നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃക സൃഷ്ടിക്കുന്ന മമ്മൂട്ടി ഫാൻസ് പ്രവര്‍ത്തകർ നിസ്സഹായരായ മനുഷ്യരുടെ കണ്ണീരൊപ്പാൻ വ്യത്യസ്തമായ ഒരു മാർഗം കണ്ടെത്തിയിരിക്കുന്നു. കണ്ണൂർ പാടിയോട്ടുചാൽ അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ‘ഗുലാൻ’ എന്ന പേരിൽ തട്ടുകട നടത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുകയാണ് മമ്മൂട്ടി ഫാൻസ് പ്രവര്‍ത്തകര്‍.കഴിഞ്ഞ വര്‍ഷം ക്യാൻസര്‍ രോഗിയായ വീട്ടമ്മയെ സഹായിക്കാൻ ഇവർ തട്ടുകട നടത്തിയിരുന്നു.തുടര്‍ച്ചയായ നാലാം വര്‍ഷമാണ് നിരാലംബരെ സഹായിക്കാൻ ഇത്തരത്തിൽ വേറിട്ട സംരംഭവുമായി ഈ കൂട്ടായ്മ എത്തുന്നത്. ഈ വർഷം ഇത്തരത്തിൽ മൂന്ന് പേരെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്
നാട്ടുകാരും പ്രവാസികളുമായ സുമനസുകളുടെ അകമഴിഞ്ഞ പിന്തുണയാണ് തങ്ങളുടെ കരുത്തെന്ന് ഫാൻസ് പ്രസിഡന്റ് സാബു സെബാസ്റ്റ്യൻ പറഞ്ഞു. പരിമിതികളിൽ നിന്ന് കൊണ്ട് പരമാവധി നല്ല കാര്യങ്ങൾ ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് സെക്രട്ടറി അഭിലാഷ് കൊല്ലാട പറഞ്ഞു. സിനിമകളുടെ പ്രൊമോഷൻ മാത്രമല്ല, സമൂഹത്തിന് ഗുണകരമാകുന്ന കാര്യങ്ങൾ ചെയ്യുക എന്നതാകണം ഫാൻസ് അസോസിയേഷനുകളുടെ മുഖ്യ ലക്ഷ്യം എന്നാണ് അസോസിയേഷന്റെ രൂപീകരണം മുതലുള്ള മമ്മൂക്കയുടെ നിലപാട്. അതുകൊണ്ടു തന്നെ ഇത്തരം പ്രവർത്തനങ്ങൾ മഹാ നടനോടുള്ള തങ്ങളുടെ സ്നേഹവും ആദരവും കൂടിയാണ് എന്ന് പ്രവർത്തകരായ അഭിജിത്ത്, യു.കെ അനസ്, ഭരതരാജ്, അൻഷാദ്, ജസീർ, ജോയൽ, ഷെക്കീൽ, ഫാസിൽ, ഷമീൽ,ജെബിൻ എന്നിവർ ഒരേ സ്വരത്തിൽ പറയുന്നു. പകൽ ജോലിക്ക് ശേഷം രാത്രി മുഴുവൻ പ്രതിഫലം വാങ്ങാതെ ഗുലാൻ തട്ടുകടയ്ക്കായി സേവനം ചെയ്യുന്ന കരീംച്ചയാണ് തങ്ങളുടെ ആവേശവും ഊർജവുമെന്നാണ് ഇവർ പറയുന്നത്.
