നാല് പതിറ്റാണ്ടോടടുക്കുന്ന സമാനതകളില്ലാത്ത അഭിനയ ജീവിതത്തിൽ, വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ പൂർണതയോടെ വെളളിത്തിരയിൽ അവതരിപ്പിക്കുവാൻ എക്കാലവും പരിശ്രമിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. ഒരു നടൻ എന്ന നിലയിൽ സ്വയം നവീകരിക്കാനുള്ള നിതാന്ത പരിശ്രമങ്ങൾ തന്നെയാണ് ഇന്ത്യൻ സിനിമയിൽ മമ്മൂട്ടി എന്ന നടനെ മറ്റ് അഭിനേതാക്കളിൽനിന്ന് ഒരു പടി മുന്നിൽ നിർത്തുന്നത്. ബ്ളാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിൽ ഒരു ചെറിയ കഥാപാത്രമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം സിനിമയുടെ നിർമാണ അവതരണ രീതികളിലും, പ്രേക്ഷകാഭിരുചികളിലും ഉണ്ടായ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ചു കൊണ്ട് ഇന്നും വിജയകരമായ അഭിനയ യാത്ര തുടരുകയാണ്. ഒരേ സമയം താൻ ഒരു താരവും നടനുമാണ് എന്ന ബോധ്യത്തോടെ ആൾക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കുന്ന കഥാപാത്രങ്ങളും, സൂക്ഷ്മാഭിനയത്തിന്റെ സവിശേഷ സ്പർശവുമായി തന്നിലെ നടന് സ്വയം വെല്ലുവിളികൾ ഉയർത്തുന്ന കഥാപാത്രങ്ങളും ഒരുപോലെ തിരഞ്ഞെടുക്കുവാൻ മമ്മൂട്ടി എന്ന അഭിനേതാവ് എക്കാലവും ശ്രദ്ധ പുലർത്തിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ സിനിമകളും കഥാപാത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
മലയാള സിനിമയിൽ റിയലിസ്റ്റിക്ക് രീതിയിലുള്ള കാലമാണ് ഇതെന്ന വിലയിരുത്തൽ ഉണ്ട്. പ്രേക്ഷകപ്രീതി പിടിച്ചു പറ്റി വൻ വിജയങ്ങളായ പല സമകാലിക സിനിമകളും പ്രേക്ഷകരുടേയും നിരൂപകരുടേയും ഈ വിലയിരുത്തലിനെ അടിവരയിടുകയും ചെയ്യുന്നു. റിയലിസ്റ്റിക് രീതിയിലുള്ള അഭിനയം കാലത്തിന്റെ മാറ്റമാണോ എന്നും അതിനെ എങ്ങനെയാണ് കാണുന്നത് എന്നുമുള്ള ചോദ്യങ്ങളോട് കാലത്തിന്റെയും അഭിനത്തേക്കളുടേയും മാറ്റം അതിന് പിന്നിലുണ്ട് എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ വായനക്കാരോട് സംവദിക്കുമ്പോഴാണ് അദ്ദേഹം റിയലിസ്റ്റിക് അഭിനയ രീതികളെക്കുറിച്ച് മനസ്സ് തുറന്നത്. സ്വാഭാവിക പെരുമാറ്റം കഥാപാത്രത്തിന്റെ പെരുമാറ്റമായി പെരുമാറുന്നിടത്താണ് ഒരു അഭിനേതാവിന്റെ വിജയം.അഭിനയിക്കുമ്പോൾ നമ്മൾ നമ്മളായി പെരുമാറിയാൽ അത് കഥാപാത്രമായി മാറില്ല എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു
