മീശ മാധവൻ, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, നരൻ, രക്ഷാധികാരി ബൈജു തുടങ്ങിയ വമ്പൻ വിജയങ്ങൾ സൃഷ്ടിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്. ദിലീപ്, മോഹൻലാൽ, ബിജു മേനോൻ, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം രഞ്ജൻ പ്രമോദ് രചന നിർവഹിച്ച സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളായെത്തി. മലയാളത്തിൽ സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ രഞ്ജൻ പ്രമോദ് മമ്മൂട്ടിയുമായി ഒരുമിച്ച ഒരു സിനിമ ഇതുവരെ സംഭവിച്ചിട്ടില്ല. വൻ വിജയമായ നരൻ എന്ന സിനിമയിൽ മമ്മൂട്ടിയെയാണ് ആദ്യം നായക വേഷത്തിൽ പരിഗണിച്ചിരുന്നതെന്ന് രഞ്ജൻ പ്രമോദ് മമ്മൂട്ടി ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരങ്ങളുമായുള്ളതിലധികം ആത്മബന്ധം മമ്മൂട്ടിയുമായിട്ടുണ്ട് എന്ന് രഞ്ജൻ പ്രമോദ് പറയുന്നു. മമ്മൂട്ടി ടൈംസ് അവതരിപ്പിക്കുന്ന ‘മമ്മൂട്ടിയും ഞാനും’ എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേരം എന്ന സിനിമയുടെ തിരക്കഥാ രചനാവേളയിൽ ഒരു രംഗത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കാൻ മമ്മൂട്ടി സഹായിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ മുത്തങ്ങാ സംഭവം പുറം ലോകം അറിയാൻ കാരണം മമ്മൂട്ടി ആണെന്ന് രഞ്ജൻ പ്രമോദ് പറയുന്നു. മുത്തങ്ങാ സംഭവം നടക്കുന്ന സമയത്ത് അവിടെ നിന്നും ഈ വിവരം ഒരാൾ വിളിച്ചു പറഞ്ഞു. എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന ചോദിച്ചപ്പോൾ കൈരളി ചെയർമാൻ കൂടിയായ മമ്മൂട്ടിയെ വിളിക്കാനാണ് തനിക്ക് പെട്ടെന്ന് തോന്നിയത്. അദ്ദേഹത്തെ വിളിച്ചപ്പോൾ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് കൈരളി ടി.വിയാണ് ആ സംഭവങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തതെന്നും ഇത് മമ്മൂട്ടിയുടെ ഇടപെടൽ കൊണ്ടാണെന്ന് താൻ വിശ്വസിക്കുന്നതായും രഞ്ജൻ പ്രമോദ് പറഞ്ഞു. മമ്മൂട്ടി എന്ന വ്യക്തിയുടെ കരുതലിനേയും സ്നേഹത്തേയും കുറിച്ചൊക്കെ ഈ അഭിമുഖത്തിൽ രഞ്ജൻ പ്രമോദ് മനസ്സ് തുറക്കുന്നുണ്ട്.