക്ക് മനസ്സിൽ നിന്ന് പോകുന്നില്ല ആ കാഴ്ച്ച. ആദ്യമായി ഞാൻ കണ്ട സിനിമാ നടൻ മമ്മുട്ടി എന്ന അത്ഭുദ പ്രതിഭയെ. തനിയാവത്തനം സിനിമ റിലീസായി മണ്ണാർക്കാട് വന്നപ്പോൾ പോയി കണ്ടു. കരഞ്ഞ് കൊണ്ടാണ് പുറത്ത് ഇറങ്ങിയത്. ഇന്നും ആ കഥാപത്രം മനസ്സിലുണ്ട്, മമ്മുട്ടി എന്ന നടനും. ഒരിക്കലും മറക്കൂല ആ സ്ഥലവും ആ സിനിമയും. അതിന് ശേഷം എനിക്ക് മമ്മുട്ടിയെന്ന നടനെ വളരെ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞത് വേഷം എന്ന സിനിമയിൽ ഞാൻ പ്രൊഡക്ഷൻ മാനേജർ ആയി വർക്ക് ചെയ്തപ്പോഴാണ്. ആ സിനിമയിൽ മമ്മുട്ടിയുടെ അച്ഛൻ(ഇന്നസെന്റ് ) മരിച്ചതിന് ശേഷം അതിന്റെ ചിത കത്തിക്കുന്ന സീൻ. കോഴിക്കോട് ഗുരുവായൂർ അപ്പൻ കോളേജിന്റെ ഏറ്റവും പിറകിൽ ആണ് ഷൂട്ടിംഗ് ചെയ്യാൻ ഉള്ളത്. ആ ഭാഗത്തേക്ക് കാർ പോകില്ല. കുറച്ചു നടക്കണം. അപ്പോൾ അവിടെ ആ സീനിൽ അഭിനയിക്കാൻ മമ്മുക്ക കാറിൽ വന്ന് ഇറങ്ങി. അവിടെ നിന്ന് 200 മീറ്റർ നടക്കണം ലൊക്കേഷനിലേക്ക്. ഞാൻ എന്റെ കയ്യിൽ ഉള്ള യമഹ ബൈക്കിൽ സെറ്റിലേക്ക് ഒരു സാധനം കൊണ്ട് പോകുകയായിരുന്നു. അപ്പോൾ മമ്മുക്കയെ കണ്ടപ്പോൾ ബൈക്ക് നിറുത്തി. മമ്മുക്ക എന്നോട് ചോദിച്ചു, “നീ എന്നെ അവിടെ കൊണ്ടുപോയി ഇറക്കി തരുമോ” എന്ന്. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. ഞാൻ പേടിച്ചുകൊണ്ട് “ശെരി സർ” എന്ന് പറഞ്ഞു. മമ്മുക്ക എന്റെ ബൈക്കിന്റെ പുറകിൽ ഒരു സൈഡിലേക്ക് ആയി ഇരുന്നു. മുമ്പോട്ട് പോകുമ്പോൾ “നീ എന്നെ വീഴ്ത്തി ഇടരുത്” എന്ന് പറഞ്ഞു. ഞാൻ ഇല്ല സർ എന്ന് പറഞ്ഞ് അവിടെ കൊണ്ടുപോയി ഇറക്കി. അതിന് ശേഷം എനിക്ക് തന്നെ വിശ്വാസം വരുന്നില്ല, പടച്ചോനെ മലയാളത്തിലെ മഹാനടൻ മമ്മുട്ടി എന്റെ ബൈക്കിന്റെ പുറകിൽ എന്റെ കൂടെ കയറിയ ആ ഭാഗ്യം എനിക്ക് കിട്ടിയല്ലോ എന്ന്. അന്ന് എന്റെ കണ്ണിലൂടെ കണ്ട ആ മുഖത്തിന്റെ തിളക്കം ഇന്നും അതുപോലെ ഉണ്ട്. അത് മമ്മുട്ടിയെ അടുത്ത് നിന്ന് കണ്ടവർക്ക് എല്ലാവര്ക്കും മനസ്സിലാകുകയും ചെയ്യും. സ്നേഹത്തോടെ മമ്മുക്കയുടെ ചെറുപ്പം മുതലേ ഇഷ്ടപെടുന്ന ഒരു ആരാധകൻ .
ആസാദ് കണ്ണാടിക്കൽ