കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം നാളെ (ബുധൻ) അതിരപ്പിള്ളിയിൽ തുടങ്ങുന്നു. മമ്മൂട്ടി ഏപ്രിൽ മൂന്നിന് ജോയിൻ ചെയ്യും. കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന് ‘ഇബ്‌ലീസ്’ നു തിരക്കഥ ഒരുക്കിയ സമീർ അബ്ദുൽ തിരക്കഥയൊരുക്കുന്നു.
ഷറഫുദ്ധീൻ, ജഗദീഷ്, കോട്ടയം നസീർ,ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്.
“ഒരു ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്. മമ്മൂക്കയുടെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെത്. കഥാപാത്രങ്ങളെയും സിനിമയുടെ കഥയെയും കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ ആകില്ല.”
മമ്മൂട്ടിയ്‌ക്കൊപ്പം തന്റെ സിനിമ ചെയ്യുന്നതിനെക്കുറിച്ച് നിസാം പറയുന്നു, ‘ഈ സ്‌ക്രീൻ പ്ലേയെക്കുറിച്ച് ഞങ്ങൾക്ക് ആശയം വന്നതിന് ശേഷം, മമ്മൂട്ടി ഈ വേഷത്തിന് അനുയോജ്യനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു.” രസകരമെന്നു പറയട്ടെ, മെഗാസ്റ്റാർ നിസാമിന്റെ മുമ്പത്തെ സിനിമ കണ്ടിരുന്നില്ല.
“എന്തായാലും ഞങ്ങൾക്ക് കഥ അദ്ദേഹത്തോട് അനായാസം അവതരിപ്പിക്കാൻ കഴിഞ്ഞു, അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു” നിസാം പറഞ്ഞു.
GGVV എന്ന കന്നഡ ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ മുകുന്ദനാണ് സംഗീതം ഒരുക്കുന്നത്. ക്യാമറ : നിമിഷ് രവി. കൊ പ്രൊഡ്യൂസർ : എൻ എം ബാദുഷ..
സിബിഐ അഞ്ചാം ഭാഗത്തിന്റ ഡബ്ബിങ് പൂർത്തിയാക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. ഏപ്രിൽ മൂന്നോടെ മമ്മൂട്ടി നിസാം ചിത്രത്തിൽ ജോയിൻ ചെയ്യും.ഇതേസമയം രതീന അർഷാദ് ഒരുക്കിയ മമ്മൂട്ടി പാർവതി തിരുവോത്ത് ടീമിന്റെ പുഴു വിഷു ചിത്രമായി സോണി ലൈവിൽ പ്രദർശനതിനെത്തും. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം ഡയറക്ട് OTT റിലീസ് ചെയ്യുന്നത്.
