‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം’ കെപിഎസി ലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി ഫേസ്ബുക്കിൽ ഇങ്ങിനെ കുറിച്ചു.
നിരവധി സിനിമകളിലാണ് മമ്മൂട്ടിയും കെപിഎസി ലളിതയും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. 1990 ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ രചന മതിലുകളെ ആസ്പദമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മതിലുകൾ എന്ന ചിത്രത്തിൽ ശബ്ദം കൊണ്ട് മാത്രം നാരായണിയായി മാറിയ കെപിഎസി ലളിതയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
കരൾരോഗത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി 11 മണിയോട് കൂടിയാണ് കെപിഎസി ലളിത വിടവാങ്ങിയത്. എറണാകുളത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഈ അടുത്താണ് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടന്നാണ് വീട്ടിലേക്ക് മാറ്റിയത്.
കുട്ടിക്കാലത്തു തന്നെ നാടകങ്ങളിൽ സജീവമായിരുന്ന കെപിഎസി ലളിത ‘ഗീത’ എന്ന നാടകസംഘത്തിൻ്റെ ‘ബലി’ എന്ന നാടകത്തിലാണ് ആദ്യമായി വേഷമിടുന്നത്. കലാമണ്ഡലം ഗംഗാധരന്റെ കീഴിൽ നൃത്തവും അഭ്യസിച്ചിരുന്നു. 1970 കളിലാണ് കെപിഎസിയുടെ ഭാഗമാകുന്നത്. കൊല്ലം കെപിഎസി യുടെ ഭാഗമായതോടെ മഹേശ്വരിയമ്മ എന്ന പേരുപേക്ഷിച് ലളിത എന്ന പേര് സ്വീകരിക്കുകയായിരുന്നു.
തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകത്തെ ആസ്പദമാക്കി കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തിയ കെപിഎസി ലളിത പിന്നീടങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ടു.
1978ലാണ് ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്തത്. ഭരതന്റെ പല മികച്ച ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. 1998 ൽ ഭർത്താവിൻ്റെ നിര്യാണത്തെത്തുടർന്ന് സിനിമയിൽ നിന്നും കുറെക്കാലം വിട്ടുനിന്ന ലളിത പിന്നീട് സത്യൻ അന്തിക്കാടിൻ്റെ വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണു സിനിമയിലേക്ക് തിരികെയെത്തിയത്. അമരത്തിലേയും (1991) ശാന്തത്തിലേയും (2000) അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയപുരസ്കാരവും ലളിതയെ തേടിയെത്തി . അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.
