ഇന്ന് സിനിമയിൽ വില്ലന്മാരെ അടിച്ചോടിക്കുന്ന ധീരനായ നായകൻ മമ്മൂട്ടി പണ്ട് വില്ലന്മാരെ പേടിച്ച് നാടുവിട്ട് ഓടിയ ആളാണെന്ന് മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മയിൽ. മമ്മൂട്ടിയെക്കുറിച്ചുള്ള ഓർമ്മകൾ ഓർത്തെടുക്കവെയാണ് രസകരമായ ചില കാര്യങ്ങൾ അവർ പങ്കുവച്ചത്.
കുട്ടിക്കാലത്തൊരുപാവത്താനായിരുന്നു മമ്മൂട്ടി. ചെറുപ്പത്തിന്റെ കുസൃതികളൊന്നുമില്ല. കുലശേഖരമംഗലത്തെ സ്കൂളിൽ മമ്മൂട്ടിയെ എപ്പോഴും ശല്യം ചെയ്യുന്ന ചില പിള്ളേരുണ്ടായിരുന്നു. അവരുടെ ആക്രമണം ഭയന്ന് മമ്മൂട്ടി എന്റെ നാഡായ ചന്തിരൂരിലെ സ്കൂളിലേക്ക് മാറി. ഇന്ന് വില്ലന്മാരെ അടിച്ചൊതുക്കുന്ന, ഓടിക്കുന്ന നായകൻ പണ്ടു വില്ലന്മാരെ പേടിച്ച് നാടുവിട്ട് ഓടിയതോർത്ത് ഞാനിപ്പോഴും ചിരിക്കാറുണ്ട്.
ചെറുപ്പം തൊട്ടേ മമ്മൂട്ടിയ്ക്ക് സിനിമാക്കമ്പമുണ്ട്. കുട്ടിക്കാലത്ത് മക്കളെ സിനിമയ്ക്ക് കൊണ്ടുപോയിരുന്നത് ബാപ്പ തന്നെയാണ്. ചിലപ്പോൾ ഞാനും പോകും. സിനിമ കണ്ടുവന്നാൽ പിന്നെ അതിലെ രംഗങ്ങൾ അഭിനയിച്ചു കാണിക്കലാണ് മമ്മൂട്ടിയുടെ പ്രധാന ജോലി. കൂടെ മറ്റു പിള്ളേരുമുണ്ടാകും.
സിനിമയിലായാലും അവൻ വേദനിക്കുന്ന രംഗങ്ങൾ എനിക്ക് കണ്ടുനിൽക്കാനാകില്ല. മൃഗയയയിലും സൂര്യമാനസത്തിലുമൊക്കെ അവനു തല്ലുകൊള്ളുന്നതുകണ്ട് എന്റെ കണ്ണുനിറഞ്ഞിട്ടുണ്ട്. സൂര്യമാനസത്തിലെ അമ്മ ഞാനായി മാറിയിട്ടുണ്ട്. എല്ലാം സിനിമയുടെ ടെക്നിക്കുകളല്ലേ ഉമ്മാ എന്നും പറഞ്ഞു അവൻ എന്നെ സമാധാനിപ്പിക്കും. പക്ഷേ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാനതൊക്കെ മറക്കും.
(അവലംബം: ചമയങ്ങളില്ലാതെ)