തിരക്കുപിടിച്ച ജീവിതങ്ങളിൽ നിന്നും നമ്മുടെ ഇഷ്ടങ്ങളിലേക്കും ഹോബികളിലേക്കുമെല്ലാമുള്ള ഒരു ചില്ലുജാലകം തുറന്നിടുകയാണ് കോവിഡ് കാലം സൃഷ്ടിച്ച ‘ലോക് ഡൌൺ’.
വീട്ടകങ്ങളിൽ സുരക്ഷിതരായിരിക്കുക എന്നതിനൊപ്പം കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള അവസരവും ഈ ലോക് ഡൌൺ കാലം സമ്മാനിച്ചു എന്നതാണ് വാസ്തവം. ഒപ്പം നമ്മുടെ ഇഷ്ടങ്ങൾക്കൊപ്പം ചെലവഴിക്കാനുള്ള ഒരു സമയവും !
വെള്ളിവെളിച്ചത്തിന്റെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും ലോക് ഡൌൺ കാലത്തെ നീണ്ട ‘അവധി ദിനങ്ങളിൽ’ ക്യാമറക്ക് മുന്നിൽ നിന്നും ക്യാമറയുടെ പുറകിലേക്ക് മാറി മനോഹരമായ ദൃശ്യങ്ങൾ പകർത്തുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.
ഒരു പകലിൽ തന്റെ പുതിയ വീടിന് മുറ്റത്തേക്ക് വന്ന ‘അതിഥികളെ’ സ്റ്റിൽ ക്യാമറയിൽ ഒപ്പിയെടുത്തുകൊണ്ട് മെഗാസ്റ്റാർ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനിടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പ്രകൃതിയുടെ പച്ചപ്പിൽ വന്നിരിക്കുന്ന വിവിധ പക്ഷികളുടെ മനോഹരമായ ദൃശ്യങ്ങൾ തന്റെ ക്യാമറ കൊണ്ട് ഒപ്പിയെടുത്തിരിക്കുകയാണ് മമ്മൂട്ടി.
ഫോട്ടോഗ്രാഫിയിൽ മമ്മൂട്ടിയ്ക്കുള്ള പാഷൻ പണ്ടേ പ്രസിദ്ധമാണ്. ലേറ്റസ്റ്റ് ക്യാമറകൾ സ്വന്തമാക്കുന്നതിലും മമ്മൂട്ടിയ്ക്ക് വല്ലാത്ത ക്രെയിസാണ്.
ഇപ്പോൾ ലോക് ഡൌൺ കാലത്ത് വീണുകിട്ടിയ അവിചാരിതമായ ഒഴുവുസമയങ്ങളിൽ ക്യാമറക്കമ്പം തീർക്കുകയാണ് മഹാനടൻ.